കോവിഡ് 19 സ്ഥിതിവിവരം
ഇന്നത്തെ പരിശോധനാ ഫലം 29 പേര്‍ക്ക് പോസിറ്റീവാണ്. നെഗറ്റീവ് ഫലം ഇല്ല. കൊല്ലം 6, തൃശൂര്‍ 4, തിരുവനന്തപുരം, കണ്ണൂര്‍ 3 വീതം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് രണ്ടുവീതം, എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.
ഇന്ന് പോസിറ്റീവായ 29 പേരില്‍ 21 പേര്‍ വിദേശങ്ങളില്‍നിന്ന് വന്നവരാണ്. ഏഴുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട് (ഹെല്‍ത്ത് വര്‍ക്കര്‍).
ഇതുവരെ 630 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 130 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 67,789 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 67,316 പേര്‍ വീടുകളിലും 473 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 45,905 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 44,651 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 5154 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5082 നെഗറ്റീവായിട്ടുണ്ട്. 29 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി ആറ് ഹോട്ട്സ്പോട്ടുകള്‍ പുതുതായി വന്നു.
ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ
മെയ് 31 വരെ കേന്ദ്ര ഗവണ്‍മെന്‍റ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു മാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് ഇനി പറയുന്ന നിയന്ത്രണങ്ങള്‍ വരുത്തും. രാജ്യത്ത് പൊതുവായി അനുവദനീയമല്ലാത്ത വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നില്ല.
സ്കൂളുകള്‍, കോളേജുകള്‍, മറ്റു ട്രെയിനിങ് കോച്ചിങ് സെന്‍ററുകള്‍ എന്നിവ അനുവദനീയമല്ല. എന്നാല്‍, ഓണ്‍ലൈന്‍/വിദൂര വിദ്യാഭ്യാസം എന്നിവ പരമാവധി പ്രോല്‍സാഹിപ്പിക്കും.
*ഇനി പറയുന്ന
പ്രവര്‍ത്തനങ്ങള്‍ നിബന്ധനകളോടുകൂടി അനുവദിക്കും*
ജില്ലയ്ക്കകത്തുള്ള ജല ഗതാഗതമുള്‍പ്പെടയുള്ള പൊതുഗതാഗതം (സീറ്റിങ് കപ്പാസിറ്റിയുടെ അമ്പതു ശതമാനം ആളുകളെ മാത്രമെ അനുവദിക്കൂ. യാത്രക്കാരെ നിര്‍ത്തിയുള്ള യാത്ര അനുവദിക്കുന്നതല്ല.)
അതത് ജില്ലക്കുള്ളിലെ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരം
*മറ്റു ജില്ലകളിലേക്കുള്ള യാത്രകള്‍:*
അന്തര്‍ ജില്ലാ യാത്രയ്ക്ക് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അനുവദനീയമായ കാര്യങ്ങള്‍ക്ക് യാത്രചെയ്യുന്നതിന് അനുമതി നല്‍കും. രാവിലെ 7 മുതല്‍ വൈകിട്ട് 7 മണിവരെയുള്ള യാത്രകള്‍ക്ക് പ്രത്യേക യാത്രാപാസ് ആവശ്യമില്ല. തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതിയാല്‍ മതിയാകും. കോവിഡ് 19 നിര്‍വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, അവശ്യസര്‍വീസിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് യാത്രചെയ്യുന്നതിന് ഈ സമയ പരിധി ബാധകമല്ല.
ഇലക്ട്രീഷ്യന്മാര്‍, മറ്റു ടെക്നീഷ്യന്‍മാര്‍ തങ്ങളുടെ ട്രേഡ് ലൈസന്‍സ് കോപ്പി കയ്യില്‍ കരുതണം. സമീപമല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്നോ ജില്ലാ കളക്ടറില്‍ നിന്നോ അനുമതി നേടിയിരിക്കണം (അവശ്യ സര്‍വ്വീസുകളില്‍ ജോലിചെയ്യുന്ന ജീവനകാര്‍ക്ക് ഇത് ബാധകമല്ല).
ജോലി ആവശ്യങ്ങള്‍ക്കായി സ്ഥിരമായി ദൂരെ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രത്യേക യാത്രപാസ് ജില്ലാ കളക്ടര്‍/പൊലീസ് മേധാവിയില്‍ നിന്നും നേടേണ്ടതാണ്. എന്നാല്‍ ഹോട്ട്സ്പോട്ടുകളിലെ കണ്ടയിന്‍മെന്‍റ് സോണുകളില്‍ പ്രവേശനത്തിന് കൂടുതല്‍ ശക്തമായ നിരീക്ഷണം ഉണ്ടാകും.
അനുവദനീയമായ പ്രവൃത്തികള്‍ക്ക് പുറമെ ലോക്ക്ഡൗണ്‍മൂലം ഒറ്റപ്പെട്ടുപോയ വിദ്യാര്‍ത്ഥികള്‍, ബന്ധുക്കള്‍ എന്നിവരെ കൂട്ടിക്കൊണ്ടുവരുന്നതിനും അവരവരുടെ വീടുകളിലേക്ക് പോകുന്നതിനും, ജോലിയിടങ്ങളില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വീടുകളില്‍ പോകുന്നതിനും അനുമതി നല്‍കും. മറ്റ് അടിയന്തിരാവശ്യങ്ങളുമായി ബന്ധപ്പെട്ടും അന്തര്‍ജില്ലാ യാത്ര അനുവദിക്കും.
*വാഹനയാത്രകള്‍:*
സ്വകാര്യ വാഹനങ്ങള്‍, ടാക്സി ഉള്‍പ്പെടെ നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടു പേര്‍. കുടുംബമാണെങ്കില്‍ മൂന്നുപേര്‍.
ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍. കുടുംബമാണെങ്കില്‍ 3 പേര്‍.
ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍. കുടുംബാംഗമാണെങ്കില്‍ മാത്രം പിന്‍സീറ്റ് യാത്ര അനുവദിക്കും.
ആരോഗ്യകാരണങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കാന്‍ പൊലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കും.
വിവിധ സോണുകളിലെ കണ്ടയിന്‍മെന്‍റ് സോണുകളിലേക്കും അതിനു പുറത്തേക്കുമുള്ള യാത്രകള്‍ അനുവദനീയമല്ല. അടിയന്തര ഘട്ടങ്ങളില്‍ ഇത്തരം യാത്ര നടത്തുന്നവര്‍ എത്തിച്ചേരുന്ന സ്ഥലത്ത് 14 ദിവസത്തെ ഹോം/സ്ഥാപന ക്വാറന്‍റയിനില്‍ ഏര്‍പ്പെടേണ്ടതാണ്. എന്നാല്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അനുവദനീയമായ പ്രവൃത്തികള്‍ക്കുള്ള യാത്രകള്‍ നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍/സന്നദ്ധ സേവകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബാധകമല്ല.
65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, തുടര്‍ രോഗബാധയുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ എന്നിവര്‍ അടിയന്തര/ചികിത്സ ആവശ്യങ്ങള്‍ക്കൊഴികെ പരമാവധി വീടുകളില്‍തന്നെ കഴിയേണ്ടതാണ്.
*വാണിജ്യ/ വ്യപാര/ സ്വകാര്യ സ്ഥാപനങ്ങള്‍:*
ഷോപ്പിങ് കോംപ്ലക്സുകളില്‍ (മാളുകള്‍ ഒഴികെ) ഒരു ദിവസം ആകെയുള്ള കടകളുടെ അമ്പതു ശതമാനം മാത്രം തുറന്നു പ്രവര്‍ത്തിക്കാം എന്നുള്ള വ്യവസ്ഥയില്‍ കടകള്‍ അനുവദിക്കും. ഏതേത് ദിവസങ്ങളില്‍ ഏതൊക്കെ തുറക്കണമെന്നത് അതത് ഷോപ്പിങ് കോംപ്ലക്സുകളിലെ കൂട്ടായ്മകള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ അനുമതിയോടുകൂടി തീരുമാനിക്കണം.
എയര്‍കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും ഹെയര്‍കട്ടിങ്, ഹെയര്‍ ഡ്രസിങ്, ഷേവിങ് ജോലികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കാം. ഒരു സമയത്ത് രണ്ടു പേരില്‍ കൂടുതല്‍ കാത്തു നില്‍ക്കാന്‍ പാടില്ല. ഒരേ ടവ്വല്‍പലര്‍ക്കായി ഉപയാഗിക്കാന്‍ പാടില്ല. ഏറ്റവും നല്ലത് കസ്റ്റമര്‍ ടവ്വല്‍ കൊണ്ടുവരുന്നതാണ്. ഫോണില്‍ അപ്പോയിന്‍റ്മെന്‍റ് എടുക്കുന്ന സംവിധാനം പ്രോല്‍സാഹിപ്പിക്കണം.
റെസ്റ്റാറന്‍റുകളിലെ ടേക്ക് എവേ കൗണ്ടറുകളില്‍ നിന്നുള്ള ഭക്ഷണസാധനങ്ങളുടെ വിതരണം രാവിലെ 7 മണിമുതല്‍ രാത്രി 9 മണി വരെ നടത്താം. രാത്രി 10 മണിവരെ ഓണ്‍ലൈന്‍/ഡോര്‍ ഡെലിവറി അനുവദിക്കും.
ബിവറേജസ് ഔട്ട്ലെറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിങ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകള്‍ പാലിച്ചുകൊണ്ട് പാഴ്സല്‍ സര്‍വ്വീസിനായി തുറക്കാവുന്നതാണ്. ബാറുകളില്‍ മദ്യ വിതരണത്തിനും ആഹാര വിതരണത്തിനും ഈ നിബന്ധനകള്‍ ബാധകമാണ്.
ഈ സംവിധാനം നിലവില്‍ വരുന്ന ദിവസം മുതല്‍ ക്ലബുകളില്‍ ഒരു സമയത്ത് 5 ആളുകളിലധികം വരില്ല എന്നുള്ള നിബന്ധനയ്ക്ക് വിധേയമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് മെമ്പര്‍മാര്‍ക്ക് മദ്യവും ആഹാരവും പാഴ്സലായി വിതരണം ചെയ്യാം. ടെലിഫോണ്‍ വഴിയുള്ള ബുക്കിങ്ങോ അനുയോജ്യമായ മറ്റു മാര്‍ഗങ്ങളോ ക്ലബുകള്‍ ഇതിനായി സ്വീകരിക്കണം. ക്ലബുകളില്‍ മെമ്പര്‍മാരല്ലാത്തവരുടെ പ്രവേശനം അനുവദനീയമല്ല.
കള്ളു ഷാപ്പുകളില്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി കള്ളും ആഹാരവും വിതരണം ചെയ്യാവുന്നതാണ്.
*സര്‍ക്കാര്‍ ഓഫീസുകള്‍/സ്ഥാപനങ്ങൾ*
എല്ലാ വിഭാഗം ജീവനക്കാരും 50 ശതമാനം പേര്‍ ഹാജരാകേണ്ടതാണ്. ശേഷിക്കുന്ന ജീവനക്കാര്‍ വീടുകളിലിരുന്ന് ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതും ആവശ്യമെങ്കില്‍ മേലുദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശാനുസരണം ഓഫീസില്‍ എത്തേണ്ടതുമാണ്. പൊതുജനങ്ങള്‍ക്കുള്ള സേവനം നല്‍കാന്‍ ആവശ്യമായ ജീവനക്കാരെ വിന്യസിക്കേണ്ടതാണ്. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ശനിയാഴ്ച ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി ദിവസമായിരിക്കും.
തൊട്ടടുത്തുള്ള ജില്ലകളിലേക്ക് ജീവനക്കാര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. മറ്റു ജില്ലകളില്‍ നിന്നും സ്ഥിരമായി ഓഫീസിലേക്ക് യാത്രചെയ്യുന്നവരുണ്ടെങ്കില്‍ മേലധികാരിയുടെ സാക്ഷ്യപത്രം കയ്യില്‍ കരുതേണ്ടതാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഓഫീസുകളില്‍ ഹാജരാകാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടു ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലകളിലേക്ക് മടങ്ങണം. ഇപ്രകാരം യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ അതത് ജില്ലാ കളക്ടറുടെ മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതും ജില്ലാ കളക്ടര്‍ കോവിഡ് 19 നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ജില്ലാ കളക്ടറേറ്റിലോ സേവനം ഉപയോഗിക്കേണ്ടതുമാണ്.
പരീക്ഷാ നടത്തിപ്പിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് ഉള്‍പ്പെടെ) പ്രവര്‍ത്തിക്കാവുന്നതാണ്. ഇതിന് ശനിയാഴ്ച ഒഴിവ് ബാധകമല്ല.
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകള്‍ക്ക് അനുസൃതമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക.
ഉല്‍പാദന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അധിക സാമ്പത്തികബാധ്യത ഇല്ലാതെ ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കാവുന്നതാണ്.
വിവാഹം,മരണാനന്തര ചടങ്ങുകൾ
വിവാഹച്ചടങ്ങുകള്‍ പരമാവധി 50 ആള്‍ക്കാരെ വച്ചും അനുബന്ധ ചടങ്ങുകള്‍ പരമാവധി 10 പേരെ വച്ചും മാത്രം നടത്തേണ്ടതാണ്.
മരണാനന്തര ചടങ്ങുകള്‍ പരമാവധി 20 ആള്‍ക്കാരെ വെച്ചുമാത്രം നടത്തേണ്ടതാണ്.
*
പൊതുവായ വ്യവസ്ഥകള്‍*
ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ ഊര്‍ജിതമായി നടത്തേണ്ടതാണ്. കടകളിലും, ബാര്‍ബര്‍ഷോപ്പുകള്‍ അടക്കമുള്ള എല്ലാ അനുവദനീയമായ സ്ഥാപനങ്ങളിലും സാനിറ്റൈസറിന്‍റെ ഉപയോഗം കൃത്യമായി ഉറപ്പാക്കേണ്ടതാണ്.
അടഞ്ഞു കിടന്ന സ്ഥാപനങ്ങള്‍ ശുചിയാക്കിയശേഷം ബുധനാഴ്ച മുതല്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചാല്‍ മതിയാകും.
അനുവദനീയമായ എല്ലാ പ്രവര്‍ത്തികളും കൃത്യമായ ശാരീരിക അകലം (6 അടി അഥവാ 1.8 മീറ്റര്‍) പാലിച്ച് മാത്രമെ നിര്‍വ്വഹിക്കാന്‍ പാടുള്ളൂ.
അനുവദനീയമല്ലാത്ത രാത്രി യാത്രകള്‍ ഒഴിവാക്കുന്നതിനായി സിആര്‍പിസി സെക്ഷന്‍ 144 അനുസരിച്ചുള്ള നിരോധിത ഉത്തരവുകള്‍ നടപ്പാക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്. നേരത്തെ യാത്ര തുടങ്ങി ഏഴുമണിക്കു അവസാനിപ്പിക്കാന്‍ സാധിക്കാത്തവരുടെ രാത്രിയാത്രകള്‍ ഈ ഗണത്തില്‍ പെടുത്തേണ്ടതില്ല.
സ്വര്‍ണ്ണം, പുസ്തകം തുടങ്ങി ഉപഭോക്താക്കളുടെ സ്പര്‍ശനം കൂടുതലായി ഉണ്ടാകുന്ന ഇടങ്ങളില്‍ പരമാവധി ശ്രദ്ധ ചെലുത്തേണ്ടതും അതില്ലാതാക്കാനും അണുവിമുക്തമാക്കുന്നതിനും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.
കോവിഡ് 19 നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് ജോലിസ്ഥലങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഞായറാഴ്ച പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ പാലിക്കേണ്ടതാണ്. വിശദാംശങ്ങള്‍ ഉത്തരവിലുണ്ട്.
തുടര്‍ പ്രവര്‍ത്തനം ആവശ്യമായ നിര്‍മാണ യൂണിറ്റുകളും അവയുടെ സപ്ലൈ ചെയിനുകളും.
ചരക്ക് വാഹനങ്ങളുടെ ഗതാഗതം അനുവദിക്കും.
ആരാധനയുടെ ഭാഗമായി കര്‍മ്മങ്ങളും ആചാരങ്ങളും നടത്താന്‍ ചുമതലപ്പെട്ടവര്‍ക്ക് ആരാധനാലയങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദം.
പ്രഭാത നടത്തം/സൈക്ലിങ് എന്നിവ അനുവദിക്കാവുന്നതാണ്.
മറ്റ് അടിയന്തര ഘട്ടങ്ങളില്‍ ജില്ലാ അധികാരികളുടെ/പൊലീസ് വകുപ്പിന്‍റെ പാസ്സിന്‍റെ അടിസ്ഥാനത്തില്‍ മാത്രമെ ഞായറാഴ്ചകളില്‍ യാത്രചെയ്യാന്‍ പാടുള്ളൂ.
എല്ലാ ജില്ലകളിലും ആവശ്യമെങ്കില്‍ ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കുപരിയായുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം ഉണ്ടായിരിക്കും. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താനും ആവശ്യമായ നിയന്ത്രണം കൊണ്ടുവരാനും ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്.
നിയമ ലംഘനം
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഏതെങ്കിലും ആളുകള്‍ ലംഘിക്കുകയാണെങ്കില്‍ 2005ലെ ദുരന്തനിവാരണ നിയമത്തിന്‍റെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും, ഇന്ത്യന്‍ പീനല്‍ കോഡിന്‍റെ 188-ാം വകുപ്പ് പ്രകാരവും, ഉചിതമായ മറ്റ് ചട്ടങ്ങള്‍ പ്രകാരവും നിയമനടപടികള്‍ക്ക് വിധേയനാകേണ്ടിവരും. നിര്‍വ്വഹണച്ചുമതലയുള്ള എല്ലാ വിഭാഗങ്ങളും മുകളിലുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പാക്കേണ്ടതാണ്.
*ട്രെയിന്‍ സര്‍വ്വീസ്*
മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ബുധനാഴ്ച്ച (20ന്) പുറപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പഞ്ചാബ്, കര്‍ണാടകം, ആന്ധ്ര, തെലുങ്കാന, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഒറീസ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.
ഒരു സംസ്ഥാനത്തു നിന്നും അല്ലെങ്കില്‍ ഒരു പ്രത്യേക സ്റ്റേഷനില്‍ നിന്നും 1200 യാത്രക്കാര്‍ ആകുന്ന മുറയ്ക്കാണ് റെയില്‍വെ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്നത്. പുറപ്പെടുന്ന സംസ്ഥാനത്ത് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ആവശ്യമെങ്കില്‍ ഒരു സ്റ്റോപ്പുകൂടി അനുവദിക്കണമെന്ന് റെയില്‍വേയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്പെഷ്യല്‍ ട്രെയിനില്‍ യാത്രാ സൗകര്യം ഉറപ്പുവരുത്താന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്.
യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് registernorkaroots.org എന്ന സൈറ്റിലുള്ള ലിങ്ക് ഉപയോഗിച്ച് ടിക്കറ്റ് ചാര്‍ജ് ഓണ്‍ലൈനായി നല്‍കാം. ഇപ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ട്രെയിന്‍ യാത്ര തീരുമാനിച്ചുകഴിഞ്ഞാല്‍ വിശദാംശങ്ങള്‍ ഫോണ്‍ സന്ദേശമായി ലഭിക്കും. ഇത് സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്നതിനുള്ള പാസ്സായും കണക്കാക്കുന്നതാണ്.
മാസ്ക്
പൊതുജനങ്ങള്‍ മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിന്‍റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന് രൂപം നല്‍കും. ഗ്രാമീണമേഖലയില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പൊലീസിന്‍റെ കാമ്പെയിനിന്‍റെ ഭാഗമായി മാസ്ക് സൗജന്യമായി വിതരണം ചെയ്യും.
മാസ്ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1344 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 16 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
*ബസ് ചാര്‍ജ്*
സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന നിലനില്‍ക്കുന്ന ഘട്ടത്തില്‍ സ്റ്റേജ് ഗ്യാരേജുകളുടെ (റൂട്ട് ബസ്) വാഹനനികുതി പൂര്‍ണമായും ഒഴിവാക്കും. ആ കാലയളവിലേക്ക് മിനിമം ചാര്‍ജ് 50 ശതമാനം വര്‍ധിപ്പിക്കും. കിലോമീറ്ററിന് 70 പൈസ എന്നത് 1.10 പൈസയാകും. യാത്രാ ഇളവുകള്‍ക്ക് അര്‍ഹതയുള്ളവര്‍ പരിഷ്കരിച്ച ചാര്‍ജിന്‍റെ പകുതി നല്‍കിയാല്‍ മതി. ബോട്ട് യാത്രാനിരക്ക് 33 ശതമാനം വരെ വര്‍ധിപ്പിക്കും.
*കാലാവസ്ഥ*
ബംഗാള്‍ ഉള്‍ക്കടലില്‍ രുപം കൊണ്ട ഉംപുന്‍ സൂപ്പര്‍ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കേരളതീരത്ത് നിന്ന് മല്‍സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടുള്ളതല്ല. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
*'സുഭിക്ഷ കേരളം*
ഭക്ഷ്യസ്വയം പര്യാപ്തത ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സംയോജിത കാര്‍ഷിക പുനരുജ്ജീവന പദ്ധതിയായ സുഭിക്ഷ കേരളത്തിന്‍റെ ഭാഗമായി വിവരശേഖരം നടത്താന്‍ കര്‍ഷക രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ വികസിപ്പിച്ചു. ജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിച്ച് ആവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ സമയബന്ധിതമായി കൈമാറുന്നതിനാണ് പോര്‍ട്ടല്‍. www.aims.kerala.gov.in/subhikshakeralam എന്നതാണ് പോര്‍ട്ടല്‍ വിലാസം.
*സഹായം*
തരിശു നിലങ്ങളില്‍ കൃഷിയിറക്കുന്നതടക്കമുള്ള കാര്‍ഷീക രംഗത്തെ സര്‍ക്കാര്‍ ആഹ്വാനങ്ങള്‍ക്ക് സമ്പൂര്‍ണ പിന്തണ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ അറിയിച്ചു. കാര്‍ഷിക വ്യാവസായിക മേഖലയിക്കേറ്റ തിരിച്ചടി മറികടക്കാന്‍ ഒരു സംയോജിത ഭക്ഷ്യ സുരക്ഷ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തു കഴിഞ്ഞു. അവസരോചിതമായ വാരപ്പുഴ അതിരൂപതയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തതും സമൂഹ അടുക്കളകളില്‍ സഹായമെത്തിച്ചതുമടക്കം വരാപ്പുഴ രൂപത 3,95,28,570 രൂപയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി മെത്രാപ്പോലീത്ത അറിയിച്ചു.
ഫെഡറല്‍ ബാങ്ക് കോഴിക്കോട് മേഖലാ ഓഫീസ്, കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിന് 13.44 ലക്ഷം രൂപ സംഭാവന നല്‍കി.