പി വി അനു |
ഒരുപക്ഷേ കഴിഞ്ഞ മഴക്കാലത്തും വരാനിരിക്കുന്ന മഴക്കാലത്തും നമ്മുടെ തോടുകളിലും പുഴകളിലും ഒഴുകിപോകുമായിരുന്ന, അതല്ലെങ്കില്‍ നമ്മുടെ വീടുകളിലും പറമ്പിലും വഴിയോരത്തും അലക്ഷ്യമായ് വലിച്ചെറിയപ്പെടുമായിരുന്ന വസ്തുക്കളായിരുന്നു അതൊക്കെ എന്നോര്‍ക്കുമ്പോള്‍
മനസ്സില്‍ വല്ലാത്തൊരു സംതൃപ്തിയുണ്ട്. അഭിമാനവും...
''ഇതൊന്നും നടക്കുന്ന കാര്യമല്ല'' എന്ന് പലപ്പോഴും പലരും പരിഹസിച്ചിട്ടുണ്ട്. അതോര്‍ക്കുമ്പോള്‍ ദീര്‍ഘ നിശ്വാസവും......
2018 നവംബര്‍ അവസാന വാരമാണ് പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേയും വ്യാപാരസ്ഥാപനങ്ങളിലേയും പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ച് തുടങ്ങിയത്. 18 വാര്‍ഡുകളിലായ് 36 ഹരിത കര്‍മ്മസേന വളണ്ടിയര്‍മാരെയാണ് ഇതിനായ് നിയോഗിച്ചത്. പഞ്ചായത്ത് കളക്ഷന്‍ സെന്‍റര്‍ നിര്‍മ്മിക്കുന്നതിന് മുമ്പായി പ്ലാസ്റ്റിക് ശേഖരണം ആരംഭിക്കുമ്പോള്‍ ചെറിയ ആശങ്കയുണ്ടായിരുന്നൂ.. താത്ക്കാലിക കളക്ഷന്‍ സെന്‍ററില്‍ ശേഖരിച്ച് വെക്കുന്നതിന് പരിമിതികള്‍ ഉണ്ടുതാനും. എന്നാലും ആ ഉദ്യമം തുടരാന്‍ ഭരണസമിതി തീരുമാനിച്ചൂ.
പ്ലാസ്റ്റിക് നിരോധനവും നിയന്ത്രണവും നമ്മളൊക്കെ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായല്ലോ.പക്ഷേ പലര്‍ക്കും നിഷേധാത്മക പ്രതികരണങ്ങളായിരുന്നൂ.അത്തരം ചര്‍ച്ചയുടെ ഭാഗമായ് ഒരു ദിവസം പ്രിയ സുഹൃത്ത് സ്വാതി രാജന്‍ [പ്രസിഡണ്ടിന്‍റെ മകള്‍] ഒരാശയം പങ്കുവെച്ചൂ. പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് പകരം തുണിസഞ്ചി ഉപയോഗം കൊണ്ടുവരിക എന്നതായിരുന്നു അത്. അങ്ങനെ ആ ആശയം ഭരണസമിതിയില്‍ ഉന്നയിക്കുകയും അതിന്‍റെ ഭാഗമായ് 2017-18 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ഏഴായിരത്തോളം വരുന്ന വീടുകളില്‍ ഓരോ തുണിസഞ്ചി നല്‍കുകയും ചെയ്തു. പദ്ധതി കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കിയതിനാല്‍ അത് എല്ലാ വീടുകളിലേക്കും പെട്ടെന്നു എത്തിക്കാന്‍ കഴിഞ്ഞു. ഇന്ന് പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിച്ചതിനാല്‍ ബഹുഭൂരിപക്ഷം ആളുകളും [അന്ന് എതിര്‍ത്തവരുള്‍പ്പടെ]
അന്ന് നല്‍കിയ തുണിസഞ്ചി ഉപയോഗിക്കുന്നുണ്ട് എന്ന് കാണുമ്പോള്‍ അളവറ്റ സന്തോഷമാണ്.
ഹരിത കര്‍മ്മസേന രൂപീകരണം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നപ്പോള്‍ത്തന്നെ നമ്മുടെ പഞ്ചായത്തിലും CDS നേതൃത്വത്തില്‍ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ആളുകള്‍ ഈ രംഗത്തേക്ക് വരാന്‍ മടിച്ചിരുന്നുവെങ്കിലും പഞ്ചായത്ത് പ്രസിഡണ്ടും CDS ചെയര്‍പെഴ്സണും ആവശ്യമായ ഇടപെടല്‍ നടത്തി ഓരോ വാര്‍ഡിലും രണ്ട് വീതം വളണ്ടിയര്‍മാരെ കണ്ടത്തി. ഭീമനടിയിലെ വ്യാപാരി വ്യവസായി ഏകോപനസമിതി വകയില്‍ ഹരിത കര്‍മ്മസേനക്ക് യൂണിഫോമുകള്‍ നല്‍കി.
പ്ലാസ്റ്റിക് ശേഖരണം തുടങ്ങും മുമ്പായി പഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ സഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കാര്യങ്ങള്‍ വിശദീകരിച്ചുള്ള നോട്ടീസ് എത്തിച്ചിരുന്നൂ.ചിലയിടങ്ങളില്‍ നിന്നും കര്‍മ്മസേനാംഗങ്ങള്‍ക്ക് ആദ്യമൊക്കെ ചില പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിരുന്നൂ. കഴുകി ഉണക്കിയ പ്ലാസ്റ്റിക്കിനു പകരം മലിനമായ വസ്തുക്കള്‍ നല്‍കിയവരുണ്ട്. യൂസര്‍ ഫീ 20 രൂപ നല്‍കാത്തവരും പ്ലാസ്റ്റിക് നല്‍കാത്തവരുമുണ്ടായിയുന്നു. അവരോട് ക്ഷമാപൂര്‍വ്വം സംസാരിച്ച് സഹകരിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ചിലയിടങ്ങളില്‍ നിന്നും 'കാട്ടം പെറുക്കികള്‍' എന്ന അവഹേളനങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്നത് ഖേദകരമാണ്..
ഏത് പദ്ധതിയും വിജയിക്കുന്നത് കൂട്ടായ ഇടപെടലുകളിലൂടെയാണ്. ഹരിത കര്‍മ്മസേനയുമായ് ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നും പഞ്ചായത്ത് ഭരണസമിതിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കൂട്ടായ് ഇടപെട്ടാണ് ചെയ്യുന്നത് എല്ലാ മാസവും അവലോകന യോഗങ്ങള്‍ ചേരാറുണ്ട്.പഞ്ചായത്ത് പ്രസിഡണ്ട്, നിര്‍വ്വഹണ ഉദ്യോഗസ്ഥനായ VEO, CDS ചെയര്‍പെഴ്സണ്‍ എന്നിവര്‍ എല്ലാ യോഗങ്ങളിലും പങ്കെടുത്ത് കാര്യങ്ങള്‍ ചോദിച്ചറിയുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുമുണ്ട്.വൈസ് പ്രസിഡണ്ട്, പഞ്ചായത്ത് സെക്രട്ടറി സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍മാര്‍ എന്നിവരും ഇടയ്ക്ക് യോഗങ്ങളില്‍ പങ്കെടുത്ത് ആവശ്യമായ പിന്തുണയും സഹായവും നല്‍കാറുണ്ട്.
ക്ലീന്‍ കേരള കമ്പനി മാര്‍ച്ച് മാസത്തില്‍ത്തന്നെ പ്ലാസ്റ്റിക് മുഴുവന്‍ കൊണ്ടുപോകാന്‍ ധാരണയായതാണ്. എന്നാല്‍ അപ്രതീക്ഷിതമായ് സംഭവിച്ച ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ അത് നടപ്പിലാക്കാന്‍ സാധിച്ചില്ല.. എന്നിരുന്നാലും പഞ്ചായത്ത് ഭരണനേതൃത്വത്തിന്‍റെ ഇടപെടല്‍ കൊണ്ട് മഴക്കാലത്തിന് മുമ്പായി പ്ലാസ്റ്റിക് കൊണ്ടു പോകാന്‍ നമുക്ക് സാധിച്ചു. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളും കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങളും ഡെങ്കിപ്രതിരോധപ്രവര്‍ത്തനങ്ങളുമെല്ലാം നടത്തിവരുന്ന വളരെ തിരക്കുപിടിച്ച ഈ സമയത്തും ഇത്തരം കാര്യങ്ങളിലും ഇടപെടാന്‍ എല്ലാവരും തയ്യാറായിട്ടുണ്ട്.
പ്രസിഡണ്ട് പ്രസീത രാജന്‍ വൈസ് പ്രസിഡണ്ട് ടി.കെ.സുകുമാരന്‍ സെക്രട്ടറി എം.പി.വിനോദ്കുമാര്‍ അസി.സെക്രട്ടറി വി.പി.മോഹനന്‍ എന്നിവര്‍ എല്ലാ ദിവസവും കുറച്ച് സമയമെങ്കിലും സംഭരണസ്ഥലത്ത് എത്തി കാര്യങ്ങള്‍ അന്വേഷിക്കലുണ്ട്.
ക്ലീന്‍ വെസ്റ്റ് എളേരി എന്ന പേരിലാണ് പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ അഭിമാന പദ്ധതികളൊന്നാണിത്. ഭരണസമിതിയ്ക്കൊപ്പം ചേര്‍ന്നുള്ള നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അനീഷ് VEO യുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. മറ്റ് പദ്ധതി തിരക്കുകള്‍ക്കിടയിലും ഹരിത കര്‍മ്മസേന പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം ശ്രദ്ധചെലുത്തി പ്രവര്‍ത്തിക്കാന്‍ VEO തയ്യാറാവുന്നുണ്ട്. തന്‍റെ വ്യക്തിപരമായ ഉത്തരവാദിത്വം എന്ന നിലയില്‍ കണ്ടുകോണ്ട് കഴിഞ്ഞ ആറു ദിവസവും അവരോടൊപ്പം എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടംവഹിച്ച്, കാര്യങ്ങള്‍ ചെയ്ത്കൊടുത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടുണ്ട് എന്നുള്ളത് അഭിനന്ദനാര്‍ഹമാണ്.
ക്ലീന്‍ വെസ്റ്റ് എളേരി എന്ന പദ്ധതി പൂര്‍ത്തീകരണ ഘട്ടത്തിലെത്താന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. മാലിന്യമുക്ത പഞ്ചായത്ത് എന്നതാണ് നമ്മുടെ ലക്ഷ്യം. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരളമിഷന്‍ പദ്ധതിയുടെ ഭാഗമായ് പഞ്ചായത്ത് ഏറ്റെടുത്ത ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പുതിയൊരു സംസ്കാരം വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.
ഉപയോഗിച്ച പ്ലാസ്റ്റിക്കുകള്‍ അലക്ഷ്യമായ് വലിച്ചെറിയുന്നതിന് പകരം അത് വീടുകളില്‍ ശേഖരിച്ച് വെക്കുക എന്ന ശീലം ഇതിലൂടെ രൂപപ്പെട്ടു. നമ്മുടെ കുഞ്ഞുകുട്ടികള്‍ വരെ മിഠായി കവറുകള്‍ പോലും കളയാതെ ശേഖരിക്കാന്‍ തുടങ്ങി.നമ്മുടെ പുതിയ തലമുറയെ പരിസ്ഥിതി സൗഹാര്‍ദ്ദരാക്കാനുള്ള ബാധ്യതകൂടി നമ്മളില്‍ നിഷിപ്തമാണല്ലോ.
കോവിഡ് കാലത്തെ അതിജീവിക്കുന്നതിനുള്ള പോരാട്ടമാണ് നമ്മളെല്ലാവരും കൂട്ടായ് നടത്തുന്നത്. എല്ലാ പ്രതിസന്ധികളേയും മറികടന്ന നമ്മുടെ നാടിന്‍റെ ചരിത്ര ഉല്‍ബോധനങ്ങളിലൂടെ നമുക്ക് പ്രയാണം തുടരാം..... മാലിന്യമുക്തമായ നല്ല നാളേക്കായ് ഏവരുടേയും സഹകരണങ്ങള്‍ തുടര്‍ന്നും ഉണ്ടാവണമെന്ന അഭ്യര്‍ത്ഥനയോടെ.....
പി.വി.അനു
ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്.
Good.
ReplyDeleteതാങ്ക്സ്. Try
Try
And
Try....
തുടർന്നും നല്ല പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിന് ആശംസകൾ നേരുന്നു
ReplyDeleteആശംസകൾ
ReplyDelete
ReplyDeleteവരും കാലത്തേക്കുള്ള കരുതൽ അഭിനന്ദനാർഹം..
പിന്തുണയ്ക്ക് എല്ലാവരോടും സ്നേഹവും നന്ദിയും അറിയിക്കുന്നൂ
ReplyDelete