എൻ സുകുമാരൻ വൈസ് പ്രസിഡണ്ട് |
വിവിധ വാര്‍ഡുകളിലായി 1404 അതിഥി തൊഴിലാളികള്‍ പാര്‍ക്കുന്നുണ്ട്. ലോക്ഡൌണ്‍ പ്രഖ്യാപനത്തിനു മുമ്പ് , കോവിഡ്-19 പടര്‍ന്നു പിടിക്കുമ്പോള്‍ ഏതു വിധേനയും തങ്ങളുടെ നാട്ടിലേക്ക് എത്തുവാന്‍ ധൃതികൂട്ടിയ അതിഥി തൊഴിലാളികളോട് ഇപ്പോള്‍ യാത്ര തിരിക്കുന്നത് അപകടകരമായിരിക്കുമെന്നും, സര്‍ക്കാരും ഭരണകൂടവും അവരെ സംരക്ഷിക്കുമെന്നും, രോഗവ്യാപനം തടയുവാന്‍ വാസഗൃഹങ്ങളില്‍ തന്നെ തങ്ങുന്നതാണ് അഭികാമ്യമെന്നും, സമൂഹവ്യാപനം വരാതെ നോക്കേണ്ടുന്ന ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ടെന്നും ശക്തമായി ബോധവത്ക്കരണം നടത്തി അവര്‍ക്കാവശ്യമായ വസ്തുക്കള്‍ ലഭ്യമാക്കുവാന്‍ ഇടപെടലുകള്‍ നടത്തി പൊതുജനങ്ങളുടേയും ആരോഗ്യ-പോലീസ്-റവന്യു-പഞ്ചായത്ത് അധികൃതരുടേയും കരുതലോടെ ഒരാള്‍ക്ക് പോലും കോവിഡ്-19 ബാധിക്കാതെ ജാഗ്രത കാണിക്കുവാന്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്.
ആരോഗ്യ ജാഗ്രതാ സമിതി
കോവിഡ്-19 എന്ന മഹാമാരി അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിന് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍, ജീവനക്കാര്‍, സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ-യുവജന സംഘടനാ ഭാരവാഹികള്‍, മതസ്ഥാപന/ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍, അധ്യാപക-രക്ഷാകര്‍തൃസമിതി, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവരുടെ വിപുലമായ യോഗം 11/3/2020 ന് ടൌണ്‍ഹാളില്‍ വിളിച്ച് ചേര്‍ക്കുകയും പഞ്ചായത്ത് തല ജാഗ്രതാ സമിതി രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മാര്‍ച്ച് 12,13,14 തീയ്യതികളിലായി 21 വാര്‍ഡുകളിലും ബോധവത്ക്കരണ – ജാഗ്രതാ സമിതി രൂപീകരണ യോഗങ്ങളും നടന്നു.
19/3/2020 ന് ബഹു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സംയുക്തമായി ഭരണ സമിതിയുമായും രാഷ്ട്രീയ പാര്‍ട്ടി, സന്നദ്ധ സംഘടനാ പ്രതിനിധികളുമായും പ്രത്യേകമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംവദിച്ചു.
ഹെല്‍പ്പ് ഡെസ്ക്ക്
വിവിധ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും വരുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ഇവരെ താമസസ്ഥലത്തോ ആശുപത്രിയിലോ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനും ഉപദേശ-നിര്‍ദ്ദേശങ്ങള്‍ നല്‍കി സംശയ ദൂരീകരണം നടത്തുന്നതിനുമായി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, സ്കൂള്‍ ഹെല്‍ത്ത് നഴ്സുമാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ
1. ഉടുമ്പുന്തല പ്രാഥമിക ആരോഗ്യകേന്ദ്രം (PHC)
2. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി (CHC)
3. തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ്
എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്ക്ക് ആരംഭിച്ചു. ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുള്ള ജില്ലയിലെ ആദ്യ ഹെല്‍പ്പ് ഡെസ്ക്ക് ആണ് തൃക്കരിപ്പൂരിലേത്. ഇവിടെ ഹാന്‍റ് വാഷ് സൌകര്യവും ഉണ്ട്.
പ്രചരണം
രോഗ പ്രതിരോധ ബോധവത്ക്കരണത്തിന്‍റെ ഭാഗമായി 21 വാര്‍ഡുകളിലും ബോധവത്ക്കരണം നടത്തി, ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു. 8000 ലഘുലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്തു. 22 ജംഗ്ഷനുകളില്‍ ആകര്‍ഷകമായ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്ന പാട്ടിന്‍റെ ഈരടിയില്‍ ആകര്‍ഷകമായ വാചകങ്ങള്‍ ചേര്‍ത്ത് മൈക്ക് പ്രചരണം നടത്തി. ഹാന്‍റ് വാഷ് എങ്ങനെ ചെയ്യണം എന്നതു സംബന്ധിച്ച് പ്രാദേശിക ചാനലില്‍ അവബോധ പ്രദര്‍ശനം നടത്തി. അപരിചിതരില്‍ നിന്ന് സാമൂഹിക അകലം പാലിക്കുന്നതിന് ബോധവത്ക്കരണം നടത്തി. ബസ് സ്റ്റാന്‍ഡില്‍ കൃത്യമായ ശാരീരിക അകലം പാലിച്ച് ജാഗ്രതാ സമിതി യോഗം ചേര്‍ന്നത് ഒട്ടേറെപ്പേരെ ആകര്‍ഷിച്ച പ്രചരണ പരിപാടി കൂടിയായി മാറി.
ബ്രേക്ക് ദ ചെയിന്‍
ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തുന്നതിനു മുമ്പേ പഞ്ചായത്തില്‍കൂടി കടന്നു പോകുന്ന പ്രധാന റോഡരികിലുള്ള എല്ലാ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും ഹാന്‍റ് വാഷ് സൌകര്യം ഒരുക്കിയിരുന്നു.
യുവജന സംഘടനകള്‍, സാംസ്ക്കാരിക സ്ഥാപനങ്ങള്‍, തൃക്കരിപ്പൂര്‍ റോട്ടറി ക്ലബ്, ലയണ്‍സ് ക്ലബ്, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ വിവിധ കേന്ദ്രങ്ങളിലും, മുഴുവന്‍ സ്ഥാപനങ്ങളിലും, കടകളിലും വായനശാലകളിലും കൈകഴുകള്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ലിക്വിഡ് ഹാന്‍റ് വാഷ്, സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കി.
നാട്ടിന്‍പുറത്തെ കടകള്‍ പോലും സ്വമേധയാ ഹാന്‍റ് വാഷ്, സാനിറ്റൈസര്‍ സൌകര്യം ഏര്‍പ്പെടുത്തി., ഇവയുടെ വില്‍പ്പന ഗണ്യമായി വര്‍ദ്ധിച്ചു. പൊതുജനങ്ങള്‍ “ ബ്രേക്ക് ദ ചെയിന്‍ “ ക്യാംപയിന്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു.
ലിക്വിഡ് ഹാന്‍റ് വാഷ്, സാനിറ്റൈസര്‍, മാസ്ക്ക് എന്നിവ വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സംഭാവനയായി നല്‍കി വരുന്നുണ്ട്. മാസ്ക്ക് ധരിക്കാതെ ആളുകള്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നില്ല എന്നതും ശ്രദ്ധേയമാണ്.
വിവര ശേഖരണം
1. വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വന്നവരേയും ഇപ്പോള്‍ വരുന്നവരേയും കണ്ടെത്തി നിര്‍ബന്ധിത നിരീക്ഷണത്തിന് വിധേയമാക്കുവാന്‍ വാര്‍ഡ് മെമ്പര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും, ജാഗ്രതാ സമിതി അംഗങ്ങലും, പോലീസും സന്നദ്ധ പ്രവര്‍ത്തകരും പ്രവര്ത്തിച്ചതിനെത്തുടര്‍ന്ന് വിവര ശേഖരണം ഫലപ്രദമായി നടന്നു. ജാതി, മത, രാഷ്ട്രീയ , ബന്ധു-മിത്ര ഭേദമില്ലാതെ സഹകരണമുണ്ടായി.
2. അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ വാര്‍ഡു തലത്തില്‍ ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും കോണ്‍ട്രാക്ടര്‍മാര്‍ മുഖേനയും ശേഖരിച്ചു.
3. ഉല്‍സവങ്ങള്‍, ആഘോഷങ്ങള്‍, മതപരമായ ചടങ്ങുകള്‍, വിവാഹം, ഗൃഹപ്രവേശനം, യാത്രയയപ്പുകള്‍ എന്നിവയുടെ വിവരങ്ങള്‍ ശേഖരിച്ച് ആദ്യഘട്ടത്തില്‍ അവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന് നിര്‍ദ്ദേശിച്ചു. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങലും ഉല്‍സവങ്ങളും പൂര്‍ണ്ണമായും പിന്നീട് ഒഴിവാക്കി.
4. സന്നിഗ്ദ്ധ ഘട്ടത്തില്‍ സേവനം നടത്തുന്നതിന് ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, റിട്ടയര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍, ആരോഗ്യ മേഖലയില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ എന്നിവരുടെ വിവരം വാര്‍ഡു തലത്തില്‍ ശേഖരിച്ചു.
5. സമൂഹ വ്യാപനം ഉണ്ടാവുകയാണെങ്കില്‍ ആളുകളെ അധിവസിപ്പിക്കുവാന്‍ ഓരോ വാര്‍ഡിലും സൌകര്യങ്ങളും സുരക്ഷിതത്വവുമുള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി.
സന്നദ്ധ പ്രവര്‍ത്തകര്‍
ഓരോ വാർഡിലും 10 വീതം സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തിയിരുന്നുവെങ്കിലും യുവജനക്ഷേമ ബോര്‍ഡിന്‍റെ ‘സന്നദ്ധ’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത യുവാക്കളായിരിക്കണം സന്നദ്ധ പ്രവര്‍ത്തകര്‍ എന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് 5 വീതം പേരെ ഓരോ വാര്‍ഡിലും നിയമിച്ചു.
സന്നദ്ധ സംഘടനകളും മഹല്ല് കമ്മിറ്റികളും ക്ഷേത്രക്കമ്മിറ്റികളും നടത്തുന്ന സാന്ത്വന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും അരിയും അവശ്യ വസ്തുക്കളും മരുന്നും, റേഷന്‍ സാധനങ്ങളും എത്തിക്കുന്നതില്‍ ഇവര്‍ വലിയ പങ്ക് വഹിച്ചു. ഒരു പഞ്ചായത്തില്‍ 20 പേര്‍ക്കു മാത്രമേ ഇതിനായി ‘പാസ്’ നല്‍കാനാവൂ എന്ന് പിന്നീട് നിര്‍ദ്ദേശം വന്നു.
സമൂഹ അടുക്കളയില്‍ നിന്ന് പൊതിച്ചോറും കടകളില്‍ നിന്ന് അവശ്യ സാധനങ്ങളും മരുന്നും റേഷന്‍ സാധനങ്ങളും ബന്ധപ്പെട്ടവര്‍ക്കെത്തിക്കുന്നതിനും വൈദ്യ സഹായം ലഭ്യമാക്കുന്നതിനും ഇവരുടെ സേവനം നിസ്തുലമാണ്.
തദ്ദേശ ഭരണ സ്ഥാപനം, വില്ലേജ് ഓഫീസ്, പൊതു വിതരണ വകുപ്പ്, തൊഴില്‍ വകുപ്പ് എന്നിവയുടെ ഏകോപന പ്രവര്‍ത്തനത്തെ തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ക്ക് അനുവദിച്ച ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിന് പ്രതിഫലം ഇല്ലാതെയുള്ള ആത്മാര്‍ത്ഥമായ സേവനം ലോക്ഡൌണ്‍ കാലത്ത് ലഭിച്ചു വരുന്നത് ഏറെ ആശ്വാസപ്രദമാണ്. വളണ്ടിയര്‍മാരുടെ കര്‍മ്മ നിരതമായ ഇടപെടലുകള്‍ പ്രശംസനീയമാണ്.
കെയര്‍ സെന്‍റര്‍
സമൂഹവ്യാപനം നടക്കുകയാണെങ്കില്‍ ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിന് ആദ്യഘട്ടം എന്ന നിലയില്‍
1. തൃക്കരിപ്പൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍
2. സൌത്ത് തൃക്കരിപ്പൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍
3. കൈക്കോട്ടുകടവ് പി.എം.എസ്.എ.പി.ടി.എസ്. വി.എച്ച്.എസ്.എസ്.
4. തൃക്കരിപ്പൂര്‍ ഗവ.പോളിടെക്നിക് കോളേജ്
5. ജെംസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആയിറ്റി
എന്നീ സ്ഥാപനങ്ങള്‍ തെരഞ്ഞെടുത്തു.
തൃക്കരിപ്പൂര്‍ ടൌണില്‍ തന്നെയുള്ള ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടവും പരിസരവും ശുചീകരിച്ച് അണു വിമുക്തമാക്കി സജ്ജമാക്കുന്നതിന് യുവജന സംഘടനാ പ്രവര്‍ത്തകരും അഗ്നിശമന സേനയും കമ്മ്യൂണിറ്റു ഡിഫെന്‍സ് ഫോഴ്സ് വളണ്ടിയര്‍മാരും പ്രവര്‍ത്തിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂട്ടത്തോടെ ആളുകള്‍ വരുന്ന ഘട്ടത്തില്‍ നിരിക്ഷണ സൌകര്യം ഒരുക്കുന്നതിന് ആവശ്യമായ കെട്ടിടങ്ങള്‍ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ നടന്നു വരുന്നുണ്ട്.
അതിഥി തൊഴിലാളികള്‍
ഗ്രാമപഞ്ചായത്തില്‍ വിവിധ കേന്ദ്രങ്ങളിലായി 1404 അതിഥി തൊഴിലാളികളുണ്ട് കരാറുകാരുടെ കീഴിലും സ്വന്തം നിലയിലും പണിയെടുക്കുന്നവരായി. വാര്ഡ് മെമ്പര്‍മാരുടെയും ഉദാരമതികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ശ്രമ ഫലമായി സേവനമനസ്ക്കരുടെ വകയായും കരാറുകാര്‍ വഴിയും ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കി. സ്വന്തം നിലയില്‍ വാടക വീടുകളില്‍ കഴിയുന്നവര്‍ക്കും കുടുംബ സമേതവും അല്ലാതെയും ഇവിടെ താമസിച്ചു വരുന്നവര്‍ക്കും ഭക്ഷ്യവസ്തുക്കളും റേഷന് സാധനങ്ങളും എത്തിക്കാന്‍ ഭരണസമിതി ശ്രദ്ധിച്ചിരുന്നു. ആവശ്യപ്പെടുന്നവര്‍ക്കെല്ലാം സമൂഹ അടുക്കളയില്‍ നിന്ന് പൊതിച്ചോറും എത്തിച്ചു നല്‍കി.
സിവില്‍ സപ്ലൈസ്, തൊഴില്‍ വകുപ്പുകള്‍ ശേഖരിച്ച കണക്കുകള്‍ പ്രകാരം നിശ്ചിത അളവിലുള്ള ഭക്ഷണ സാധനങ്ങളും കിറ്റും സന്നദ്ധ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട വാസസ്ഥലങ്ങളില്‍ എത്തിച്ചു.
ബഹു.എം.എല്‍.എ ശ്രീ.എം രാജഗോപാലന്‍, ഹോസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാന്‍ സബ്.ജഡ്ജ് ശ്രീ.കെ വിദ്യാധരന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ശ്രീ.എം കേശവന്‍, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ ശ്രീ.മണിരാജ്, സിവില്‍സപ്ലൈസ് മേധാവികള്‍, ഫയര്‍ ആൻ്റ് റസ്ക്യു സേനാംഗങ്ങള്‍, സിവില്‍ ഡിഫന്‍സ് ഫോഴ്സ് സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അതിഥി തൊഴിലാളി കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കര്‍ക്കശമാക്കിയും കോവിഡ്-19 പ്രതിരോധിക്കുന്നതിനാവശ്യമായ ബോധവത്ക്കരണം ഈ പ്രദേശങ്ങളില്‍ നടത്തി.
വിവാഹം, പ്രസവം, മതപരമായ ചടങ്ങുകള്‍, എന്നിവയ്ക്കായി സമീപ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബന്ധു ഗൃഹങ്ങളില്‍ നിന്ന് വന്ന് ലോക്ക്ഡൌണ്‍ കാരണം തിരിച്ചു പോകാനാകാതിരുന്നവര്‍ക്കും ജനപ്രതിനിധികളുടേയും മനുഷ്യ സ്നേഹികളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സന്ദര്‍ഭോചിത ഇടപെടലുകള്‍ വഴി ഭക്ഷണ സാധനങ്ങളും ഭക്ഷണ കിറ്റുകളും എത്തിച്ചു. ഇതര ജില്ലകളില്‍ നിന്ന് കൂലിപ്പണിക്ക് വന്ന് തിരിച്ചു പോകാന്‍ സാധിക്കാത്തവര്‍ക്കും നാട്ടുകാരുടെ റേഷന്‍ സാധനങ്ങളും നാട്ടു വിഭവങ്ങളായ ചക്ക, മാങ്ങ, തേങ്ങ, പച്ചക്കറി എന്നിവയും വിറകും നല്‍കി അവരുടെ ദുരിതങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്.
ലോക്ക്ഡൌണ്‍ അഥവാ വഴിയടക്കല്‍
കണ്ണൂര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമപഞ്ചായത്താണ് തൃക്കരിപ്പൂര്‍. ജില്ലാതിര്‍ത്തിയിലെ പ്രധാന പാതകളും ചെറുതും വലുതുമായ വഴികളും, ഒപ്പം സമീപ തദ്ദേശ ഭരണസ്ഥാപനങ്ങളായ വലിയപറമ്പ, പടന്ന, പിലിക്കോട്, കരിവെള്ളൂര്‍-പെരളം, പയ്യന്നൂര്‍നഗരസഭ എന്നിവയുടെ അതിര്ത്തി വഴികളും പോലീസും ജനപ്രതിനിധികളും പൊതുജനങ്ങളും ചേര്‍ന്ന് ബാരിക്കേഡുകള്‍ വെച്ച് അടക്കുകയും പഞ്ചായത്ത് അതിര്‍ത്തി പ്രദേശങ്ങളി ലോക്ക്ഡൌണ്‍ സമ്പൂര്‍ണ്ണമാവുകയും ചെയ്തു.
ഏതാവശ്യത്തിനും , വിശിഷ്യാ ആശുപത്രി സേവനത്തിന്, പയ്യന്നൂര്‍ ടൌണിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന തൃക്കരിപ്പൂര്‍ നിവാസികള്‍ക്ക് ഈ വഴിയടക്കല്‍ ആദ്യഘട്ടത്തില്‍ ദുരിതം തന്നെയായിരുന്നു, ക്രമേണ ജനങ്ങള്‍ പൊരുത്തപ്പെട്ടുവെങ്കിലും.
സമൂഹ അടുക്കള (Community Kitchen)
ജനങ്ങളുടെ സൌകര്യാര്‍ത്ഥം പകുതി വീതം വാര്‍ഡുകളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചു കൊണ്ട് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ നിലവില്‍-
1. കൂലേരി ഗവ.എല്‍.പി സ്കൂളില്‍ 31.03.2020 മുതലും
2. കൈക്കോട്ടുകടവ് പി.എം.എസ്.എ.പി.ടി.എസ്.വൊക്കേഷണൽ ഹര്‍ സെക്കണ്ടറി സ്കൂളില്‍01/4/2020 മുതലും സമൂഹ അടുക്കള പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇവിടുന്ന് ഒരു ഘട്ടത്തില് ഒരു ദിവസം 311 പൊതിച്ചോറുകള്‍ വരെ വിതരണം ചെയ്തിരുന്നു. റേഷന്‍ കാര്‍ഡ് ഉള്ള അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ വസ്തുക്കള് ലഭ്യമായതിനെത്തുടര്‍ന്നും തൊഴില്‍ വകുപ്പ് തിട്ടപ്പെടുത്തിയത് പ്രകാരം ഒരാള്‍ക്ക് 5 കിലോഗ്രാം വീതം അരി/ആട്ട വിതരണം ചെയ്തതിനു ശേഷവും പൊതിച്ചോറ് വിതരണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും നിര്‍ലോപം സാധനസാമഗ്രികള്‍ നല്‍കുന്നതിനാല്‍, സാധനങ്ങള്‍ക്ക് പഞ്ഞമൊട്ടുമില്ലാതെ, പരാതിയ്ക്കിടം നല്‍കാതെ ഭക്ഷണപ്പൊതി വിതരണം കാര്യക്ഷമമായി നടന്നു വരുന്നുണ്ട്. സംഭാവനയായി സാധനങ്ങള്‍ നല്‍കിയവരുടെ പേരു വവരങ്ങളും, ലഭിച്ച സാധനങ്ങലുടെ അളവു-തൂക്ക വിവരങ്ങളും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
ബഹു.എം പി. ശ്രീ രാജ്മോഹന്‍ ഉണ്ണിത്താന്‍, ബഹു.എം.എല്‍.എ ശ്രീ. എം രാജഗോപാലന്‍, ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഏ.ജി.സി.ബഷീര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ .കെ.കെ.റജികുമാര്‍, അസി.ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ.പി.എം ധനീഷ്, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ശ്രീ.മണിരാജ്, ജില്ലാ ലേബര്‍ ഓഫീസര്‍ ശ്രീ.എം കേശവന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീമതി കെ.എന്‍.ബിന്ദു, എന്നിവര്‍ സമൂഹ അടുക്കള സന്ദര്ശിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മോണിറ്ററിംഗ് കമ്മിറ്റി ഇടക്കിടെ യോഗം ചേര്‍ന്ന് അവലോകനം ചെയ്ത് വരുന്നുണ്ട്.
സമൂഹ അടുക്കളയുടെ സുഗമമായ നടത്തിപ്പില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി പി.പി.ഉഷയും അസി.സെക്രട്ടറി ശ്രീ.ജോഷി സെബാസ്റ്റ്യനും നേതൃത്വപരമായ ഇടപെടലുകള്‍ നടത്തി വരുന്നു. കൂലേരി സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന സാമൂഹ്യ അടുക്കളയുടെ മൊത്തത്തിലുള്ള മേല്‍നോട്ടവും അതിഥി തൊഴിലാളികള്‍ക്ക് നല്‍കേണ്ടുന്ന സാധനസാമഗ്രികളുടെ കണക്കും, അവയുടെ വിതരണവും കാര്യക്ഷമമായും സ്തുത്യര്‍ഹമായും അസിസ്റ്റന്‍റ് സെക്രട്ടറി നിര്‍വ്വഹിച്ചു വരുന്നു. നോര്‍ത്ത് തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസര്‍ ശ്രീ.അശോകന്‍റെ സജീവ സാന്നിദ്ധ്യവും ഉണ്ട്.
ഇപ്പോള്‍ പ്രതിദിനം രണ്ട് സമൂഹ അടുക്കളകളില്‍ നിന്നുമായി ശരാശരി 110 പൊതിച്ചോറുകള്‍ വിതരണം ചെയ്തു വരുന്നുണ്ട്.
ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം
ഉടുമ്പുന്തല പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ശ്രീ.സി.നിഹാസ് നേതൃത്വം വഹിക്കുന്ന താഴെ പേരെഴുതിയ ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണ വൈറസ് വ്യാപന പ്രതിരോധത്തില്‍ പ്രധാന പങ്കു വഹിച്ചു.
ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടല്‍ വഴി സന്നദ്ധ പ്രവർത്തനത്തിന് തയ്യാറായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ.പി.രമേശന്‍, സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ശ്രീ.പ്രമീഷ് ടി , സിവില്‍ ഡിഫന്‍സ് ഫോഴ്സ് വളണ്ടിയര്‍മാരായ ശ്രീ. പി വി രാഗേഷ്, ശ്രീ.സി.സുനില്‍കുമാര്‍എന്നിവരുടെ സേവനവും നിസ്തുലമാണ്.
വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും ജനങ്ങള്‍ വരുമ്പോള്‍ യഥാസമയം ജനപ്രതിനിധികളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സഹകരണത്തോടെ ഇടപെട്ട് ഒറ്റപ്പെട്ട് കഴിയേണ്ടുന്നതിന്‍റെ അനിവാര്യത ബോധ്യപ്പെടുത്തി, ആവശ്യമെങ്കില്‍കാര്‍ക്കശ്യത്തോടെ ഇടപെടാനും ആശുപത്രികളില്‍ പരിശോധനയ്ക്ക് എത്തിക്കുവാനും ശുഷ്ക്കാന്തിയോടെയും ജാഗ്രതയോടെയും ആരോഗ്യ പ്രവര്ത്തകര്‍ ഇടപെട്ട് വരുന്നു. കടുത്ത ചൂടിനെ വക വെക്കാതെയും ഫോണ്‍ വഴിയും വാട്ട്സ് ആപ്പ് വഴിയും കാര്യങ്ങള്‍ ഏകോപിപ്പിച്ച് നടത്തുന്ന ഇവരുടെ സേവനം ശ്ലാഘനീയമാണ്.
2020 മാര്‍ച്ച് 5: ആരോഗ്യ പ്രവര്‍ത്തകരുടെ ജാഗ്രതയും ശുഷ്ക്കാന്തിയും പ്രകടമായ ഒരു ദിനമാണ് 05.03.2020. ജൂനിയര്‍ ഹെല്‍ത്ത് ഇന്സ്പെക്ടര് ശ്രീമതി പി ഷൈമ, ഫീല്‍ഡ് വര്ക്കിനിടെ ശ്വാസം മുട്ട് അനുഭവപ്പെടുന്ന ഒരു സ്ത്രീയെ കണ്ടെത്തി. അന്വേഷണത്തില്‍ ഉംറ കഴിഞ്ഞു വന്ന ഒരു സ്ത്രീയായിരുന്നു അവര്‍. മെഡിക്കല്‍ ഓഫീസറെ പെട്ടെന്ന് കാര്യം ധരിപ്പിക്കുകയും ഒട്ടും വൈകാതെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്വാബ് എടുത്ത് പരിശോധന നടത്തുകയും ചെയ്തു. ഉംറ കഴിഞ്ഞ് 21 പേര്‍ പഞ്ചായത്തില്‍ എത്തിയതായി കണ്ടെത്തുകയും എല്ലാവരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തു.
ഗ്രാമപഞ്ചായത്തില്‍ ഒരു ഘട്ടത്തില്‍ 514 പേര്‍ നിരീക്ഷണത്തിലുണ്ടായിരുന്നു; 505 പേര്‍ വാസ ഗൃഹങ്ങളിലും 9 പേര്‍ ആശുപത്രിയിലും.ഇപ്പോള്‍ ഗൃഹ നിരീക്ഷണത്തില്‍ 20 പേര്‍ മാത്രമാണ് ഉള്ളത്.
ആരോഗ്യ പ്രവര്ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഭരണസമിതിയും ജീവനക്കാരും ജാഗ്രത പുലര്‍ത്തി വരുന്നു.
തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ (CHC) മെഡിക്കല്‍ ഓഫീസര്‍ ഡോ.രഞ്ജിതയുടെ സമയോചിത ഇടപെടലുകള്‍ഏറെ സഹായകമായി തീരുന്നുണ്ട്.
അഗ്നിശമന സേനാ വിഭാഗം
തൃക്കരിപ്പൂര്‍ ഫയര്‍ & റെസ്ക്യു വിഭാഗം ജീവനക്കാര്‍ സ്റ്റേഷന്‍ ഓഫീസര്‍ ശ്രീ.പി.സതീഷിന്‍റെ നേതൃത്വത്തില്‍ കൊറോണ വൈറസ് വ്യാപന പ്രതിരോധത്തില്‍ സജീവമായി ഇടപെട്ട് സേവനങ്ങള്‍ നടത്തി. തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ്, ബസ് സ്റ്റാന്‍ഡിലേയും ടൌണിലേയും കെട്ടിടങ്ങള്‍, പ്രധാന ഓഫീസുകള്‍, മാര്‍ക്കറ്റ്, അറവുശാലകള്‍, കടകള്‍, തെരുവുകള്‍, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍, തൃക്കരിപ്പൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഒരുക്കുന്ന കെയര്‍ സെന്‍റര്‍ എന്നിവ അണുവിമുക്തമാക്കുകയും പല സ്ഥലങ്ങളിലും എത്തി മാസ്ക്ക് ധരിക്കുന്നത് സംബന്ധിച്ചും കൈ കഴുകേണ്ടതിനെ സംബന്ധിച്ചും ബോധവത്ക്കരണം നടത്തുകയും രോഗികള്‍ക്കാവശ്യമായ മരുന്ന് , ഭക്ഷണസാധനങ്ങള്‍ എന്നിവ എത്തിക്കുന്നതില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു.അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേണ്ടുന്ന ഭക്ഷ്യധാന്യങ്ങളും മറ്റ് വസ്തുക്കളും എത്തിക്കുന്നതിലും ഇവര്‍ വ്യാപൃതരായിരുന്നു. അഗ്നിശമന സേനയുടെ കീഴില്‍ ഉള്ള സിവില്‍ ഡിഫന്‍സ് ഫോഴ്സ് വളണ്ടിയര്‍മാരും അപ്പപ്പോള്‍ വേണ്ടുന്ന സഹകരണം നല്‍കുകയുണ്ടായി.
പോലീസ്
ലോക്ക്ഡൌണ്‍ പ്രഖ്യാപനത്തിനു ശേഷം തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ അതിര്‍ത്തി പ്രദേശങ്ങള്‍ ബാരിക്കേഡുകള്‍ വെച്ച് അടക്കുന്നതിനും പ്രസ്തുത സ്ഥലങ്ങളില്‍ നിതാന്ത ജാഗ്രതയോടെ കാവല്‍ നില്‍ക്കുന്നതിനും തൃക്കരിപ്പൂര്‍ ടൌണിലും കച്ചവട സ്ഥാപനങ്ങളിലും മാര്‍ക്കറ്റിലുമെത്തുന്ന പൊതുജനങ്ങളെയും തലങ്ങും വിലങ്ങും ഓടുന്ന വാഹനങ്ങളെയും നിയന്ത്രിക്കുന്നതിനും ജനങ്ങളെ വീടുകളില്‍ ഒതുങ്ങിക്കഴിയുവാന്‍ പ്രേരിപ്പിക്കുന്നതിനും പോലീസ് വിഭാഗം പൊരിവെയിലത്ത് അത്യധ്വാനം ചെയ്തു.
ആദ്യ നാളുകളില്‍ ടൌണില്‍ യാതൊരു നിയന്ത്രണവുമില്ലാതെ വന്നിരുന്ന ജനങ്ങളെ വിരട്ടിയോടിച്ചത് സമൂഹവ്യാപനം തടയുവാന്‍ അത്യന്തം പ്രയോജനം ചെയ്തു.
രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിലും മരുന്നുകള്‍ എത്തിക്കുന്നതിനും പോലീസ് ഉദ്യോഗസ്ഥര്‍ ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ചു വരുന്നു.പൊരിവെയിലത്ത് നിലയുറപ്പിച്ച് നാടിനും നാട്ടുകാര്‍ക്കും വേണ്ടി സേവനം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ത്യാഗത്തെ എത്ര പ്രശംസിച്ചാലും അധികമാവില്ല.
അനുബന്ധ പ്രവര്‍ത്തനങ്ങള്‍
1. ഉടുമ്പുന്തല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ ഒ.പി. സമയ പരിധി ദീർഘിപ്പിക്കുന്നതിന്‍റെ ഭാഗമായി മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ 3 മാസത്തേക്ക് നിയമനം നടത്തി. അതുവഴി മെച്ചപ്പെട്ട സേവനം ഈ കാലത്ത് നല്‍കുവാന്‍ സാധിച്ചു.
2. രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി തൃക്കരിപ്പൂര്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ “ആയുര്‍ രക്ഷാ ക്ലിനിക്ക്” എന്ന പേരില്‍ പ്രതിരോധ മരുന്നുകളും 60 വയസ്സ് കഴിഞ്ഞവര്‍ക്കായി “സുഖായുഷ്” പദ്ധതി പ്രകാരം പ്രതിരോധ മരുന്ന് വിതരണവും നടത്തി വരുന്നുണ്ട്.
3. തൃക്കരിപ്പൂര്‍ ഹോമിയോ ഡിസ്പെന്‍സറി മുഖേന പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി “ ഇമ്മ്യൂണ്‍ ബുസ്റ്റര്‍” ഹോമിയോ മരുന്ന് വിതരണം നടന്നു വരുന്നു.
4. ബേക്കറിയില്‍ വില്‍പ്പനക്ക് വെച്ചിരുന്ന പഴകിയ റൊട്ടിയും മറ്റു ബേക്കറി സാധനങ്ങളും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പരിശോധന നടത്തി നശിപ്പിക്കുകയുണ്ടായി.
5. തൃക്കരിപ്പൂര്‍ മത്സ്യമാര്‍ക്കറ്റിലും നടക്കാവിലും വില്‍ക്കാനായി ഇറക്കിയ അഴുകിയ മത്സ്യം നിരവധി തവണ ആരോഗ്യ- റവന്യു-പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പിടികൂടി നശിപ്പിക്കുകയുണ്ടായി.
6. തൃക്കരിപ്പൂര്‍ കൃഷിഭവന്‍ മുഖേന 25000 പച്ചക്കറി തൈകളും 7000 പാക്കറ്റ് പച്ചക്കറി വിത്തുകളും ജനപ്രതിനിധികള്‍, കുടുംബശ്രി പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ വഴി വീടുകളില്‍ വിതരണം ചെയ്തു.
7. പ്രാദേശിക ചാനല്‍ ടി.സി.എന്‍. ഏതാനും ദിവസങ്ങളിലായി ഫെയ്സ്ബുക്ക് ലൈവായി ഒരുക്കിയ ഗാനാലാപനം വീടുകളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന പ്രേക്ഷകര്‍ക്കും ശ്രോതാക്കള്‍ക്കും നവ്യാനുഭവമായി.
കൊറോണക്കാലത്തെ ചില പോസിറ്റീവ് ചിന്തകള്‍
1. സാമൂഹിക ചടങ്ങുകള്‍ക്ക് ആള്‍ക്കൂട്ടം അനിവാര്യമല്ലെന്ന് കൊറോണ തെളിയിച്ചു.
a. ലോക്ക്ഡൌണ്‍ പ്രഖ്യാപനത്തിനു മുമ്പേ ഉറപ്പിച്ച വിവാഹങ്ങള്‍ ആര്‍ഭാടമില്ലാതെ ചടങ്ങുകളില്‍ മാത്രം ഒതുങ്ങി.
b. പ്രമുഖ വ്യക്തികളുടേതടക്കം വേർപാടുകളില്‍ നാമമാത്ര ജനപങ്കാളിത്തം.
c. മരണാനന്തര ചടങ്ങിന്‍റെ ഭാഗമായ സദ്യ പാടെ ഒഴിവായി. (സമൂഹ അടുക്കളയിലേക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കി ചിലര്‍ മാതൃകയായി).
d. വിഷു, ഈസ്റ്റര്‍, തെയ്യം , നേര്‍ച്ച, ഉറൂസ്- ഇവയ്ക്കൊക്കെ നാം അവധി കൊടുത്തു; ആചാരങ്ങള്‍ ഇരുമ്പുലക്കയല്ലാതായി.
e. കേക്കില്ല, തണ്ണീര്‍ മത്തന്‍ മുറിച്ചും ജന്മദിനാഘോഷം നടത്തുന്നു.
f. സീരിയലുകള്‍ക്കും കൊറോണ ബാധിച്ചു.
2. ബഹുഭൂരിപക്ഷം മദ്യപരുടേയും കുടി നിര്‍ത്തിച്ചു. പതിവായി മദ്യപിച്ചവര്‍ കുടുംബാംഗങ്ങളുമൊത്ത് വീട്ടില്‍ കഴിയുന്നു. കുടി നിര്‍ത്തണോ? ഇതാണ് നല്ല കാലം.
3. ബ്രിട്ടീഷ് പത്രം “ദി ഗാര്‍ഡിയന്‍” പ്രഖ്യപിച്ചു: “ഹസ്തദാനത്തിന്‍റെ അവസാനം” (“The end of the Hand shake”) .-നമ്മുടെ കൈകൂപ്പിയുള്ള “നമസ്തേ” , “നമസ്ക്കാരം” വീണ്ടെടുക്കാം, ലോകം മുഴുവന്‍.
4. സാമൂഹിക അകലവും ശുചിത്വ നിയമങ്ങളും ഉള്‍പ്പെട്ട പുതിയ കാലത്തിലെ നിയമങ്ങള്‍ പാലിച്ച് അതിജീവനത്തിന്‍റെ വഴിയിലൂടെ കരുതലോടെ നീങ്ങാന്‍ നാം പഠിച്ചു.
5. ദിനേന അലറി വിളിച്ചു പായുന്ന ആംബുലന്‍സുകളും അത്യാസന്നക്കാരും എവിടെപ്പോയി.
6. വാഹന അപകടങ്ങളില്‍ ജീവന്‍ പൊലിയുന്നത് ഇല്ലാതാവുന്നത് കൊറോണക്കാലത്തെ ആശ്വാസം തന്നെയല്ലേ.
7. വെണ്ട, ചീര, പയര്‍, മുരിങ്ങ, വാഴ, പപ്പാ., പച്ചമുളക് എന്നിവ കൊറോണക്കാലത്ത് നട്ടു വളര്ത്തി വിളവെടുക്കാന്‍ നാം കാത്തിരിക്കുന്നു. കൃഷിയുടെ പ്രാധാന്യം നാം തിരിച്ചറിഞ്ഞിരിക്കുന്നു.
8. എന്നും വീട്ടിലിരിക്കുന്ന ഭാര്യയുടെ നല്ല ഭര്ത്താവ് അല്ലാതിരുന്ന, സ്ഥിരമായി മക്കളോടൊപ്പം ഭക്ഷണം കഴിക്കുന്ന അവരുടെ നല്ല അച്ഛന്‍ അല്ലാതിരുന്ന പുരുഷന്‍, ഭാര്യയുടെ നല്ല ഭര്ത്താവും, മക്കളുടെ പ്രിയപ്പെട്ട അച്ഛനുമായിരിക്കുന്നു.
9. മുമ്പില്ലാത്ത വിധം അകലത്തുള്ളവരെക്കുറിച്ച് ആധികള്‍ കൂടുന്നു. അകലം കൂടുന്തോറും അടുപ്പം കൂടുന്നതറിയുന്നു.
10. അയല്പക്കത്തേക്ക് നോക്കി എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അന്വേഷിക്കുന്നു. അതിര്ത്തികള്‍ അടക്കുമ്പോഴും ഹൃദയങ്ങള്‍ തുറന്നിടുന്ന വിശാലതയിലേക്ക് ഈ മഹാമാരി നമ്മളെ എത്തിച്ചു.
11. ഗാര്‍ഹിക പാചകത്തിന് എല്ലാവരും നിര്‍ബന്ധിതമാകുന്നു. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്നേഹ ബന്ധത്തിന്‍റെ മാധുര്യം വര്‍ദ്ധിക്കുന്നു.
12. നാട്ടുകാര്‍ മൊത്തമായി നല്ലൊരു നാളെയെ സ്വപ്നം കാണുന്നു.
13. പഴയ കാലത്തെ യുവാക്കളുടെ നേരംപോക്ക് വിനോദങ്ങളായ മീന്‍ പിടുത്തം, പട്ടം പറത്തല്‍ എന്നിവ ഗ്രാമ കാഴ്ചകളാകുന്നു.
14. കക്ഷി-രാഷ്ട്രീയ-ജാതി-മത ഭേദങ്ങളില്ലാതെ മാനവീയം പുലരുന്നു.
15. അപകടങ്ങളും ഭവന ഭേദനങ്ങളും മോഷണവും കൊലപാതകവുമില്ല,
അധാർമ്മികതയ്ക്ക് കാലുറപ്പിക്കാന്‍ വേണ്ടത്ര അവസരമില്ലാത്ത കാലം.
16. വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന പൊടി പിടിച്ച പുസ്തകങ്ങള്‍ തട്ടിയെടുത്ത് വായിക്കാന്‍ പ്രേരിപ്പിച്ചതും കൊറോണയാണ്. എല്ലാവരും വായനക്കാരും ചിത്രകാരന്‍മാരും ഗായകരും ആകുന്നു.
17. നമ്മുടെ പറമ്പുകളിലും വൃക്ഷങ്ങളിലും ധാരാളം പക്ഷികള്‍. പക്ഷികള്‍ക്ക് അവരുടെ സങ്കേതവും സംഗീതവും തിരിച്ചു കിട്ടി. ദേശാടന പക്ഷികള്‍ക്ക് സ്വൈര്യമായി വിഹരിക്കാനും വിശ്രമിക്കാനും അവസരം ലഭിച്ചു. മൃഗങ്ങള്‍ മനുഷ്യരൊഴിഞ്ഞ കാട്ടുവഴികള്‍ വീണ്ടെടുത്തു. വന്യജീവികള്‍ക്കും പക്ഷികള്‍ക്കും സുവര്‍ണ്ണകാലം,
18. വായു മലിനീകരണവും ജലമലിനീകരണവും നന്നേ കുറഞ്ഞിരിക്കുന്നു. ഓസോണ്‍ പാളിയുടെ വിടവുകള്‍ ചുരുങ്ങുന്നു. പ്രകൃതി വീണ്ടും പുഞ്ചിരിച്ചു തുടങ്ങിയിരിക്കുന്നു.
19. അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞു. പഞ്ചാബിലെ ജലന്ധറില്‍ നിന്നും ഹിമാലയന്‍ മലനിരകള്‍ കാണാമത്രേ,തിരുവനന്തപുരം നഗരത്തില്‍ നിന്ന് പശ്ചിമഘട്ട മലനിരകളുടെ മനോഹരമായ കാഴ്ച കാണാം,
20. നവ സമൂഹ മാധ്യമങ്ങള്‍ കലയും സാഹിത്യവും പൊതുവിഷയങ്ങളും ചര്‍ച്ച ചെയ്യാനുള്ള വേദിയായി മാറുന്നു. മനുഷ്യ മനസ്സിന് അല്‍പ്പം ശാന്തിയും സമാധാനവും ലഭിക്കുവാന്‍ സാങ്കേതിക വിദ്യാ വിവരങ്ങള്‍ക്ക് കഴിയുന്നുണ്ട്.
21. വന്‍കിട (ബിസിനസ്സ്) ആശുപത്രികളില്‍ അഡ്മിറ്റാകുന്ന രോഗികള്‍ ഗണ്യമായി കുറഞ്ഞു. കോവിഡിനു മുമ്പ് ആന്‍ജിയോഗ്രാം, ബൈപ്പാസ്, ബ്ലോക്ക് നീക്കല്‍ ഉറപ്പിച്ചവര്‍ ആരും ഈ കാലത്ത് ഹൃദയം പൊട്ടി മരിച്ചില്ല.
22. ഷോപ്പിംഗ് മാളുകളിലേയും സൂപ്പര്‍ ബസാറിലേയും നുള്ളിപ്പെറുക്കലുകള്‍ക്ക് കൊറോണ അന്ത്യം കുറിച്ചു.
23. ന്യൂജന്‍ ഭക്ഷണമായ സാന്‍ഡ് വിച്ച്, ബര്‍ഗര്‍, കുലുക്കി സര്‍ബത്ത്- ഇവയൊക്കെ ഇല്ലെങ്കിലും കഴിഞ്ഞു കൂടാമെന്ന് ബോധ്യമായി.
24. സമൂഹം ദാമ്പത്ത്യത്തിന്‍റെ താളം വീണ്ടെടുക്കുന്നതായി റിപ്പോര്‍ട്ട്- കുഞ്ഞിക്കാലുകാണാന്‍ ചികിത്സ തേടിയിരുന്ന പലരിലും സ്വാഭാവിക ഗര്‍ഭ ധാരണം നടന്നുവത്രേ.
25. സ്ഥാന വലിപ്പവും ഉന്നത ജാതിയും വംശവും ശരീര സൌന്ദര്യവും അഹങ്കാരവും അസ്തമിക്കുന്ന ഒരു കാലഘട്ടമായി കൊറോണക്കാലം മാറിയിരിക്കുന്നു, ഈ ഭൂഗോളത്തില്‍.
ഉപസംഹാരം
കോവിഡിന്‍റെ അതിജീവനം കഴിഞ്ഞുള്ള നാളുകള്‍ ആശങ്ക ഉയര്‍ത്തുന്നു .
പക്ഷേ.....
ലോകത്തിനു തന്നെ നാം മാതൃകയായി മാറി.
ഈ കറുത്ത കാലം നാം അതിജീവിക്കും.
ഈ പീഡനകാലം നാം അതിജീവിക്കും................... നവ കേരളത്തിലേക്ക്
No comments:
Post a Comment