Tuesday, May 12, 2020

ദുരന്തനിവാരണ പദ്ധതികളുടെ അനിവാര്യത.


ദുരന്തമെന്ന വാക്ക് നമ്മോട് കൂടുതൽ അടുത്തു കൊണ്ടിരിക്കുകയാണ്.പത്രമാദ്ധ്യമങ്ങളിലൂടെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും നമ്മൾ കണ്ടുവരുന്ന ദുരന്ത വാർത്തകളും ചിത്രങ്ങളും എത്ര തന്നെ സത്യസന്ധമായാലും,നേർക്കാഴ്ചയുടെ പ്രതിഫലനങ്ങളായാലും ദുരന്തം നേരിൽ കാണുന്ന ഒരു വ്യക്തിയ്ക്  മാത്രമേ അതിൻ്റെ വ്യാപ്തിയ അളക്കാൻ കഴിയുകയുള്ളൂ.

ലാത്തൂർ,ഭുജ്,ഭോപാൽ,സുനാമിയും, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ദുരന്തങ്ങൾ നമുക്ക് ഒരു വാർത്ത മാത്രമാണ്.എന്നാൽ.ഇക്കഴിഞ്ഞ വർഷങ്ങൾ നമ്മുടെ കേരളത്തിൽ തന്നെ പലതരത്തിലുള്ള ദുരന്തങ്ങൾ മാറി മാറി വന്നു കൊണ്ടിരിക്കുകയാണ്.2018 ലെ പ്രളയം വെറും യാദൃശ്ചികമായി കരുതിയെങ്കിലും മഹത്തായ പാഠങ്ങളാണ് അത് നമുക്ക് തന്നിട്ടുള്ളത്.തൊട്ടടുത്ത വർഷം വീണ്ടും ഉത്തര കേരളത്തിൽ കൂടി പ്രളയം വന്നു.ഇതു കൂടാതെ പല പകർച്ച വ്യാധികളും.ഇന്നിപ്പോൾ നമ്മൾ കൊറോണ വൈറസ്സ് മൂലമുള്ള മറ്റൊരു ദുരന്തത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്.

ലോകം അപകട സാദ്ധ്യതകൾ കൊണ്ട് നിറഞ്ഞതാണ്.ഭൂകമ്പം,അഗ്നിപർവ്വതം,സുനാമി,കൊടുംകാറ്റ്,വരൾച്ച,വെള്ളപ്പൊക്കം എന്നീ പ്രാകൃതിക ദുരന്തങ്ങൾ കൂടാതെ മനുഷ്യൻ രൂപകൽപ്പന ചെയ്തിട്ടുള്ള എത്രയെത്ര അപകടങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്.വെടിക്കട്ട്,ടാങ്കർ ലോറി,വാഹന-ട്രെയിൻ അപകടങ്ങൾ,ആണവ ദുരന്തങ്ങൾ.ഇതു കൂടാതെ പകർച്ച വ്യാധികൾ,വന്യമൃഗങ്ങളിൽ നിന്നുള്ള ഭീഷണികൾ വേറെയും.അപകടങ്ങൾ നമുക്ക് ചുറ്റും പതിയിരിക്കുന്ന അത്യന്തം അപകടകരമായ സ്ഥിതി വിശേഷം നമുക്ക് ചുറ്റുമുണ്ടെന്ന ബോദ്ധ്യം എന്നും എപ്പോഴും ഉണ്ടാകണം.

അപകടങ്ങളെ അതിജീവിക്കുന്നതിന് നമുക്ക് ശേഷിയില്ലാതെ പോകുമ്പോഴാണ് അതൊരു ദുരന്തമായി മാറുന്നത്.
നമ്മുടെ രാജ്യത്തിൻ്റെ 57 ശതമാനം ഭൂമിയും ഭൂകമ്പ സാദ്ധ്യതാ പ്രദേശമാണെന്നതും 68 ശതമാനം വരൾച്ചാ സാദ്ധ്യതാ പ്രദേശമാണെന്നതും 12 ശതമാനം വെള്ളപ്പൊക്ക സാദ്ധ്യതയുള്ളതും 8 ശതമാനം ചുഴലിക്കാറ്റിന് സാദ്ധ്യതയുള്ളതുമായ പ്രദേശങ്ങളാണ്.നമ്മുടെ കേരളമാണെങ്കിൽ ജനസാന്ദ്രതയിൽ രാജ്യത്ത് ഉയർന്ന സ്ഥാനത്താണ്.തീരദേശത്തിൻ്റെ 55 ശതമാനം അപകട സാദ്ധ്യതയുള്ള പ്രദേശങ്ങളാണ്.കൂടാതെ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ള പ്രദേശങ്ങളും ഇവിടെയുണ്ട്.വാഹനാപകടങ്ങളിൽ നമ്മൾ ദേശീയ ശരാശരിയിൽ മുകളിലാണ്.

ഫലപ്രദമായ ഇടപെടലിലൂടെ നമുക്ക് മുന്നിലെത്തുന്ന ദുരന്തങ്ങളെ ഒരു പരിധിവരെ നമ്മൾ ചെറുത്ത് നിൽക്കുന്നുണ്ട്.എന്നാൽ അടിക്കടിയുണ്ടാകുന്ന പലതരത്തിലുള്ള ദുരന്തങ്ങൾ വിരൽ ചൂണ്ടുന്നത് കൂടുതൽ ജാഗ്രത യുടെ അനിവാര്യതയിലേയ്ക്കാണ്.

നമുക്ക് മുമ്പിൽ ഉയർന്നു വരുന്ന വെല്ലുവിളികൾ നമ്മൾ അവസരങ്ങളായി പ്രയോജനപ്പെടുത്തണം.പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട് വരാനിരിക്കുന്ന ദുരന്തങ്ങളെ ഫലപ്രദമായി ചെറുത്ത് നിൽക്കുന്നതിനുള്ള പദ്ധതികൾ നമുക്ക് രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്.

ദുരന്ത സാദ്ധ്യതകളെ മുന്നിൽ കണ്ട് വേണ്ട മുൻകരുതലുകൾ എടുക്കുക എന്നുള്ളതാണ് ആദ്യ പടി.ഒരു ദുരന്തത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ സവിശേഷ സാഹചര്യത്തേക്കാൾ മെച്ചപ്പെട്ട ഒന്ന് നമുക്ക് ഈ തയ്യാറെടുപ്പിനായി ലഭിക്കാനില്ല.ഇനിയുള്ള എല്ലാ പ്രവർത്തനങ്ങളും ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനുള്ള ഒരു മുൻകരുതൽ ആയിരിക്കണം.നമ്മുടെ പദ്ധതികളും ജീവിത സാഹചര്യങ്ങളും ഇതിനനുസരിച്ച് മാറണം.ബോധവൽക്കരണ പരിപാടികളും മുന്നൊരുക്കങ്ങളുമൊക്കെ ഈ വിഭാഗത്തിൽ വരും.

രണ്ടാമതായി നമുക്ക് വേണ്ടത് ഒരു ദുരന്തം വന്നാൽ എത്രയും വേഗം അതിനോട് പ്രതികരിക്കുന്നതിനുള്ള സംവിധാനം നമ്മുടെ പക്കൽ ഉണ്ടാകുക എന്നുള്ളതാണ്. ദുരന്ത മുഖത്ത് പകച്ചു നിൽക്കുന്ന സാഹചര്യം ആഘാതം പതിന്മടങ്ങ് വർദ്ധിക്കുന്നതിന് ഇടയാക്കുന്നു.ദുരന്ത സാദ്ധ്യതാ പ്രദേശത്തിൽ നിന്ന് ജനങ്ങളുടെ ഒഴിപ്പിക്കക അവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുക എന്നിവ വളരെ പ്രാധാന്യ മർഹിക്കുന്ന വിഷയങ്ങളാണ്.

മൂന്നാമതായി സംഭവിച്ച ദുരന്തത്തിൻറെ ആഘാതം പരമാവധി കുറച്ചു കൊണ്ട് പൊരുതി തിരിച്ച് വരിക എന്നുള്ളതാണ്.ചികിത്സാകേന്ദ്രങ്ങളും ജീവൻ രക്ഷാ ഉപകരണങ്ങളുടെ ലഭ്യതയും മറ്റുമാണ് ഈ വിഭാഗത്തിൽ വരിക.

സംസ്ഥാന സർക്കാർ ആരംഭിച്ച "നമ്മൾ നമുക്കായ്" എന്ന ജനകീയ ക്യാമ്പയിൻ വളരെ ശ്രദ്ധേയമായ ഒരു ചുവടു വയ്പ്പാണ്.ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും പ്രാദേശികമായി ദുരന്തങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള വ്യക്തമായ ഒരു പ്ലാൻ വേണമെന്നതാണ് ഈ ക്യാമ്പയിൻ്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ.ഈ ഒരു പ്രവർത്തനത്തിൻ്റെ ആവശ്യകതയും ഔചിത്വവും പല കോണുകളിൽ നിന്നും ചോദ്യം ചെയ്യപ്പെടുകയുണ്ടായി.ആ പ്രതികരണങ്ങൾക്കുള്ള ഒരു ശക്തമായ മറുപടിയാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന കോറോണ വൈറസ് എന്ന ലോക വ്യാപകമായ ദുരന്തം.

ഏതു വിധേനയും നാം ഈ ദുരന്തം അതിജീവിക്കുക തന്നെ ചെയ്യും.പക്ഷെ അത് ഒന്നിൻ്റെയും അവസാനമല്ല.നമുക്ക് ഭീഷണി ഉയർത്തിയേക്കാവുന്ന ദുരന്ത കാരകങ്ങളായ പല പ്രതിസന്ധികളും നമ്മുടെ മുന്നിൽ ഉണ്ട് എന്നത് ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്.

No comments:

Post a Comment