Wednesday, April 15, 2020

കൈത്താങ്ങ്

പഞ്ചായത്ത് ഓഫീസിൻ്റെ പുട്ടിയിട്ട കൂറ്റൻ ഇരുമ്പ് ഗേറ്റ് ചാടിക്കടക്കാൻ
ശ്രമിക്കുന്ന വൃദ്ധനെ കണ്ടാണ് സെക്രട്ടറി  അവിടേക്ക് ഓടിയെത്തിയത്.

സെക്രട്ടറിയെറിയെ കണ്ട് വൃദ്ധൻ വെപ്രാളപെട്ടു.

മുഷിഞ്ഞ ലുങ്കി ഗേറ്റിൻ്റെ മുകൾഭാഗത്തെ കൂർത്ത കമ്പിയിൽ കുരുങ്ങി.

 "നിങ്ങളിത് എങ്ങോട്ടാണ് കേറണത് ,ഗേറ്റ് പൂട്ടിയിട്ടത്  കാണുന്നില്ലെ?''

. "പഞ്ചായത്തില് പോണം ''.

- അകത്തേക്കോ പുറത്തേക്കോ ചാടേണ്ടത് എന്നറിയാതെ വൃദ്ധൻ മുകളിരുന്ന് വിറച്ചു.

''എന്തിന് " .സെക്രട്ടറി വൃദ്ധന് കൈത്താങ്ങ് നൽകിക്കൊണ്ട് ചോദിച്ചു.

    വൃദ്ധൻ മറുപടി പറഞ്ഞില്ല.പുറത്തെ ബഹളം കേട്ട് ഓഫീസിന് അകത്തുണ്ടായിരുന്ന ജീവനക്കാർ ഗേറ്റിന് സമീപം കൂടി. ഒരു വിധം അയാളെ താഴെയിറക്കി ഓഫീസിന് അകത്തേക്ക് കൊണ്ട് പോയി.

 ഉച്ചവെയിലിൻ്റ കാഠിന്യത്തിലൊ വാർദ്ധക്യത്തിൻ്റെ അസ്വസ്ഥതയിലൊ അയാൾ നിന്നു കിതച്ചു മുഷിഞ്ഞ വസ്ത്രങ്ങൾ വിയർപ്പിൽ നനഞ്ഞു.

 ''എന്തിനാണ് ഗേറ്റ് ചാടിക്കടക്കാൻ നോക്കിയത് ? ". സെക്രട്ടറിയുടെ ചോദ്യത്തിന് ചുറ്റും നോക്കിയതല്ലാതെ വൃദ്ധൻ ഒന്നും പറഞ്ഞില്ല

 " ഇപ്പോൾ ആൾക്കൂട്ടത്തിലൊന്നു പോകരുതെന്ന് അറിയില്ലെ ?

'' വൃദ്ധൻ വീണ്ടും മൗനം ''അധികം ആൾ കൂടുന്നത് ഒഴിവാക്കാനാണ് മുൻഭാഗത്ത് ഗേറ്റ് അടച്ച് സൈഡിലൂടെ ചെറിയ വഴിവെച്ചത്.  ഇപ്പോൾ കൊറോണ പകരുന്നതൊന്നും അറിഞ്ഞിട്ടില്ലെ?".

'' അറിയാം സാറെ, പഞ്ചായത്തീന്ന് ആയിരം ഉറുപ്യ കൊടുക്കുന്ന്ണ്ട്ന്ന് അറിഞ്ഞിട്ട് വന്നതാണ് "

സെക്രട്ടറിയുടെ അന്വേഷണങ്ങൾക്കൊടുവിൽ അയാൾ മൗനം വെടിഞ്ഞു.

മുഖത്തെ ദയനീയത മറനീക്കുന്നത് മറയ്ക്കാൻ മുള്ളുകൾ പോലെ നിവർന്ന നരച്ച തലമുടി തടവി തുടർന്നു

" രണ്ട് ദിവസമായി സാർ എന്തെങ്കിലും തിന്നിട്ട്, ഇപ്പൊ പുറത്തിറങ്ങാനും കയ്യിന്നില്ല. അപ്പൊളാന്ന് ആരോ പറഞ്ഞത് പഞ്ചായത്തില് പോയാ മതീന്ന് '

 "എവിടെയാണ് നിങ്ങളുടെ വീട് '' സെക്രട്ടറി സൗമ്യനായി അയാളെ നോക്കി.  അയാൾ റെയിൽവെ സ്റ്റേഷന് നേരെ കൈ ചൂണ്ടി.

സത്യത്തിൽ അയാൾക്ക് വീടില്ലായിരുന്നു. പാഴ് വസ്തുക്കൾ പെറുക്കി വിറ്റ് റെയിൽവെ സ്റ്റേഷനിൽ അന്തിയുറങ്ങുന്ന ഒരു അനാഥ ജൻമം.പഞ്ചായത്ത് ഓഫീസിൻ്റെ ബോർഡ് നൽകിയ ഊർജ്ജത്തിൻ്റെ ആത്മവിശ്വാസത്തിലാണ് അരുതാത്ത പ്രായത്തിലു ഇരുമ്പ് ഗേറ്റിൻ്റെ വൻമതിൽ കയറിയത്.

''ലോക്ക് ഡൗൺ കഴിയുന്നത് വരെ ഇങ്ങനെ ഇറങ്ങി നടക്കരുത്". സെക്രട്ടറി അയാളെ സ്നേഹത്തോടെ ശാസിച്ച് മറ്റ് ജീവനക്കാരുടെ മുഖത്തേക്ക് നോക്കി. അവരുടെ മുഖത്ത് അപ്പോൾ ഒരു മന്ദഹാസം തെളിഞ്ഞിരുന്നു.
അനന്തരം അവർ അയാളെയും കൊണ്ട് പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള കമ്യുണിറ്റി കിച്ചണിലേക്ക് നടന്നു.

" ഇപ്പോൾ ഇവിടെ നിന്ന് ഭക്ഷണം കഴിക്കു . ലോക് ഡൗൺ അവസാനിക്കുന്നത് വരെ താങ്കൾക്കുള്ള ഭക്ഷണം പഞ്ചായത്ത് ഏർപ്പാട് ചെയ്യും"

അയാൾ കൈ കൂപ്പി.ഒന്നു മുരിയാടാതെ ...

അതിൽ അയാൾക്ക് പറയാനുള്ളത് എല്ലാമുണ്ടായിരുന്നു.

[ഈ എഴുത്ത് കാസറഗോഡ് ജില്ലയിലെ ഒരു പഞ്ചായത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് 2 ലെ ജൂനിയർ സൂപ്രണ്ട് ശ്രീ ബിജു എഴുതി തയ്യാറാക്കിയതാണ്.]


1 comment: