Sunday, May 17, 2020

വേണം അധിക ജാഗ്രത .......

കോവിഡ് മുക്ത ജില്ലയെന്ന അംഗീകാരത്തിന് ഇരുപത്തിനാലു മണിക്കൂർ പോലും ആയുസ്സ് കിട്ടാതിരുന്നതിലെ വിഷമത്തിലാണല്ലോ നാമെല്ലാവരും.അമ്പതു ദിവസത്തെ കഠിനപ്രയത്നങ്ങൾ കൈവിട്ടു പോകുന്നുവോ എന്ന ആശങ്ക എങ്ങും പരന്നിരിക്കുന്നു.ഒന്നും ഇനിയും കൈവിട്ടു പോയിട്ടില്ല.

നമ്മുടെ സഹോദരങ്ങളെ തിരികെ വരാനനുവദിച്ചതിലൂടെയാണ് ഇപ്പോഴുള്ള ആശങ്കകൾ ഉടലെടുത്തത്.ഇത് നമുക്ക് മാറ്റിവയ്ക്കാവുന്ന ഒരു കാര്യമല്ല.അവരെ നാട്ടിലേയ്ക്ക് തിരികെ കൊണ്ടു വരേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.ആദ്യ ഘട്ടത്തിലെ പ്രതിസന്ധികൾക്കു ശേഷം എല്ലാം സാധാരണ നിലയിലാകും.

പുറമേ നിന്ന് വന്നവരിൽ രോഗം സ്ഥിരീകരിക്കപ്പെടുന്നത് സ്വാഭാവികം.പക്ഷെ അവരിൽ നിന്ന് രോഗവ്യാപനമുണ്ടാകുന്നത് നമുക്ക് തടഞ്ഞേ മതിയാകൂ.അതിനായി കഴിഞ്ഞ അമ്പതു ദിവസത്തെ എല്ലാ അനുഭവ ജ്ഞാനവും നാം ഉപയോഗിച്ചേ പറ്റൂ.

തിരികെ വരുന്ന ഓരോ വ്യക്തിയും കോവിഡ് രോഗിയാണെന്ന് വിചാരിച്ച് മാത്രമേ അവരുമായി ഇടപഴകാൻ പാടുള്ളൂ.സർക്കാർ സംവിധാനം പരമാവധി സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.രോഗ ലക്ഷണം കാണിക്കുന്നവരെ ഉടൻ പരിശോധനയ്ക്ക് വിധേയമാക്കുന്നു.ബാക്കിയുള്ളവരെ ഹോം ക്വാറൻ്റയിനിലോ സ്ഥാപന ക്വാറൻ്റയിനിലോ നിരീക്ഷണത്തിലാക്കുന്നു.

കാര്യ ഗൌരവം വന്നവർക്കും വീട്ടിലെ ബന്ധുക്കൾക്കും ഉണ്ടായിരിക്കണം.എന്തു സംശയത്തിനും പരിഹാരമുണ്ട്.ക്വാറൻ്റയിൻ ദിനങ്ങളിൽ ശരിക്കും ഒരു രോഗിയാണെന്ന് വിചാരിച്ച് തന്നെ പെരുമാറണം.അവിടെ സ്നേഹത്തിനോ വാത്സല്യത്തിനോ പ്രീണനത്തിനോ സാഹചര്യമുണ്ടാകാൻ പാടില്ല.

പിന്നെ പാസില്ലാതെ ഊടുവഴികളിലൂടെ ചാടിവീഴുന്ന വിദഗ്ധരെ നിഷ്കരുണം കൈകാര്യം ചെയ്യുക.അവർക്കെതിരെയും  സഹായികൾക്കെതിരെയും മുഖം നോക്കാതെ   നടപടിയുണ്ടാകും

സമൂഹവ്യാപനത്തിന് ഇടയാക്കുന്ന വ്യക്തിയെ സമൂഹം ഒറ്റപ്പെടുത്തുമെന്ന കാര്യം എല്ലാവരും ഓർക്കുന്നത് നല്ലതാണ്.

പഞ്ചായത്ത് ഓഫീസുകളിലെ ജീവനക്കാരുടെ സുരക്ഷയ്ക്ക് അതീവ മുൻഗണന കൊടുക്കേണ്ടതുണ്ട്.ഫ്രണ്ട് ഓഫീസ് നിയമങ്ങളിൽ പറയുന്നതനുസരിച്ച് ഒരു കാരണവശാലും ജീവനക്കാരൊഴിച്ച് ആരും തന്നെ ബാക്ക് ഓഫീസിൽ പ്രവേശിക്കരുത്.ആവശ്യമെങ്കിൽ ഒരു ഹെൽപ്പ് ഡസ്ക് ആരംഭിച്ച്  ജനങ്ങൾക്ക് ഫോണിൽ ബന്ധപ്പെടുന്നതിനുള്ള സൌകര്യം ഒരുക്കണം.ഓൺലൈനായി മാത്രം പരമാവധി സേവനം നൽകുക.ഓഫീസിൽ തിരക്കനുഭവപ്പെടാൻ സാദ്ധ്യതയുള്ള പക്ഷം ആവശ്യമെങ്കിൽ പോലീസിൻ്റെ സഹായം ആവശ്യപ്പെടണം.

ഫ്രണ്ട് ഓഫീസിൽ ഒരു മെസേജ് ബുക്ക് വച്ച് അതു മുഖാന്തിരം മാത്രം ബാക്ക് ഓഫീസുമായി ബന്ധപ്പെടണം.വർഷങ്ങളായി നാം ആഗ്രഹിക്കുന്നതും എന്നാൽ പ്രാവർത്തികമാക്കാൻ കഴിയാത്തതുമായ ഈ കാര്യത്തിന് നമുക്ക് തുടക്കം കുറിക്കാം.

യോഗങ്ങൾ നീണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കണം.നല്ല അജണ്ട കുറിപ്പ് സഹിതം യോഗത്തിന് കത്ത് കൊടുത്താൽ യോഗം പെട്ടെന്ന് അവസാനിപ്പിക്കാൻ കഴിയും.

പൈവളികെ ഗ്രാമ പഞ്ചായത്തിലെ സ്ഥിതി ഇനി ഒരു ഓഫീസിനും വരരുത്.ഓഫീസ് അടച്ചിട്ടു.പ്രാദേശിക സർക്കാർ എന്ന സംവിധാനം തന്നെ അവിടെ മരവിച്ചു പോയി.പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ക്വാറൻ്റയിനിൽ പ്രവേശിച്ചാലുള്ള അവസ്ഥ എന്തായിരിക്കും.ക്വാറൻ്റയിനിലുള്ളവർക്ക് ഭക്ഷണം മറ്റ് ആവശ്യങ്ങൾ നിരീക്ഷണം ഇതൊക്കെ ആരു നടത്തും.പാസിന് വേണ്ടി അടികൂടിയ വളണ്ടിയർമാർ പോലും അപകടം മണത്തതോടെ പിൻവാങ്ങി.ഇത്തരം സാഹചര്യം ഒഴിവാക്കാൻ ഓഫീസുകൾ ജാഗ്രത പാലിച്ചേ മതിയാകൂ.

ജീവനക്കാർ മാസ്ക് സാനിറ്റൈസർ ഹാൻ്റ് വാഷ് എന്നിവയുടെ ഉപയോഗം ശീലിക്കണം.പലപരും മാസ്ക് കൃത്യയമായി ധരിക്കാത്ത സാഹചര്യമുണ്ടാകുന്നുണ്ട്.ഇടവേളകളിൽ കൈകൊണ്ട് മാസ്കിനെ വലിച്ചു കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിലൂടെ അത് ഉപയോഗിച്ചതു കൊണ്ട് പ്രത്യേകിച്ച് ഒരു ലാഭവുമില്ലാത്ത സ്ഥിതിവിശേഷമുണ്ടാകുന്നു.

ഇടവേളകളിൽ ഓഫീസ് അണിവിമുക്തമാക്കണം.കഴിവതും ഒരു ആശുപത്രിയുടെ ശുചീകരണ പ്രക്രിയ ഓരോ ഓഫീസിലും നടക്കണം.

മോണിറ്ററിംഗ് സമിതികൾ ക്വാറൻ്റയിനുള്ള വ്യക്തികളെ നിരീക്ഷിക്കുന്നു എന്നുറപ്പു വരുത്തണം.വീഴ്ചവരുത്തുന്നവരെ പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ ഒരു സ്വാർത്ഥ ചിന്തകളും തടസ്സമാകരുത്.

മഴക്കാലം പടിവാതിലെലെത്തിയിരിക്കുന്നു. പകർച്ച വ്യാധികളുടെ വ്യാപനം ഇതിനകം തന്നെ ഉണ്ടായിട്ടുണ്ട്.മാലിന്യം നീക്കം ചെയ്യലും,ബോധവൽക്കരണ പ്രവർത്തനങ്ങളും ഈ കൊറോണക്കാലത്തും നമുക്ക് തുടരേണ്ടതുണ്ട്.

പല ഓഫീസുകളും താളം തെറ്റിയിട്ടാണുള്ളത്.ലോക്ക് ഡൌൺ ഇളവുകൾ വരുന്നതോടെ ജനങ്ങൾ സേവനത്തിനായി വന്നു തുടങ്ങും.അതുകൊണ്ട് ഓഫീസുകൾ പ്രവർത്തനങ്ങൾ പതുക്കെ ശരിയാക്കി കൊണ്ടുവരേണ്ടതുണ്ട്.ഇനിയും ജോലിയ്ക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരുണ്ട് നമ്മുടെ ഇടയിൽ.എല്ലാവരും ജോലിയ്കെത്താനുള്ള സാഹചര്യം ഉണ്ടാകണം.

പദ്ധതി പുനക്രമീകരിക്കുന്നതോടൊപ്പം കാർഷിക മേഖലയിലെ ആനുകൂല്യങ്ങൾ നമുക്ക് കൊടുത്തു തുടങ്ങാം.ഗുണഭോക്തൃ പട്ടിക തയ്യാറാക്കാനുള്ള സർക്കാർ നിർദ്ദേശിച്ച ലളിതമായ മാർഗ്ഗം അവലംബിച്ച് കഴിവതും വേഗം പട്ടിക അന്തിമമാക്കി ആനുകൂല്യങ്ങൾ വിതരണം നടത്തണം.

തിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്താൻ തന്നെയാണ് ഉദ്ദേശിക്കുന്നത്.കഴിഞ്ഞ രണ്ട് ടേമിലെ സംവരണ വാർഡ് വിവരങ്ങൾ അടങ്ങുന്ന ഫയൽ എടുത്ത് പഠിച്ച് വയ്ക്കണം.തിരക്കിനിടയിലും കാര്യങ്ങൾ നടത്തിക്കൊണ്ടു പോകാൻ നാം മുൻകൂട്ടി സജ്ജരായിരിക്കണം.

ഇപ്പോഴുള്ള ആശങ്കയുടെ കാർമേഘങ്ങൾ പെട്ടെന്ന് തന്നെ ഒഴിഞ്ഞു പോകുമെന്ന് കരുതാം

No comments:

Post a Comment