Wednesday, April 22, 2020

പഞ്ചായത്ത് ഡയറി - ബളാൽ ഗ്രാമ പഞ്ചായത്ത്


“ശാരീരിക അകലം – സാമൂഹിക അടുപ്പം” -രാധാമണി.എം.പ്രസിഡണ്ട് ബളാൽ ഗ്രാമ പഞ്ചായത്ത് 


കോവിഡ് 19 – എന്ന മഹാമാരിയ്ക്കെതിരേ കേന്ദ്രസംസ്ഥാനസർക്കാരുകളും, ഗ്രാമപഞ്ചായത്തുകളും, ആരോഗ്യം, പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ വകുപ്പുകളും കൈക്കൊണ്ടുവരുന്ന പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയമാണ്. സാമൂഹിക അകലം പാലിക്കേണ്ടതിൻ്റെയും,  വ്യക്തിശുചിത്വം പാലിക്കേണ്ടതിൻ്റെയും പ്രാധാന്യത്തെപ്പറ്റി ജനങ്ങൾക്ക് നിരന്തര ബോധവത്കരങ്ങൾ ടി വകുപ്പുകളും ആരോഗ്യസന്നദ്ധപ്രവർത്തകരും നൽകി വരുന്നത് രോഗവ്യാപനത്തിൻ്റെ  തോത് കുറയ്ക്കുന്നതിന് വലിയൊരളവ് വരെ വരെ സഹായിച്ചിട്ടുണ്ട്. 

ബളാൽ ഗ്രാമപഞ്ചായത്തും ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് ജനങ്ങൾക്ക് സഹായകമായി പ്രവർത്തിച്ചു വരുന്നു. ബളാൽ ഗ്രാമപഞ്ചായത്തിൻ്റെയും ആരോഗ്യ പ്രവർത്തകരുടെയും സംയോജിച്ച പ്രവർത്തനങ്ങളുടെ ഫലമായി ജനങ്ങൾ ഈ രോഗത്തെക്കുറിച്ചും അതിൻ്റെ വ്യാപനത്തെക്കുറിച്ചും തികച്ചും ബോധവാന്മാരായി എന്നു തന്നെ കാണാൻ കഴിയും. 

വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും, കോവിഡ് രോഗമുള്ളവർ കൂടുതലുള്ള സ്ഥലങ്ങളിൽ നിന്നു വന്നവരെയും യഥാസമയം ആരോഗ്യ വകുപ്പിൻ്റെയും പഞ്ചായത്തിൻ്റെയും സമഗ്ര ഇടപെടലുകൾ മുഖേന ഹോം ക്വോറൻ്റയിനിലാക്കാൻ കഴിഞ്ഞു. 



ജനങ്ങൾ രോഗത്തിൻ്റെ ഭീകരത മനസ്സിലാക്കി നടപടികളോട് പൂർണ്ണമനസ്സോടെ സഹകരിക്കുകയും ചെയ്തു. എന്നിരുന്നാലും മനോരമ ന്യൂസ് ചാനലിൽ ബളാൽ ഗ്രാമപഞ്ചായത്തിലെ വെള്ളരിക്കുണ്ടിൽ കോവിഡ് രോഗം സ്ഥിരീകരിച്ചുവെന്ന വാർത്ത ജനങ്ങളിൽ പരിഭ്രാന്തി പരത്തി. പഞ്ചായത്തും ആരോഗ്യവിഭാഗം ജീവനക്കാരും ടി മാധ്യമവുമായി ബന്ധപ്പെട്ടെങ്കിലും തെറ്റുപറ്റിയെന്ന് പറഞ്ഞ് ഒഴിവാകുകയാണ് ചെയ്തത്.മാധ്യമപ്രവർത്തകരുടെ ഇത്തരം പ്രവൃത്തി ജനങ്ങൾ തള്ളിക്കളഞ്ഞെങ്കിലും ജനങ്ങളെ വിശദാംശങ്ങൾ ബോധ്യപ്പെടുത്താൻ പഞ്ചായത്തും, ആരോഗ്യപ്രവർത്തകരും എടുത്ത നടപടികൾ പ്രശംസയർഹിക്കുന്നതാണ്. 

കോവിഡ് 19 ന്റെ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക് ഡൌൺ പ്രഖ്യാപിക്കുകയും പൊതുജനങ്ങൾക്ക് ആഹാരത്തിന് ബുദ്ധിമുട്ടുണ്ടാകാതിരക്കാൻ മാലോം, വെള്ളരിക്കുണ്ട്, എടത്തോട് എന്നീ സ്ഥലങ്ങളിൽ കമ്മ്യൂണിറ്റി കിച്ചനുകൾ, ഭക്ഷണം വീടുകളിലെത്തിക്കുന്നതിന് വോളണ്ടിയർമാർ, പാചകത്തിനായി സന്നദ്ധ/കുടുംബശ്രീ പ്രവർത്തകർ എന്നിവയും സജ്ജമാക്കിയിരുന്നു.എന്നാൽ 190 അഗതി ആശ്രയപദ്ധതി ഗുണഭോക്താക്കൾക്കു വേണ്ടി കുടുംബശ്രീ വഴിയും, 750 പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് വേണ്ടിയും, റേഷൻകാർഡില്ലാത്ത 243 പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട നിർധനരായ കുടുംബങ്ങൾക്ക് പട്ടികവർഗ്ഗവികസന വകുപ്പ് വഴിയും ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ യഥാസമയം തന്നെ വിതരണം ചെയ്തതിലൂടെ കമ്മ്യൂണിറ്റി കിച്ചൻ വഴി പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ല എന്നത് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര ഇടപെടലിൻ്റെ ഉത്തമോദാഹരണമാണ്. 



പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും സൌജന്യമായി ലഭിച്ച അരിയിൽ നിന്നും, റേഷൻകടയിൽ നിന്നും മറ്റ് വകുപ്പുകളിൽ നിന്നും ഭക്ഷ്യധാന്യം ലഭിക്കാത്ത വയോജനങ്ങൾ, രോഗപീഢയാൽ ദുരിതമനുഭവിക്കുന്നവർ, പട്ടികവർഗ്ഗവിഭാഗക്കാർ തുടങ്ങി നിർധനരായ ആളുകൾക്ക് പഞ്ചായത്ത് നേരിട്ട് വിതരണം ചെയ്തു. 

പഞ്ചായത്തിലെ മങ്കയം എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന “ഗാന്ധി ഭവൻ” എന്ന ആശ്രയകേന്ദ്രത്തിലെ അന്തേവാസികളായ 22 പേർക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളില്ല എന്ന് അറിഞ്ഞതിനെതുടർന്ന് ആവശ്യമായ അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി, തേങ്ങ മുതലായവ എത്തിച്ചുകൊടുത്തു.

 ചുള്ളി എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന “ജീവൻജ്യോതി – ആകാശപ്പറവകൾ” എന്ന സ്ഥാപനത്തിലെ 60 അന്തേവാസികൾക്കും അരി, പലവ്യഞ്ജനം, പച്ചക്കറി മുതലായവയും ഗ്രാമപഞ്ചായത്തിൽ നിന്നും ലഭ്യമാക്കി. അതിഥി തൊഴിലാളികളായി 305 ആളുകളാണ് ഗ്രാമപഞ്ചായത്തിൽ ഉള്ളത്. അതിൽ 103 തൊഴിലാളികൾക്കായി വള്ളിക്കടവ് കസബ ഹയർസെക്കണ്ടറി സ്കൂൾ ക്യാമ്പായി സജ്ജീകരിച്ചു നൽകി. ടി സ്കൂൾ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ അണുനാശിനി ഉപയോഗിച്ച് സുരക്ഷിതമാക്കിയതിനു ശേഷമാണ് അതിഥിതൊഴിലാളികളെ ക്യാമ്പിലേക്ക് മാറ്റിയത്.


ഒറ്റപ്പെട്ടു താമസിക്കുന്ന 70 അതിഥി തൊഴിലാളികൾക്ക് ലേബർ വകുപ്പ് അനുവദിച്ച ഭക്ഷ്യധാന്യം അന്നേദിവസം തന്നെ വിതരണം ചെയ്തു.തമിഴ് നാട്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, ബീഹാർ, ഝാർഘണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി, ഗോവ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും നേപ്പാൾ എന്ന അയൽരാജ്യത്തു നിന്നും ഉള്ള തൊഴിലാളികൾ ഗ്രാമപഞ്ചായത്തിൽ പലസ്ഥലങ്ങളിലായി വാടകയ്ക്കും, കോൺട്രാക്ടർ ഏർപ്പെടുത്തിയ സൌകര്യത്തിലും കഴിയുന്നു. ഇത്തരം ക്യാമ്പുകളിലെല്ലാം ആരോഗ്യപ്രവർത്തകരും, പഞ്ചായത്തും സംയുക്തമായി പരിശോധനകൾ നടത്തുകയും മറ്റ് ശാരീരിക അസുഖമുള്ളവരെ കണ്ടെത്തുകയും അവർക്ക് മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു.

പഞ്ചായത്തിൽ വോളണ്ടീയർമാരായി പ്രവർത്തിക്കുന്ന ആളുകളുടെ പ്രവർത്തനം എല്ലാത്തരം ആളുകളുടെയും പ്രശംസ പിടിച്ചു പറ്റി. മരുന്ന്, ഭക്ഷ്യധാന്യങ്ങൾ എന്നിവ ആവശ്യമുള്ളവർക്ക് വീട്ടു പടിക്കൽ എത്തിക്കാൻ വോളണ്ടിയർമാർ എടുക്കുന്ന പ്രയത്നം പഞ്ചായത്തിന്റെ വിസ്തൃതി പരിശോധിച്ചാൽ ചെറുതായി കാണാൻ കഴിയില്ല. ഡയാലിസിസിനായി ആശുപത്രിയിൽ പോകേണ്ട രോഗികൾക്ക് വാഹനസൌകര്യം ഏർപ്പെടുത്തുന്നതിനും അല്ലെങ്കിൽ വോളണ്ടിയർ തന്നെ സഹായിയായോ കൂടെ പോകുന്നതിനും തയ്യാറായിരുന്നു. 

 ഇതിനിടയ്ക്ക് പഞ്ചായത്തിൻ്റെ   അതിർത്തി പ്രദേശങ്ങളിൽ കുരുങ്ങ് പനി സ്ഥരീകരിച്ചത് ആശങ്കയുണ്ടാക്കിയെങ്കിലും പ്രതിരോധ ബോധവൽകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് രോഗവ്യാപനം തടയുന്നതിനു് ഫലപ്രദമായിരുന്നു.

തുടർന്ന് പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ ഡെങ്കിപ്പനിയും പടർന്നു പിടിക്കുന്നു എന്നറിഞ്ഞപ്പോൾ തന്നെ വാർഡ്തല ശുചിത്വ സമിതിയും ആരോഗ്യപ്രവർത്തകരും കോവിഡ് പ്രോട്ടോകോൾ പാലിച്ചു തന്നെ ഉറവിട നശീകരണം, ഫോഗിംഗ് , വീടുകൾ തോറുമുള്ള ബോധവൽകരണം എന്നിവ നടത്തി ഡെങ്കിപ്പനിയും നിയന്ത്രണവിധേയമാക്കി.

വളരെ മാതൃകാപരമായ പല നടപടികളും പഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്നതിനിടയ്ക്കു തന്നെ പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചില്ലെന്നും അതിനുവേണ്ടി പഞ്ചായത്ത് വളരെയധികം രൂപ ചെലവഴിച്ചുവെന്നും കാണിച്ച് ബഹു. റവന്യുമന്ത്രിക്കു് പരാതി നൽകിയത് രാഷ്ട്രീയപ്രേരിതമാണെന്ന് മാത്രമേ കാണാൻ കഴിയുകയുള്ളു. 

ഗ്രാമപഞ്ചായത്തിൽ നിന്നും കളക്ടറേറ്റിലെ കോവിഡ് കൺട്രോൾ റൂമിലേക്ക് പാകം ചെയ്ത ആഹാരം ആവശ്യപ്പെടാത്തത് തന്നെ പഞ്ചായത്ത് ജനങ്ങൾക്ക് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ എടുത്ത നടപടികളുടെ വിജയമാണെന്ന് കാണാം. കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നത് സർക്കാർ പദ്ധതിയാണെങ്കിലും ഒരാൾ പോലും പട്ടിണിയിൽ കഴിയാതെ കരുതലോടെ പ്രവർത്തിക്കാൻ കഴിഞ്ഞത് പഞ്ചായത്തിൻ്റെ പ്രവർത്തനമികവ് കൊണ്ടുതന്നെയാണെന്ന് വിലയിരുത്താൻ കഴിയും.

പണ്ട് മുതൽ നമ്മൾ കേട്ടു വരുന്ന വാചകം പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിലൂടെ അന്വർത്ഥമാകുകയാണ്.

No comments:

Post a Comment