Tuesday, May 12, 2020

ഈ മുട്ടക്കഥ വായിക്കാതെ പോകരുത്...!


പ്രിയരെ,

ഇത്തവണ മറ്റൊരു വിജയകഥയുമായി നിങ്ങൾക്ക് മുന്നിൽ എത്തുകയാണ് ബേഡകം.

സ്വാശ്രയ ഗ്രാമങ്ങളെ കുറിച്ച് ഗാന്ധിജിയും ഇ എം എസും മുതൽ നാം ഓരോരുത്തരും വരെ പലവട്ടം ചർച ചെയ്താണ് ഇവിടെ വരെ എത്തിയത്.
എന്നിട്ട്....?

എന്ത് പരിശ്രമങ്ങൾ...?

എന്ത് പ്രായോഗിക പദ്ധതികൾ...?

ഈ ദിശയിലാണ് ബേഡകത്തിന്റെ ചില പ്രായോഗിക പദ്ധതികൾ രൂപപ്പെട്ടത്..

തരിശ് രഹിത ഗ്രാമം
ബേഡകം റൈസ്
ബേഡകം ഫുഡ്സ്
ബേഡകം കുടകൾ.
ബേഡകം തെങ്ങുകൾ
ബേഡകം പച്ചക്കറികൾ
ഇപ്പോഴിതാ ബേഡകത്തിന്റെ ചിപ്സ്
ബേഡകത്തി മുട്ടൻ്റെ മുട്ടകൾ..

ഇന്നത്തെ കഥ മുട്ടകളെ കുറിച്ചുള്ളതാണ്.
ഹരിത കേരള അവാർഡ് പ്രസൻ്റേഷൻ ജൂറിക്ക് മുന്നിൽ കടന്ന് ചെല്ലുമ്പോൾ ഒരു വലിയ കാലൻ കുട കൈയിൽ കൂടെ കരുതിയിരുന്നു.
ഹരിത ബേഡകത്തെ കുറിച്ച് പറഞ്ഞ് ആ വലിയ കുട നിവർത്തി കാണിച്ച് ഞാൻ പറഞ്ഞു..
ഇത് ബേഡകം കുടയാണ്.
ചേരിപാടി നീർത്തട പദ്ധതിയിൽ ഉപജീവന പദ്ധതിയായി നബാർഡും നീർതട കമ്മിറ്റിയും ഉണ്ടാക്കിയ കുടകളിൽ ഒരെണ്ണം..
മഴ നനയാതിരിക്കാൻ നമുക്ക് കുട വേണം

പരസ്യത്തിൻ്റെ തേരിൽ വരുന്ന പോപ്പിയും ജോൺസും നൽകുന്ന ഗുണനിലവാരവും തണലും ഈ കുടയും നൽകും.
വില കുറവും കുടവട്ടം കൂടുതലും.. !
എന്ത് കൊണ്ട് നമുക്ക് വേണ്ട കുടകൾ കുടിൽ വ്യവസായത്തിന്റെ മട്ടിൽ നമുക്ക് പറ്റില്ല...?
ആശയമല്ല, നിർവഹണമാണ് പ്രധാനം.
അവർ കുടയുണ്ടാക്കി.
ജയപുരത്തെ അയൽകൂട്ടം സഹോദരിമാർ അതിനും മുന്നേ കുടകൾ മാർക്കറ്റിലിറക്കി.
എല്ലാം വിറ്റഴിച്ചു..
മാനത്ത് കാറും കാറ്റും കോളും പൊങ്ങുന്ന ഈ സമയത്ത് അവർ
വീണ്ടും കുടകളുണ്ടാക്കുകയാണ്..

ബേഡകം അരി ഈ ക്ഷാമ കാലത്തും പഞ്ചായത്ത് ഓഫീസിൽ വിൽപന നടന്നു കൊണ്ടിരിക്കുന്നു...
കഷ്ടത്തിലായ കൃഷിക്കാരുടെ മത്തനും കുമ്പളവും ചേനയും വഹിച്ച് നാട്ടിൽ നിന്നും ഓർഡറുകൾ എടുത്ത് ബേഡകം വണ്ടി ട്രിപ്പുകൾ നടത്തുകയാണ്..
ബേഡകം ചിപ്സ് ചൂടപ്പം പോലെ വിറ്റഴിയുകയാണ്..
ഇപ്പോഴിതാ ബേഡകത്തിന്റെ മുട്ടയും.. !

തൊഴിലുറപ്പും വാർഷിക പദ്ധതിയും ബന്ധം വെച്ചുണ്ടായ കോഴിമുട്ടകൾ.
43500 രൂപ ചെലവഴിച്ച് തൊഴിലുറപ്പു പദ്ധതിയിൽ
98 കൂടുകൾ..
വെറും ഒരു കൂടല്ല
ഹൈടെക് കൂട്.


കോഴി മുട്ടയിട്ടാൽ പൊട്ടാതെ മുട്ടകൾ കിട്ടാനുള്ള നൂതന സംവിധാനം.
256 പേർക്ക് ജനകീയാസൂത്രണം വഴി 20 വീതം മുട്ടക്കോഴികൾ.

ഒരു സംയോജിത പദ്ധതി.
കൂട് ഒരുക്കാൻ ബാക്കി ഉള്ളവർക്ക് ഈ വർഷവും
നിർമാണം തുടരും.
വിജയ പദ്ധതി നിർത്തുന്നില്ല
ഈ വാർഷിക പദ്ധതിയിലും തുടരുന്നുണ്ട്.

ഇത്തവണ സുഭിക്ഷ കേരളമെന്ന തണൽ കൂടിയുണ്ട് നമുക്ക്.
തൊഴിലുറപ്പിൽ എടുത്ത കൂടിൻ്റെ പണം കിട്ടുന്നതിൽ വരുന്ന കാലതാമസം ഒരു വിഷയമാണ്. എങ്കിലും മികച്ച പിന്തുണ സംവിധാനങ്ങൾ ഒരുക്കി വിടാതെ കൂടെ കൂടി ഭരണ സമിതിയും ജീവനക്കാരും..
ഒരാൾക്ക് 20 കോഴികൾ..

ആദ്യ ഘട്ടത്തിൽ വളർച്ചാ ദോഷങ്ങൾ കൊണ്ടും വസന്ത, തൂക്കം പിടിക്കൽ തുടങ്ങിയ സഹജ രോഗങ്ങൾ കൊണ്ടും കൊറച്ച് കോഴികൾ ചത്തു പോയിട്ടുണ്ട്.

ഇടയ്ക്ക് വളർച്ചയുടെ ഒരു നല്ല ഘട്ടത്തിൽ കൊറോണ കൂടി വന്നപ്പോൾ തീറ്റയ്ക്കും പ്രശ്നങ്ങളായി..
Dr വിനീതയും സംഘവും മരുന്നും പ്രതിരോധവും പറഞ്ഞ് കൊടുത്ത് രക്ഷപ്പെട്ടുത്തിയ ആയിര ക്കണക്കിന് മുട്ടക്കോഴികൾ ഇന്ന് നിരവധി വീടുകൾക്ക് അലങ്കാരമാണ്.

ഇപ്പോൾ കോഴികൾ മുട്ടയിട്ട് തുടങ്ങിയ നല്ല വാർത്തകളും ചിത്രങ്ങളും കൊണ്ട് NREG ബേഡകം വാട്ട്സ്ആപ്പ് ഗ്രൂപ് നിറയുകയാണ്.

20 കോഴികൾ
ദിനേന ഒരു മുട്ട വെച്ച് 20 മുട്ടകൾ
വിൽപ്പന വില ഒരു മുട്ടയ്ക്ക് 6 രൂപ

കോഴി വളത്തിനാണ് വലിയ ഡിമാൻറ്.
ചാക്കിന് 200 രൂപ കിട്ടുന്നുണ്ട്..!  പ്രധാന വരുമാനം കോഴിവളവും കോഴിമുട്ടയും. തമ്മിൽ കൊത്തി ചാവുന്ന കോഴികൾ കുറവ്..
തമ്മിൽ ഇണങ്ങി സാഹചര്യം പ്രതികൂലമെന്ന് കണ്ട് ഇണങ്ങി കഴിയുന്ന ഈ കോഴികൾ ഈ പ്രതിസന്ധിയുടെ കാലത്ത് ചെറിയ വലിയ സന്ദേശം കൂടിയാണ്...!

ഈ വറുതിയുടെ കൊറോണക്കാലത്ത്
ബേഡകത്തെ സംരംഭകരായ വീട്ടമ്മ മാരിലൂടെ ഈ കഥ നാടാകെ പാറട്ടെ എന്ന് കരുതി തന്നെയാണ് ഈ Post.
ഇനിയും കൂടുതൽ പേരിലേക്ക് എത്തേണ്ട സന്ദേശം.
നമുക്ക് ബദലുകളെ കുറിച്ച് സംവാദങ്ങൾ തുടരാം.
പക്ഷേ സംവാദങ്ങൾക്കിടയിൽ ഇത്തരം ഗ്രാമീണ ബദലുകൾ സാധ്യമാണെന്നും നാടാകെ കാട്ടിക്കൊടുക്കാം.

Dr വിനീതയും ഗോപനും
രണ്ട് വകുപ്പിലെയും ജീവനക്കാർ ആകെയും ഭരണ സമിതി അംഗങ്ങളെയും എല്ലാത്തിലും ഉപരി സംരംഭകരായ എല്ലാ ബേഡകത്തെ പെണ്ണുങ്ങളെയും അഭിനന്ദിക്കുന്നു.

നമുക്ക് വേറിട്ട മാതൃകകളെ കുറിച്ച് പറഞ്ഞും
പറഞ്ഞതിൽ പലതും നടപ്പാക്കിയും കൊണ്ടേ മുന്നോട്ട് നീങ്ങാം.
നമ്മൾ അതിജീവിക്കും.
സുഖാന്വേഷണങ്ങളോടെ...................................


C Ramachandran
President
Bedadka Grama Panchayat

No comments:

Post a Comment