Saturday, May 23, 2020

ഈദ് മുബാറക്


ഒരു മാസത്തെ റംസാൻ - പുണ്യ വ്രതം കഴിഞ്ഞ് ശവ്വാൽ മാസത്തെ ഈദ് ദിനത്തിൽ ചെറിയ പെരുന്നാൾ എത്തുകയാണ്. അനുഗ്രഹത്തിൻ്റെ ആശംസകളാണ് ഈദ് മുബാറക് നൽകുന്നത്.

സ്നേഹത്തിൻ്റെയും അനുകമ്പയുടെയും സഹാനുഭൂതിയുടെയും സന്തോഷത്തിൻ്റെയും അഭിവൃദ്ധിയുടെയുമെല്ലാം സന്ദേശങ്ങൾ പങ്കുവെക്കുന്ന ഈ പുണ്യദിനത്തിൽ ഏവർക്കും സ്നേഹം നിറഞ്ഞ ഈദ് ആശംസകൾ ......

ഈസ്റ്റർ ,വിഷു പോലെ ഈ വർഷം പെരുന്നാളും കടന്നു പോകുന്നത് പുതിയൊരു ദശാസന്ധിയിലൂടെയാണ്. കോവിഡ് 19 മഹാമാരി ലോകത്ത് പ്രതിസന്ധികൾ തീർത്തു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ആഘോഷങ്ങൾ വീടുകളിലൊതുക്കി സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് മുന്നോട്ടു പോകാൻ നാം ബാദ്ധ്യസ്ഥരാണ്. ആഘോഷങ്ങളേക്കാളേറെ അവ നൽകുന്ന മഹദ് സന്ദേശങ്ങൾ ഏറ്റെടുക്കലാണ് ഇപ്പോൾ നമ്മുടെ ദൗത്യം. കാലഘട്ടം ആവശ്യപ്പെടുന്നതും അതാണ്. കാരുണ്യവും അനുകമ്പയും സഹജീവി സ്നേഹവും ഏറ്റവും മഹത്തരവും പ്രസക്തവുമാകുന്ന കാലമാണിത്. ഈ അതിജീവന-സഹജീവന ഘട്ടത്തിൽ ഈ സന്ദേശങ്ങൾ സമൂഹത്തിൽ പ്രാവർത്തികമാക്കാൻ കൂടുതൽ പ്രചോദനമേകട്ടെ .....

നമ്മുടെ ജില്ല രൂപം കൊണ്ട ദിനം കൂടിയാണിന്ന്.1984 മെയ് 24നാണു സംസ്ഥാനത്തെ പതിനാലാമത് ജില്ലയായി കാസർകോട് പിറവിയെടുക്കുന്നത്.ഏറെ ബാലാരിഷ്ടതകളും പ്രതിസന്ധികളും പിന്നോക്കാവസ്ഥകളും തരണം ചെയ്ത് ജില്ല വികസനത്തിൻ്റെ പുതിയ പാതയിലാണിന്ന്. അധികാര വികേന്ദ്രീകരണത്തിൻ്റെ പിൻബലത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ തങ്ങളുടെതായ കയ്യൊപ്പ് വികസന ചരിത്രത്തിൽ പതിപ്പിച്ചിട്ടുമുണ്ട്. കാൽ നൂറ്റാണ്ട് പിന്നിടുന്ന വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ വികസനത്തിൻ്റെ വഴിത്താരയിൽ സുപ്രധാന നാഴികക്കല്ലാണ് 'ജനകീയാസൂത്രണത്തിനു മുമ്പും ശേഷവും എന്ന രീതിയിൽ ജില്ലയുടെ വികസനത്തിനും രണ്ടു തലങ്ങളുണ്ട്.

ഇന്ന് കോവിഡ് 19 പ്രതിരോധ ഘട്ടത്തിലും മറ്റൊരു പ്രതിരോധ അതിജീവന സ്വാശ്രയ മാതൃകയാണു നമ്മുടെ ഗ്രാമങ്ങൾ മുന്നോട്ടു വെക്കുന്നത്. ഏതു ദുരന്തങ്ങളെയും നേരിടാൻ സുസജ്ജരാണ് നമ്മളിന്ന് 'വിശ്രമമില്ലാതെ പോരാട്ടത്തിലാണ്: സുരക്ഷയുടെയും കരുതലിൻ്റെയും വക്താക്കളാണ് തദ്ദേശ സ്ഥാപനങ്ങൾ  'ജില്ല ' രൂപീകരണത്തിൻ്റെ 36 വർഷങ്ങൾ പിന്നിടുമ്പോൾ അതിജീവനത്തിൻ്റെയും പുനർനിർമ്മിതിയുടെയും അടിത്തറയൊരുക്കുകയാണ് താഴെത്തട്ടിലെ പ്രാദേശിക സർക്കാരുകൾ'

കോവിഡാനന്തര കാസർകോടിൻ്റെ ഉജ്ജീവനത്തിനായി " സുഭിക്ഷ കേരളം" പദ്ധതിയെ അത്തരത്തിൽ ഏറ്റെടുത്തിരിക്കുകയാണ് നാമിപ്പോൾ ..... ഓരോ ഗ്രാമവും ഉണരട്ടെ: മനസ്സും മണ്ണും ഒരുങ്ങട്ടെ: അതിജീവനത്തിനും പുനർനിർമ്മിതിക്കും ഓരോരുത്തരും സ്വയം സന്നദ്ധരാവുക....

റീ ബിൽഡ് കാസർകോട് ........ അതാകട്ടെ ഇന്നത്തെ സന്ദേശം .....

പെരുന്നാളിൻ്റെയും, പിറന്നാളിൻ്റെയും ഈ സുദിനത്തിൽ ആശംസകൾക്കൊപ്പം നവകാസർകോടിനായി കർമ്മരംഗത്ത് കൂടുതൽ ഊർജ്ജ്വസ്വലമായി മുന്നിട്ടിറങ്ങാൻ തയ്യാറാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഈദ് മുബാറക്
           (ഒപ്പ്)
റെജികുമാർ കെ
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ

No comments:

Post a Comment