Thursday, May 7, 2020

കൊറോണക്കാലം - ചില ചിന്തകളും യാഥാർത്ഥ്വങ്ങളും

സുജേഷ് ബാബു
ഉണ്ണുന്നു ....ഉറങ്ങുന്നു ....
രാത്രിയാകുന്നു ....പകലാകുന്നു ....
ചാറ്റുന്നു ...ചിലർ ചീറ്റുന്നു ...
വീട്ടിനകത്തിരുന്ന് നമ്മൾ
ബിഗ്ബോസ് കളിക്കുകയാണോയെന്ന്
ചിലപ്പോൾ തോന്നുന്നു...
ഞായറും തിങ്കളും ചൊവ്വയും
എല്ലാം ഒരു പോലെ ......

കുറച്ച് നാളുകൾക്ക് മുൻപ്
വഴിയിൽ നിന്നും കിട്ടിയ
അണ്ണാൻ കുഞ്ഞിനെ
ഓമനിച്ചുവളർത്തിയ
ഒന്നാം ക്ലാസുകാരനായ മകൻ കാളിദാസ്
അതിൻ്റെ കൂട് തുറന്ന് വിട്ടതാണ്
ഇന്ന് ഞാൻ കണ്ട
എറ്റവും മനോഹരമായ കാഴ്ച്ച ......
സ്വാതന്ത്ര്യത്തിൻ്റെ വിലയെന്താണെന്ന്
ചിലപ്പോൾ കോവിഡ് - 19
അവനെയും പഠിപ്പിച്ചു കാണുമായിരിക്കും ....

ചക്കപ്പഴത്തെ
ഇന്ത്യയുടെ ദേശീയ ഫലമായി
പ്രഖ്യാപിക്കണമെന്നാണ് 
ഞങ്ങളുടെ പൊതുവായ ഒരഭിപ്രായം .... 

വാഴക്കൂമ്പും വാഴക്കാമ്പും
ഒരവശ്യവസ്തുവായി
ജനം തിരിച്ചറിഞ്ഞതും
ഈ കൊറോണക്കാലത്താണ്
ലോകത്തിൻ്റെ ആരോഗ്യ ഭൂപടത്തിൽ
കേരളത്തിൻ്റെ വാക്കുകൾ
തങ്കലിപികളിൽ കൊത്തിവെച്ചത്
കൊറോണക്കാലത്തിൻ്റെ
ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ്....

ടി.വി സീരിയലുകളില്ലാത്തതാണ്
ഈ കാലത്തെ ഏറ്റവും വലിയ പുണ്യം .
ഒരു ശരാശരി മലയാളിയുടെ
ഏറെക്കാലത്തെ സ്വപ്നമായിരുന്നു
സീരിയലുകളില്ലാത്ത കാലം ...

ബുദ്ധിപൂർവ്വം ഉപയോഗിക്കുകയാണെങ്കിൽ
സമയക്കുറവിൻ്റെ പേരിൽ
നാം മാറ്റി വെച്ച പല തീരുമാനങ്ങളും
സ്വപ്നങ്ങളും പൂർത്തിയാക്കാൻ
നല്ലൊരു അവസരമാണിക്കൊറോണക്കാലം ....

വർഷങ്ങളോളം ഇന്ത്യ അടക്കിഭരിച്ച
ബ്രിട്ടനിലും ലോക പോലിസെന്നവകാശപ്പെടുന്ന
അമേരിക്കയിലും ലക്ഷക്കണക്കിനാളുകൾ
കൊറോണ പിടിപ്പെട്ട് ചികിൽസ ലഭിക്കാതെ
മരിച്ചുവീഴുമ്പോൾ , കോവിഡ് - 19
രോഗികൾ സുഖം പ്രാപിച്ച്
ആശുപത്രി വിടുന്ന
നമ്മുടെ കൊച്ചുകേരളത്തിലെ കാഴ്ച്ച കണ്ട്
''അമേരിക്കയെയും ബ്രിട്ടനെയും
എന്ത് അർത്ഥത്തിലാണ്
വികസിത രാജ്യമെന്ന് വിളിക്കുന്നത്
എന്നെനിക്കിതുവരെയും
മനസ്സിലായിട്ടില്ലെന്ന്
'' വാട്സാപ്പിയുടെ
ലോകത്തോട് വിളിച്ചുപറഞ്ഞ
ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന
മലയാളി നേഴ്സിൻ്റെ വാക്കുകൾ 
വൈറസിനേക്കാൾ വേഗത്തിലാണ് വൈറലായത് ......

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ 
ആവിഷ്ക്കരിക്കുവാനും
നടപ്പിലാക്കുവാനും
ഇംഗ്ലണ്ടിനും അമേരിക്കയ്ക്കും
സ്പെയ്നിനും ഇറ്റലിക്കും
സാധിക്കാത്തത്
ദൈവത്തിൻ്റെ സ്വന്തം നാടായ
നമ്മുടെ കൊച്ച് കേരളത്തിന് സാധിക്കുന്നു
എന്നറിയുമ്പോൾ
സ്വന്തം നാടിനെക്കുറിച്ചോർത്ത്
ഓരോ മലയാളിയും
അഭിമാനിച്ച നിമിഷമാണ്
ഈ കൊറോണക്കാലം.....

കലണ്ടറിലെ എല്ലാ ദിവസങ്ങൾക്കും
ഇപ്പോൾ ചുവപ്പ് രാശിയാണ് ,
എന്നിട്ടും പഴയ
രണ്ടാം ശനിയാഴ്ച്ചയുടെയും ഞായറാഴ്ച്ചയുടെയും
പകരക്കാരനാകുവാൻ
സാധിച്ചിട്ടില്ലൊരു ദിവസത്തിനും
ഇതുവരെ .....

ഈ നിമിഷവും കടന്നു പോകും ....
പ്രളയത്തെയും നിപ്പയെയും
അതിജീവിച്ചതുപോലെ കൊറോണയെയും
നാം ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കുക തന്നെ ചെയ്യും...

ലോകാ സമസ്താ സുഖിനോ ഭവന്തു : 

സി.എം .സുജേഷ് ബാബു 
9895960240 
ലൈബ്രേറിയൻ, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്

No comments:

Post a Comment