Thursday, April 30, 2020

കോവിഡ് കാലത്ത് നൂറ് മേനി കൊയ്ത് കള്ളാറും മൊഗ്രാൽ പുത്തൂരും

പ്രതിസന്ധികൾ അതിജീവിച്ച് നൂറുമേനിയുടെ ഹാട്രിക് നേടിയ കള്ളാറിൻ്റെയും മൊഗ്രാൽ പുത്തൂരിൻ്റെയും  ഭടന്മാർക്ക് അഭിനന്ദനങ്ങൾ.

കോവിഡ് 19 വൈറസിനെതിരെയുള്ള പ്രതിരോധം വേറിട്ട രീതിയിൽ നടപ്പാക്കിയ ഗ്രാമപഞ്ചായത്താണു കള്ളാർ.ഇറ്റലിയിൽ നിന്നു വന്ന പ്രവാസികളുടെ വിഷയവും അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളും കൈകാര്യം ചെയ്ത രീതി മികച്ചതായിരുന്നു.

പ്രതിരോധത്തിൻ്റെയും  അതിജീവനത്തിൻ്റെയും പ്രവർത്തനങ്ങൾ മാതൃകാപരമായി മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിൽ തന്നെ നികുതി പിരിവിൽ 100% നേട്ടവും ഇപ്പോൾ കൈവരിച്ചിരിക്കുകയാണ്.തുടർച്ചയായി മൂന്നാം  വർഷവും നേട്ടം കൈവരിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച നിങ്ങളെല്ലാവരും വാക്കുകൾക്കതീതമായ അഭിനന്ദനം അർഹിക്കുന്നു.

കോവിഡിനൊപ്പം ഡെങ്കിപ്പനിയോടു കൂടി പൊരുതിയാണ് ഗ്രാമ പഞ്ചായത്തിന്റെ നൂറു ശതമാനം നികുതിപിരിവ് എന്നത് നേട്ടത്തെ പത്തരമാറ്റ് തിളക്കമുള്ളതാക്കുന്നു.ഈ തിളക്കം ഭരണ സമിതിയുടെയും ജീവനക്കാരുടെയും ഐക്യത്തിൻ്റെയും കൂട്ടായ്മയുടെയും കൂടി പൊൻതിളക്കമാണ്.

14 വാർഡുകളിലായി 31 ലക്ഷം രൂപയാണ് കെട്ടിട നികുതി ഡിമാൻ്റായി ഉണ്ടായിരുന്നത്.മലയോര കർഷക ഗ്രാമമായ കള്ളാർ മുൻ വർഷങ്ങളിലും നൂറു ശതമാനം നേട്ടം കൈവരിച്ചതാണ്.

നൂറു ശതമാനം നികുതി പിരിച്ചതിന് ക്ലാർക്കുമാരായ മധുസൂദനൻ,ജോജിഷ്,ബേബി,സീനിയർ ക്ലാർക്ക് സിനി.കെ.എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു.നേട്ടങ്ങൾക്കെല്ലാം വിജയകരമായി നേതൃത്വം നൽകുന്ന സെക്രട്ടറി ശ്രീ.ജോസഫ്.എം.ചാക്കോയുടെ നേതൃ പാടവം പ്രശംസനീയമാണ്.പഞ്ചായത്ത് പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട് ,അംഗങ്ങൾ ഇവരുടെ പിന്തുണയും  നിസ്സീമമാണ്. കളക്ഷൻ ചുമതല നൽകപെട്ട ഒ.എ .ഷാജിമാത്യു,അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രൻ.കെ,ഹെഡ് ക്ലാർക്ക് സുദേവൻ,അക്കൗണ്ടന്റ് രഞ്ജീഷ് പി.കെ,സീനിയർ ക്ലാർക്കുമാരായ വിനോദൻ പി.വി,ലിസ്സി ഡൊമിനിക്,ഡ്രൈവർ സുകുമാരൻ ടി.കെ.ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരും അഭിനന്ദനമർഹിക്കുന്നു.

ട്രിപ്പിൾ ലോക്ക് ഡൌൺ പ്രതിസന്ധി നേരിട്ടാണ് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ലക്ഷ്യം കൈവരിച്ചത്.കേരള സംസ്ഥാനം തന്നെ ഭയശങ്കകളോടെ നോക്കിക്കണ്ട ഒരു പഞ്ചായത്താണ്.കുറേ അധികം പേർ ഹോം ഐസൊലേഷനിൽ കഴിയേണ്ടിവരികയും 14 പേർ രോഗ ഗ്രസ്ഥരാകുകയും ചെയ്തു.ഇപ്പോഴും റെഡ് സോണിൽ കഴിയുന്ന പഞ്ചായത്ത് ഇന്നത്തേയ്ക്ക് രോഗമുക്ത പഞ്ചായത്തായിരിക്കുകയാണ്.മുനിസിപ്പാലിറ്റിയോട് ചേർന്നു കിടക്കുന്ന പഞ്ചായത്ത് വളരയേറെ സംഘർഷഭരിതമായ ദിനങ്ങളിലൂടെയാണ് കടന്നു പോയത്.ഈ കാലഘട്ടത്തിലാണ് കുടിശ്ശികയായി നിലനിന്നിരുന്ന 19830 രൂപ യും കൂടി പരിച്ചെടുത്ത്  100 തികച്ചു.ഇത് തുടർച്ചയായ മൂന്നാം വർഷമാണ് മൊഗ്രാൽ പുത്തൂർ ഈ നേട്ടം കൈവരിക്കുന്നത്.ഇത്തവണത്തെ നേട്ടം കൂടുതൽ തിളക്കമേറിയതാക്കുന്നത് ഒരു ക്ലാർക്കിൻ്റെ അഭാവത്തിലാണ് എന്നുള്ളതാണ്.

ക്ലാർക്ക് ശ്രീ ടോം സീസർ,ശ്രീമതി ഷീബ,ഓഫീസ് അസിസ്റ്റൻ്റ് സാബിർ,സീനിയർ ക്ലാർക്ക് ഷൈനി,ഡാറ്റാ എൻ്ട്രി ഓപറേറ്റർ സവിത എന്നിവരോടോപ്പം നേതൃനിരയിലുണ്ടായ ഹെഡ് ക്ലാർക്ക്,അസിസ്റ്റൻ്റ് സെക്രട്ടറി, സെക്രട്ടറി എന്നിവർ അഭിനന്ദനമർഹിക്കുന്നു.

ഈ രണ്ടു പഞ്ചായത്തും  നിശ്ചിത തീയ്യതിക്കു മുമ്പേ തന്നെ നൂറു ശതമാനത്തിലേക്കു കുതിക്കുമ്പോഴാണ്‌ വൈറസും ലോക്ക് ഡൗണും വില്ലനായത്.എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് നിങ്ങളിപ്പോൾ ഹാട്രിക്കിന്റെ വിജയതിലകമണിഞ്ഞിരിക്കുകയാണ്.

ഓരോ ഘട്ടത്തിലും ക്ലാർക്കുമാർ മുതൽ ഓരോ വിഭാഗത്തിനായി ജില്ലാതലത്തിൽ നടത്തിയ പ്രത്യേക യോഗങ്ങളും പെർഫോർമൻസ് ടീമിൻ്റെ ഇടപെടലുകളുമെല്ലാം ഈ നേട്ടത്തിനു ഊർജ്ജമായിട്ടുണ്ടെന്നു കരുതുന്നു.

എന്തൊക്കെയായാലും പ്രതിരോധങ്ങളുടെ തീച്ചൂളയിൽ നിങ്ങൾ നേടിയ വിജയം കാലത്തിനതീതമായി ഈ ഗ്രാമ ചരിത്രത്തിൽ നിങ്ങൾ ചാർത്തുന്ന ഒരിക്കലും മായാത്ത കയ്യൊപ്പായി ബാക്കി നിൽക്കുമെന്നത് തീർച്ച.
ഈ അഭിമാന മുഹൂർത്തത്തിൽ എല്ലാവർക്കും ഹൃദയംഗമമായ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.

ജാഗ്രതയും കരുതലും തുടരുക സ്നേഹത്തിൻ്റെ പൂച്ചെണ്ടുകളുമായ്.

നിങ്ങളുടെ സ്വന്തം

കെ.കെ.റെജികുമാർ.

No comments:

Post a Comment