Saturday, May 9, 2020

കോവിഡാനന്തര കാലത്തെ കൃഷി -കാസർകോട് ജില്ലയിൽ -രണ്ടാം ഭാഗം

ഡോ സി തമ്പാൻ
 "വികേന്ദ്രീകൃതാസൂത്രണ വികസന സമീപനത്തിൻ്റെ  സാദ്ധ്യതകളെ പറ്റി കാസറഗോഡ് സി പി സി ആർ  ഐ പ്രിൻസിപ്പൽ സയൻ്റിസ്റ്റ്  ഡോ.സി.തമ്പാൻ വിലയിരുത്തുന്നു."

ഭക്ഷ്യ പോഷക സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ   ഭാഗമായി പ്രോത്സാഹിപ്പിക്കേണ്ടുന്ന പ്രധാന വിളകളാണ് മരച്ചീനി,മധുരക്കിഴങ്ങ്,ചേന,ചേമ്പ്,കാച്ചിൽ,കൂർക്ക തുടങ്ങിയ കിഴങ്ങു വർഗ്ഗ വിളകൾ. കാസർകോട് ജില്ലയിൽ 472 ഹെക്ടർ സ്ഥലത്ത് മരച്ചീനിയും ബാക്കി കിഴങ്ങു വിളകളൊക്കെ ചേർന്ന് 186 ഹെക്ടർ സ്ഥലത്തുമാണ് കൃഷി ചെയ്യപ്പെടുന്നത്.കിഴങ്ങുവർഗ്ഗവിളകളുടെ കൃഷിയുടെ കാര്യത്തിലും കേരളത്തിലേറ്റവും പിറകിലാണ് കാസർകോടിന്റെ സ്ഥാനം.വിപണി ലക്ഷ്യമാക്കി ഈ വിളകൾ കൃഷി ചെയ്യുന്നവരുടെ എണ്ണം നാൾക്കു നാൾ കുറഞ്ഞു വരുന്നു.തെങ്ങിൻ തോട്ടത്തിൽ ഇടവിളയായി മിക്ക കിഴങ്ങുവർഗ്ഗവിളകളും കൃഷി ചെയ്യാം.ജില്ലയിൽ ഇതിന് വിപുലമായ സാദ്ധ്യതകളാണുള്ളത്.

പച്ചക്കറി കൃഷിയുടെ കാര്യത്തിലെന്ന പോലെ വാണിജ്യാടിസ്ഥാനത്തിൽ കിഴങ്ങുവർഗ്ഗവിളകൾ കൃഷി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും വീട്ടുവളപ്പിലും മറ്റും ചെറിയ തോതിൽ വീട്ടാവശ്യത്തിനു മാത്രമുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പഞ്ചായത്തുകൾ പദ്ധതി തയ്യാറാക്കണം.വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കിഴങ്ങുവർഗ്ഗവിളകളുടെ നടീൽ വസ്തുക്കൾ കൃത്യസമയത്ത് ലഭ്യമാക്കുന്നതിനാണ് ഊന്നൽ നൽകേണ്ടത്.വിപണി ലക്ഷ്യമിട്ട് ഇവ കൃഷി ചെയ്യുന്നവരെ  പ്രോത്സാഹിപ്പിക്കുന്നതിനുള്ള  പദ്ധതിയിൽ വിപണനവുമായി ബന്ധപ്പെട്ട പിന്തുണ ലഭ്യമാക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.

ജില്ലയിൽ ഏറ്റവും  കൂടുതൽ വിസ്തൃതിയിൽ (67108 ഹെക്ടർ)കൃഷി ചെയ്യപ്പെടുന്ന വിളയാണ് തെങ്ങ്.അതായത് ജില്ലയിലെ മൊത്തം കൃഷിയിട
വിസ്തൃതിയുടെ 42 ശതമാനവും തെങ്ങിൻ തോപ്പുകളാണ്.തെങ്ങിൻ്റെ ഉൽപ്പാദനക്ഷമതയുടെ കാര്യത്തിൽ കേരളത്തിലേറ്റവും മുൻപന്തിയിൽ നിൽക്കുന്ന ജില്ലയാണ് കാസർകോട്.ഹെക്ടറിന് 9212 നാളികേരമാണ് ഉൽപ്പാദനക്ഷമത.ഉൽപ്പാദനം പ്രതിവർഷം 618 ദശലക്ഷം നാളികേരവും.പക്ഷെ ജില്ലയിൽവിപുലമായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു നാളികേര സംസ്കരണ  ഫാക്ടറി (തൂൾ തേങ്ങ ഉൽപ്പാദിപ്പിക്കുന്നതിനുള്ളത്)മാത്രമേ ഉള്ളു.

നിരവധി മൂല്യവർദ്ധിത കേരോൽപ്പന്നങ്ങൾ തയ്യാറാക്കി വിപണിയിലെത്തിക്കുന്നതിനുള്ള സാദ്ധ്യതകൾ ഇനിയും  ജില്ലയിൽ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയിട്ടില്ല.തേങ്ങാ വെള്ളം,നാളികേര കാമ്പ്,ചിരട്ട,ഇളനീർ എന്നിവ ഉപയോഗിച്ച് വൈവിധ്യമാർന്ന  ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണനം നടത്തുന്ന വിധത്തിൽ സംയോജിത നാളികേര സംസ്കരണ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ വേണം.കേര കർഷക കൂട്ടായ്മകളുടെയും കുടുംബശ്രീ പോലുള്ള സംരംഭങ്ങളുടെയും നേതൃത്വത്തിൽ കേരാധിഷ്ഠിത സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാം.കൂമ്പു ചീയൽ,ചെന്നീരൊലിപ്പ്,തഞ്ചാവൂർ വാട്ടം തുടങ്ങിയ രോഗങ്ങളും കൊമ്പൻ ചെല്ലി,ചെമ്പൻ ചെല്ലി,വെള്ളീച്ച തുടങ്ങിയ കീടങ്ങളും തെങ്ങിന് വിള നഷ്ടമുണ്ടാക്കുന്ന വിധത്തിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കണ്ടു വരുന്നുണ്ട്. ഇവയുടെ നിയന്ത്രണത്തിനായുള്ള സംയോജിത കീട നിയന്ത്രണ നടപടികൾ അനുവർത്തിക്കുന്നതിന് കർഷക കൂട്ടായ്മകളെ പിന്തുണക്കുന്നതിനുതകുന്ന പദ്ധതികൾ ആവശ്യാനുസൃതം പഞ്ചായത്തുകൾ ആസൂത്രണം ചെയ്യണം.


ജില്ലയുടെ മലയോര പ്രദേശങ്ങളിൽ വ്യാപകമായി വിള നഷ്ടമുണ്ടാക്കുന്ന തെങ്ങിൻ്റെ ഓല മഞ്ഞളിപ്പ് പരിഹരിക്കാനുതകുന്ന വിധത്തിൽ മണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഇടപെടലുകൾ ആ പ്രദേശത്തെ പഞ്ചായത്തുകൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.ഏക വിളയായി തേങ്ങ കൃഷി ചെയ്യുന്നതിന് പകരം  കേരാധിഷ്ഠിത ബഹുവിള സമ്മിശ്ര കൃഷി സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് വേണ്ടത്. വാഴ,പൈനാപ്പിൾ,കിഴങ്ങുവർഗ്ഗ വിളകൾ,ജാതി,കൊക്കോ തുടങ്ങി നിരവധി വിളകൾ തെങ്ങിൻ്റെ ഇടവിളകളായി കൃഷി ചെയ്യാം.അതുപോലെ തീറ്റപ്പുല്ല് ഇടവിളയായി കൃഷി ചെയ്ത് തെങ്ങു കൃഷിക്കൊപ്പം കന്നുകാലി വളർത്തൽ അനുബന്ധ സംരംഭമായുള്ള സമ്മിശ്ര കൃഷി സംരംഭങ്ങളും വരുമാന വർദ്ധനവിന് സഹായകമാകും.തെങ്ങിനോടൊപ്പം ഭക്ഷ്യ വിളകൾ ഇട  വിളകളായി കൃഷി ചെയ്യുന്നതിന് മുൻഗണന കൊടുക്കണം.

20192 ഹെക്ടർ  പ്രദേശത്ത് കൃഷി ചെയ്യപ്പെടുന്ന കവുങ്ങ് കാസർകോട് ജില്ലയിലെ പ്രധാന നാണ്യ വിളയാണ്. വലിയ തോതിൽ നെൽപ്പാടങ്ങൾ നികത്തിയാണ് കവുങ്ങ്  കൃഷി ജില്ലയിൽ വ്യാപകമായത്.കവുങ്ങ് കൃഷിയുടെ വിസ്തൃതി ഇപ്പോഴും ജില്ലയിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നു.പുതുതായി കൃഷി തുടങ്ങി കവുങ്ങ് കൃഷിയുടെ വിസ്തൃതി വ്യാപിപ്പിക്കേണ്ടതില്ല എന്ന സർക്കാർ നയം പ്രാവർത്തികമാക്കാൻ സാധിക്കുന്നില്ല.കവുങ്ങിൻ്റെ വിസ്തൃതി വർദ്ധിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തി പകരം നിലവിലുള്ള തോട്ടങ്ങളിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഭക്ഷ്യ വിളകൾ ഉൾപ്പെടെ ഇടവിളകൾ പ്രോത്സാഹിപ്പിക്കുകയും വേണം.അശാസ്ത്രീയ ജലസേചനം, ചിലയിടങ്ങളിൽ അമിത ജലസേചനം കവുങ്ങിൻ തോട്ടങ്ങളിൽ ചിലയിടങ്ങളിൽ കണ്ടു വരുന്നുണ്ട്.ഇതിനു പകരം ജലവിനിയോഗക്ഷമത കൂടിയ കണിക ജലസേചനം പ്രോത്സാഹിപ്പിക്കണം.


കാസർകോട് ജില്ലയിൽ കശുമാവ് കൃഷി ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ മൂന്നര  പതിറ്റാണ്ടിനിടയിൽ .ജില്ലയിലെ കശുമാവ് കൃഷി വിസ്തൃതി നാലിലൊന്നായി ചുരുങ്ങി.ഇപ്പോഴത്തെ കണക്കനുസരിച്ച് 6918 ഹെക്ടറിൽ മാത്രമേ ജില്ലയിൽ കശുമാവ് കൃഷിയുള്ളു.റബര് കൃഷി വ്യാപകമായതോടെയാണ് കശുമാവിൻ തോട്ടങ്ങൾ അപ്രത്യക്ഷമാകാൻ തുടങ്ങിയത്.പ്രായമായ കശുമാവുകൾ മുറിച്ചു മാറ്റി മെച്ചപ്പെട്ട ഇനങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള  കശുമാവ് കൃഷി പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുകയും  ശാസ്ത്രീയ വിളപരിപാലനത്തിലൂടെ നിലവിലുള്ള തോട്ടങ്ങളിൽ വിളവ് വർദ്ധിപ്പിക്കുകയും വേണം.കശുവണ്ടി സംസ്കരണത്തിലൂടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ഇടപെടലുകളും കശുമാവ് കൃഷി മേഖലകളിൽ ഉണ്ടാവണം.
നിലവിൽ ജില്ലയിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ടു കശുവണ്ടി  ഫാക്ടറികളാണുള്ളത്.കൂടാതെ ജില്ലാ പഞ്ചായത്തിൻ്റെ സഹായത്തോടെ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന 'സഫലം' പദ്ധതിയുടെ ഭാഗമായുള്ള ചെറുകിട കശുവണ്ടി സംസ്കരണ യൂണിറ്റുകളുമുണ്ട്.അനുയോജ്യമായ മേഖലകളിൽ ചെറുകിട കശുവണ്ടി സംസ്കരണ യൂണിറ്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അതു  പോലെ കശുമാങ്ങ ഉപയോഗിച്ചുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണനം നടത്തുന്ന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികൾ വേണം.

No comments:

Post a Comment