Monday, April 6, 2020

പഞ്ചായത്ത് ഡയറി-ബേഡഡുക്ക

പദ്ധതിച്ചെലവിലും നികുതി പിരിവിലും തൊഴിലുറപ്പിലും മികവുകൾ സൃഷ്ടിച്ച് ബേഡകത്തുകാർ.

ഈ കൊറോണ കാലത്തും സവിശേഷമായ വ്യത്യസ്ത നേട്ടങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു എന്നതിൽ നമുക്ക് അഭിമാനിക്കാം.ലക്ഷ്യമിട്ട നേട്ടങ്ങൾക്കരികെ എത്തുന്നതിന് മുമ്പേ സമാനതകളില്ലാത്ത പ്രതിസന്ധി വന്നില്ലായിരുന്നെങ്കിൽ സമ്പൂർണ നേട്ടത്തിൽ നാം എത്തിയേനെ. പദ്ധതിയിൽ 91.09% ചെലവഴിക്കാൻ സാധിച്ചു എന്നത് ചെറിയ നേട്ടമല്ല..! ഉദ്ദേശം 8 റൺ അകലെ വെച്ച് സെഞ്ച്വറി നഷ്ട്ടമായെങ്കിലും മികച്ച ഇന്നിങ്ങ്സായിരുന്നു ഇത്തവണത്തേത്..!

ജില്ലയിലെ പ്രത്യേക അവസ്ഥയിൽ ഓഫീസുകളാകെ അടഞ്ഞു കിടന്നതും അവസാനവട്ട പ്രവൃത്തികൾ നടത്താനാവാത്തതും പദ്ധതി ചെലവുകളെ ബാധിച്ചു.നടന്ന വർക്കുകൾ തന്നെ ബിൽ തയ്യാറാക്കാനും ചെക്ക് മെഷർ ചെയ്യാനുമൊന്നും സാധിക്കാത്ത നില വന്നു.

ഈ വാർഷിക പദ്ധതിയുടെ ആദ്യ പാദത്തിൽ പഞ്ചായത്തിന് സെക്രട്ടറി ഇല്ലാതിരുന്നത് ഒരു തടസ്സമായിരുന്നു. നാലാം വാർഡ് ഉപതെരെഞ്ഞെടുപ്പ് ,നിയമ സഭാ ഉപതെരെഞ്ഞെടുപ്പുകൾ എന്നിവയും നിർവഹണത്തിന് തടസ്സങ്ങൾ സൃഷ്ടിച്ചു.അസിസ്റ്റൻഡ് സെക്രട്ടറി, കൃഷി ഓഫീസർ എന്നീ പ്രധാന നിർവഹണ ഉദ്യോഗസ്ഥർ ഇല്ലാത്ത പ്രയാസം അവസാന പാദത്തിലായിരുന്നു പരിഹൃതമായത്.

എന്നിട്ടും നാം ലക്ഷ്യത്തിനരികെ എത്തി. ജില്ലയിലെ മികച്ച പദ്ധതി ചെലവ് രേഖപ്പെടുത്തിയ ആദ്യ പത്തിൽ നാം എട്ടാം കൂറ്റുകാരായി..!മേൽ കൊടുത്ത വൈതരണികൾ ഇല്ലാതിരുന്നാൽ നാം ഏറ്റവും മുന്നിലെത്തുമായിരുന്നു.

ഇത്തരമൊരു പ്രകടനത്തിന് നമ്മെ പ്രാപ്തരാക്കിയത് വിരമിച്ച പ്രിയ സെക്രട്ടറി റോബിൻ സേവ്യറും പ്ലാൻ ക്ലാർക്ക് അനൂപും നടത്തിയ ഇടപെടലുകൾ കൊണ്ട് കൂടിയുമാണ്.കൂടാതെ സമയ ബന്ധിതമായി പ്രവൃത്തികൾ പൂർതിയാക്കിയ നിർവഹണോദ്യോഗസ്ഥരും അഭിനന്ദനം അർഹിക്കുന്നുണ്ട്.

നികുതി പിരിവിൽ 100% നേട്ടം മാർച് 9 ന് നാം കൈവരിച്ചു.മാർച്ച് 1 മുതൽ 10 വരെ ജീവനക്കാരും ഭരണസമിതിയും ചേർന്ന് പ്രഖ്യാപിച്ച മിഷൻ 10 ഡേയ്സ് ഒരു ദിനം മുമ്പെ നമ്മെ ലക്ഷ്യത്തിലെത്തിച്ചു.കഴിഞ്ഞ 2 വർഷങ്ങളുടെ 100 % നേട്ടം ഈ വർഷവും ആവർത്തിച്ച് ഹാട്രിക്ക് നേടാൻ അത് വഴി നമുക്ക് കഴിഞ്ഞു.ജില്ലയിലെ ചുരുക്കം ചില പഞ്ചായത്തുകളുടെ കൂട്ടത്തിൽ ബേഡകത്തിനും ഒരിടം കിട്ടി എന്നത് ശ്രദ്ധേയമാണെന്ന് നിശ്ചയം.

85 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മലയോര പഞ്ചായത്തെന്ന നിലയിൽ ഇത്തരമൊരു ലക്ഷ്യത്തിലേക്ക് എത്തിയതിൽ ഏറെ പ്രാധാന്യവുമുണ്ട്. ഇക്കാര്യം പെർഫോർമൻസ് ഓഡിറ്റ് വിഭാഗം പ്രത്യേകം എടുത്തു കാട്ടിയിട്ടുമുണ്ട്. എസ്.എസുമാരായ വിനോദ് കുമാർ, രാജീവ് കുമാർ എന്നിവർ ഇക്കാര്യത്തിൽ വേണ്ട സഹായ നിർദ്ദേശങ്ങൾ നൽകി കൂടെ ഉണ്ടായിരുന്നു എന്നത് പ്രത്യേകം പറയേണ്ടതുണ്ട്.

സമയം നോക്കാതെ ഓടി നടന്ന് കൊറോണക്കാലം വരുന്നതിന് മുമ്പായി ലക്ഷ്യം കൈവരിക്കാൻ പ്രയത്നിച്ച എല്ലാ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും അഭിനന്ദിക്കുന്നു.

തൊഴിലുറപ്പിലും ലഷ്യമിട്ടിടത്ത് എത്താതിരിക്കാൻ മാർച്ച് മാസത്തിലുണ്ടായ തടസ്സങ്ങൾ കാരണമായിട്ടുണ്ട്.എങ്കിലും ഏറ്റവും കൂടുതൽ തൊഴിൽ ദിനം സൃഷ്ടിച്ച പഞ്ചായത്തുകളിൽ നാലാം സ്ഥാനത്തെത്താനും ബേഡകത്തിനായി.6 കോടിയിലധികം ചെലവും 1,74,668 തൊഴിൽ ദിനവും ഈ വർഷം ബേഡകത്തുകാർ സൃഷ്ടിച്ചു. ആസ്തി സൃഷ്ടിക്കൽ പ്രൊജക്ടുകളിലൂടെ ഒരു കോടിയിലേറെ തുക വിനിയോഗിക്കാൻ സാധിച്ചു. കാറഡുക്ക ബ്ലോക്കിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനം, പണം ചെലവഴിക്കൽ, ഏറ്റവും കൂടുതൽ 100 തൊഴിൽ ദിനം (611) ഏറ്റവും കൂടുതൽ ST 100 തൊഴിൽ ദിനം (128) ഏറ്റവും കൂടുതൽ 200 തൊഴിൽ ദിനം (8) എന്നിവയൊക്കെ ഈ രംഗത്തെ സവിശേഷ നേട്ടങ്ങളാണ്. പഞ്ചായത്തിന്റെ പ്ലാനും MGNREGS ഉം ചേർന്ന് സംയുക്ത പ്രൊജക്ടായി 99 പേർക്ക് വ്യക്തിഗത പദ്ധതിയായി മുട്ടക്കോഴിക്കുള്ള കൂട് ഈ വർഷത്തെ സവിശേഷമായ ഒരു സംരംഭമാണ്.ഇതിനു വേണ്ടി മാത്രം ഉദ്ദേശം 25 ലക്ഷം രൂപയെങ്കിലും വിനിയോഗിച്ചു. പക്ഷേ ഈ തുക അടുത്ത വർഷത്തെ ചെലവിലേക്ക് മാത്രമേ കണക്കിൽ പെടു.. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 ൽ അധികം കോൺഗ്രീറ്റ് റോഡുകൾ ഈ വർഷമാണ് നിർമിച്ചത്. ഇത്തരം ചെറുതും വലുതുമായ ആസ്തി നിർമാണ പ്രവൃത്തികൾ കൂടി നടപ്പിലാക്കി 7 കോടി ലക്ഷ്യത്തിലെക്ക് എത്താമായിരുന്ന വിജയ യാത്ര കൊറോണയിൽ തട്ടി തടസ്സപ്പെടുകയാണുണ്ടായത്.

എങ്കിലും മാറ്റൊട്ടും കുറയുന്നില്ല ഈ നേട്ടത്തിൽ. മറ്റുള്ളവർക്ക് വേണ്ടി കയ്യടിക്കുന്നവർ ഇത്തരം വലിയ പ്രകടനങ്ങളെയും ഒരു വേള കണ്ടിട്ട് പോകുക. കുറവുകളെ ചൂണ്ടി കാട്ടി കൊച്ചാക്കുന്ന വലിയ മനസുകൾ മികവുകളെ കണ്ട് മനസുകൊണ്ടെങ്കിലും ഒരു നല്ല വാക്ക് പറയുക. ഒരു പാട് പേരുടെ വിയർപും കിതപ്പും കൂടിയതാണ് ഏതൊരു നേട്ടവും. എത്രയോ ദിനരാത്രങ്ങളുടെ പ്ലാനിങ്ങും അത്രയും കാലത്തെ കണിശമായ നടത്തിപ്പും ചേരുമ്പൊഴാണ് മികവുകൾ ഉണ്ടാകുന്നത്. ഒരു ടീം ബേഡകം ഉണ്ട്. അതിൽ ഭരണ സമിതി മുന്നിലും ജീവനക്കാരും ആസൂത്രണ സഹായികളും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ള പിന്തുണയും തൊഴിലുറപ്പ് തൊഴിലിലെ സ്ത്രീ പങ്കാളിത്തവും ഒക്കെയാണ് വിജയത്തിന്റെ നിർമാതാക്കൾ..! നമ്മൾ നമ്മുടെ പരിമിതികളെ ഉല്ലംഘിച്ച് കരുത്തും ശക്തിയും കാട്ടുന്നു. ഇനിയും മുന്നോട്ട്.

ഈ കൊറോണക്കാലത്തും ഇത്രയും വിജയകഥകൾ ഉണ്ട് ബേഡകത്തിന് സ്വന്തമായി. അതൊക്കെ നിങ്ങളറിയുക എന്നത് മാത്രമാണ് ഈ  കുറിപ്പിന്റെ ഉദ്ദേശം. നമ്മൾ അതിജീവിക്കും. സാമൂഹ്യ ഒരുമയാണ് കേരളത്തിന്റെ പെരുമ.

സ്നേഹാശംസകളോടെ

പ്രസിഡണ്ട്
ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്..

No comments:

Post a Comment