Thursday, April 23, 2020

പഞ്ചായത്ത് ഡയറി - കോടോം ബേളൂർ

സി കുഞ്ഞിക്കണ്ണൻ
"കോവിഡ്  -19 നിയന്ത്രണ പ്രവർത്തികൾ -ശ്രീ  സി കുഞ്ഞിക്കണ്ണൻ , പ്രസിഡണ്ട് കോ'ടോം ബേളൂർ ഗ്രാമ പഞ്ചായത്ത്."


കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ കൊറോണ വ്യാപനം നിയന്ത്രണത്തിനായി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗത്തിൻ്റെയും, ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവർത്തകരുടെയും യോഗം 11.03.2020 നു ചേർന്നു. 13.03.2020, 14.03.2020 തീയ്യതികളിലായി കോവിഡ് -19 സംബന്ധിച്ച് ബോധവൽക്കരണത്തിനായി പഞ്ചായത്തു പ്രദേശം ആകെ മൈക്ക് പ്രചരണം നടത്തി. വാർഡുതല ആരോഗ്യ ജാഗ്രതാസമിതി 19 വാർഡുകളിലും പുന: സംഘടിപ്പിച്ചു. അവരുടെ നേതൃത്വത്തിൽ വിദേശയാത്ര കഴിഞ്ഞു വന്നയാൾക്കാരുടെ വിവരം ശേഖരിച്ചു. 18.03.2020 ന് എല്ലാ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും ആരോഗ്യ പ്രവർത്തകർ മുഖേന കോവിഡ് - 19 സംബന്ധിച്ച് ബോധവല്ക്കരണം നടത്തി

22-ാം തീയ്യതി മുതൽ അഞ്ചു ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, ആരോഗ്യ വിദ്യാഭ്യാസ ചെയർമാനും, പഞ്ചായത്ത് സെക്രട്ടറിയും നേതൃത്വനൽകി പൊതു സ്ഥലങ്ങളും ബസ് വെയിറ്റിംഗ് ഷെഡ്ഡുകളും ക്ലോറിനേഷൻ നടത്തി.



കച്ചവട സ്ഥാപനങ്ങളിൽ പലവ്യഞ്ജനങ്ങൾ വാങ്ങാൻ നിൽക്കുന്നവർക്ക് സുരക്ഷിതമായ അകലത്തിൽ നില്കക്കുന്നതിന് ഉപദേശം നല്കുകയും സന്നദ്ധ പ്രവർത്തകർ മുഖേന മാസ്ക്ക് വിതരണവും ചെയ്യുകയുണ്ടായി. എല്ലാ സ്ഥാപനങ്ങളിലും ബക്കറ്റിൽ വെള്ളവും ഉണ്ടെന്ന് ഉറപ്പു വരുത്തി ഹെൽത്ത് ടീമിനും പോലീസ് ടീമിനും പുറമേ പ്രസിഡണ്ടും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും, സെക്രട്ടറിയും യൂത്ത് കോ-ഓർഡിനേറ്ററുമടങ്ങുന്ന ടീം സർവൈലൻസിൽ കഴിയുന്നവരെ സന്ദർശിച്ച് അവർക്ക്  മാനസീക പിന്തുണ നല്കി

പഞ്ചായത്തിലെ കോളനികളും ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളും നേരിട്ടു പരിശോധിച്ചു, ഭക്ഷണ ദൌർലഭ്യം നേരിടുന്നവരുടെ ലിസ്റ്റ് ജാഗ്രതാസമിതി മുഖേന തയ്യാറാക്കി. സന്നദ്ധ പ്രവർത്തനം വഴിയും പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചും ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു.

28.03.2020 ന് പഞ്ചായത്താഫീസിനു സമീപം തൃപ്തി കുടുംബശ്രീ കഫേ സാമൂഹ്യ അടുക്കള ഉദ്ഘാടനം ചെയ്തു. കുടുംശ്രീ അയൽകൂട്ടങ്ങൾ, ജെ എൽ ജി, പൊതു പ്രവർത്തകർ, ക്ലബുകൾ, സ്വയം സഹായസംഘങ്ങൾ, ക്ഷേത്രഭരണ സമിതികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സാമൂഹ്യ അടുക്കളയിലേക്ക് നിർലോഭം വിഭവങ്ങൾ സൌജന്യമായി ലഭ്യമാക്കിയിരുന്നു.


ഭക്ഷണം ലഭ്യമില്ലാത്ത അഗതികൾക്കും, അതീവ ദരിദ്രർക്കും ഉച്ചഭക്ഷണം സന്നദ്ധ പ്രവർത്തകർ മുഖാന്തിരം വീട്ടിൽ എത്തിച്ചു വരുന്നുണ്ട്. 200 സന്നദ്ധ പ്രവർത്തകരെ രജിസ്റ്റർ ചെയ്യിച്ചു. അതിൽ 63 പേർക്ക് ബഹു. ജില്ലാകളക്ടറുടെ പാസ്സ് ലഭ്യമാക്കി. ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കുന്നതിനും, പാചകം ചെയ്ത ഭക്ഷണം എത്തിക്കുന്നതിനും, ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്യുന്നതിനും, കുടിവെള്ള വിതരണത്തിനും, സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭ്യമാക്കുന്നുണ്ട്.

ഏപ്രിൽ 14 വരെയുള്ള ആദ്യഘട്ട ലോക്ക്ഡൌൺ സമയത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം നല്കുന്നതിന് അവരവരുടെ കോൺട്രാക്ടർമാർക്ക് കർശന നിർദ്ദേശം നല്കിയിരുന്നു. ലോക്ക്ഡൌൺ പിരീഡ് ദീർഘിപ്പിച്ചപ്പോൾ സന്നദ്ധ സഹായത്തിലൂടെയും തൊഴിൽ വകുപ്പ് ലഭ്യമാക്കിയതും , ST കുടുംബങ്ങൾക്ക് സൌജന്യമായി കിട്ടിയ 95 കിറ്റുകളും , കൂടാതെ ഗ്രാമപഞ്ചായത്തുകളും ചെലവിലും അവർക്ക് ഭക്ഷണമോ/ഭക്ഷ്യധാന്യകിറ്റോ ലഭ്യമാക്കിയിട്ടുണ്ട്.

ലോക്ക്  ഡൌൺ പിരീഡിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വിശപ്പ് രഹിത ഗ്രാമപഞ്ചായത്തായി നിലനിറുത്തുന്നതിനു തീവശ്രമം നടത്തിയിട്ടുണ്ട്. വീടുകളിൽ ഐസോലേഷനിൽ കഴിയുന്നവർ പൊതുജനങ്ങളുമായി ഇടപഴകുന്നത് തടയുന്നതിനും കൊറോണാബാധ നിയന്ത്രിക്കുന്നതിനും, ആരോഗ്യ പ്രവർത്തകരെയും, പോലീസിനെയും ഏകോപിപ്പിച്ച് ഗ്രാമപഞ്ചായത്ത് വിജയകരമായി പ്രവർത്തിച്ചുവരുന്നുണ്ട്.

 എല്ലാ വിഭാഗം യുവജനങ്ങൾക്കും പ്രാതിനിധ്യമുള്ള. സുസജ്ജമായ ഒരു സന്നദ്ധസേന കോടോം ബേളൂർ ഗ്രാമപഞ്ചായത്തിന്റെ അഭിമാനമാണ്. ഈ സന്നദ്ധ സേനയും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരേ മനസ്സോടെയുള്ള പ്രവർത്തനം കൊറോണ വൈറസ് വ്യാപനം തടയുന്നതിന് മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.

ബഹു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി എ യു സൂപ്പർവൈസർ മറ്റുദ്യോഗസ്ഥ പ്രമുഖർ എന്നിവരുടെ നിർദ്ദേശങ്ങളും ഉപദേശവും കൊറോണ നിയന്ത്രണത്തിനും, അനുബന്ധ പ്രവർത്തനങ്ങൾക്കും ദിശാബോധം നല്കുകയുണ്ടായി.

സി കുഞ്ഞികണ്ണൻ
പ്രസിഡണ്ട്
കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്

No comments:

Post a Comment