Friday, May 8, 2020

കോവിഡാനന്തര കാലത്തെ കൃഷി -കാസർകോട് ജില്ലയിൽ -ഒന്നാം ഭാഗം

ഡോ.സി.തമ്പാൻ

"വികേന്ദ്രീകൃതാസൂത്രണ വികസന സമീപനത്തിൻ്റെ  സാദ്ധ്യതകളെ പറ്റി കാസറഗോഡ് സി പി സി ആർ  ഐ പ്രിൻസിപ്പൽ സയൻ്റിസ്റ്റ്  ഡോ.സി.തമ്പാൻ വിലയിരുത്തുന്നു."
(Photo courtesy Sri Syamprasad CPCRI)

കോവിഡ് 19 നെതിരെ വിവിധ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഒറ്റക്കെട്ടായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് നാമിപ്പോൾ. ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലെത്തിയതോടെ സർക്കാരിൻ്റെ നേതൃത്വത്തിൽ മുഴുവൻ ജനങ്ങളുടെയും സഹകരണത്തോടെ കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ ദൃശ്യമായി തുടങ്ങിയിട്ടുമുണ്ട്.ഇത് ഏവർക്കും ആശ്വാസം പകരുന്ന കാര്യമാണ്.

ഇതോടൊപ്പം തന്നെ ജന ജീവിതത്തിൻ്റെ വിവിധ തുറകളിൽ കോവിഡ് 19 ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മുക്തമാകുന്നതിനുള്ള വിവിധ ഇടപെടലുകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കും തുടക്കമായിട്ടുണ്ട്.ലോക്ക് ഡൗൺ കാലത്ത് വീട്ടിനകത്ത് ഒതുങ്ങിക്കഴിയുന്ന സമയം മുഷിപ്പില്ലാതെ ക്രിയാത്മകമായി വിനിയോഗിക്കുന്നതിനും കുടുംബത്തിലെല്ലാവർക്കും കുട്ടികൾക്കും ചെറുപ്പക്കാർക്കുമുൾപ്പെടെ കൃഷിയോട് ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിന് സഹായകമാകുന്ന വിവിധ കാർഷിക പ്രവർത്തനങ്ങളിലേർപ്പെടുന്നതിൻ്റെ പ്രാധാന്യം പ്രത്യേകം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

വീട്ടു വളപ്പിലും മട്ടുപ്പാവിലും മറ്റുമായി പച്ചക്കറി വിളകളും മറ്റും നട്ടു വളർത്തുന്നതിൽ ഏറെ താൽപ്പര്യത്തോടെ ധാരാളം കുടുംബങ്ങൾ പങ്കാളികളായി.അനുയോജ്യമായ വിളകളെക്കുറിച്ചും അവയുടെ ശാസ്ത്രീയ പരിപാലന രീതികളെക്കുറിച്ചും വിവിധ മാദ്ധ്യമങ്ങളിലൂടെ പ്രത്യേകിച്ച്  സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ  ആളുകൾക്ക് വിവരം ലഭ്യമാക്കുന്നതിന് വിവിധ ഏജൻസികളും സംഘടനകളും ഫലപ്രദമായി ശ്രമിക്കുകയും ചെയ്തു.

കോവിഡാനന്തര സാഹചര്യങ്ങളിൽ വിവിധ കാരണങ്ങളാൽ ഭക്ഷ്യ ധാന്യങ്ങളുടെയും  മറ്റും ഉൽപ്പാദനത്തിൽ കുറവുണ്ടാകുകയോ കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ധാന്യങ്ങളുടെയും പച്ചക്കറികളുടെയും പഴ വർഗ്ഗങ്ങളുടെയും വരവിന് ഏതെങ്കിലും രീതിയിൽ തടസ്സങ്ങളുണ്ടാവുകയോ ചെയ്താൽ അത് നമ്മുടെ ഭക്ഷ്യ സുരക്ഷയെ ദോഷകരമായി ബാധിക്കും, നമുക്ക് ഏറെ ആശങ്കപ്പെടേണ്ടതായി വരും.


നിലവിലുള്ള നെൽപ്പാടങ്ങൾ നികത്താതെ സംരക്ഷിക്കുകയും നെല്ലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുകയും വേണം.വീട്ടു വളപ്പിലെ കൃഷിയും വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയും പ്രോത്സാഹിപ്പിക്കുന്നത് വഴി പഴം പച്ചക്കറി വിളകളുടെ കൃഷി വിപുലപ്പെടുത്തി ഉൽപ്പാദനം വർദ്ധിപ്പിക്കണം.ദീർഘകാല നാണ്യ വിളകൾ കൃഷി ചെയ്യുന്നതിനാണ് നമ്മുടെ ഭൂപ്രകൃതിയും കാർഷിക പരിസ്ഥിതി സാഹചര്യങ്ങളും കൂടുതൽ അനുകൂലം.

വിലത്തകർച്ചയും മറ്റു പ്രശ്നങ്ങളും കാരണം പ്രധാന നാണ്യവിളകളുടെ കൃഷി പ്രതിസന്ധി നേരിടുന്നു.കൃഷിയിൽ നിന്നും വരുമാനം വർദ്ധിപ്പിക്കുന്നതിന് നാണ്യ വിളകളുടെ കൃഷി കൂടുതൽ കാര്യക്ഷമമാക്കിയേ തീരൂ.സമഗ്രമായ പുനരുദ്ധാരണ പദ്ധതി,ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും കൃഷിച്ചെലവ് കുറയ്ക്കുന്നതിനുമുള്ള ഇടപെടലുകൾ,മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിച്ച് വിപണനം നടത്തുന്നതിനുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ സമീപനങ്ങൾ ഈ മേഖലയിൽ നടപ്പിലാക്കണം.

നമ്മുടെ കൃഷിയിടങ്ങളിൽ ബഹു ഭൂരിപക്ഷവും ചെറുകിട നാമമാത്ര കൃഷിയിടങ്ങളാണ്. വിഭവ പരിമിതികൾ കൊണ്ട് ബുദ്ധിമുട്ടുന്ന ഇത്തരം തുണ്ടുവൽക്കരിക്കപ്പെട്ട കൃഷിയിടങ്ങളിൽ കൃഷി ആദായകരമാക്കുന്നതിന് കർഷക കൂട്ടായ്മകൾ പ്രോത്സാഹിപ്പിക്കണം.കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം തേടുന്ന ആളുകളുടെ എണ്ണം തുലോം കുറവാണ്.പ്രധാന വരുമാനത്തിന് മറ്റു സ്രോ തസ്സുകളെ ആശ്രയിക്കുന്നവരുടെ കൈവശമുള്ള കൃഷി ഭൂമി കാര്യക്ഷമമായി വിനിയോഗിച്ച് കാർഷികോൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ നമ്മുടെ സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു.


കുടുംബശ്രീ,മറ്റു സ്വയംസഹായ സംഘങ്ങൾ കർഷക കൂട്ടായ്മകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ ഇത്തരം അവഗണിക്കപ്പെട്ട കൃഷിയിടങ്ങളിൽ കൃഷി അഭിവൃദ്ധിപ്പെടുത്തി വരുമാനം വർദ്ധിപ്പിക്കുന്നത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം.

കാസർകോട് ജില്ലയുടെ ഭൂപ്രകൃതിയുടെ മുക്കാൽഭാഗത്തോളം 10 മുതൽ 35 ശതമാനം വരെ ചെരിവുള്ള പ്രദേശങ്ങളാണ്.അതുകൊണ്ടു തന്നെ ഈ ഭാഗങ്ങളിൽ മണ്ണൊലിപ്പ് രൂക്ഷമാണ്.അതുപോലെ മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടിയ അളവിൽമഴ കിട്ടുന്ന ജില്ലയാണെങ്കിലും ലഭിക്കുന്ന  മഴ മുഴുവൻ മൂന്നു മാസങ്ങൾകൊണ്ട് പെയ്തൊഴിഞ്ഞു പോകുന്ന സാഹചര്യമാണ്,

ദീർഘിച്ച വേനലും  ജലസേചനത്തിന്റെ അപര്യാപ്തതയും കാർഷികോല്പാദനത്തെ ദോഷകരമായി ബാധിക്കുന്നു.അതുകൊണ്ട് മണ്ണുജലസംരക്ഷണത്തിനും മഴവെള്ള കൊയ്ത്തിനും പ്രാമുഖ്യം കൊടുത്തുകൊണ്ട് നീർത്തടാധിഷ്ഠിത
വികസന സമീപനത്തോടെയുള്ള പദ്ധതികൾക്കു  കാസർകോട് ജില്ലയിൽ ഏറെ പ്രാധാന്യമുണ്ട്.ഒപ്പം ജലദൗർലഭ്യം നേരിടുന്ന പ്രദേശങ്ങളിൽ കണിക ജലസേചനം പോലുള്ള ആധുനിക ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കുകയും വേണം.

2017-2018 ലെ കണക്കു പ്രകാരം കാസർകോട് ജില്ലയിൽകൃഷിയോഗ്യമായ തരിശുഭൂമി 8958 ഹെക്ടറും താൽക്കാലിക തരിശുഭൂമി 1875 ഹെക്ടറുമാണ്.കൃഷിക്ക് ഉപയുക്തമാക്കാൻ കഴിയുന്ന തരിശുഭൂമി ഉപയോഗിച്ച് കാർഷികോല്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ ജില്ലയിൽ വളരെ പ്രധാനമാണ്.18000 ഹെക്ടറിലധികം വരുന്ന ചെങ്കൽപ്പാറ പാഴ്ഭൂമിയും കാസർകോടിന്റെ പ്രത്യേകതയാണ്.

കാസർകോട് ജില്ലയിലെ പ്രദേങ്ങൾ അഞ്ച് വ്യത്യസ്ത കാർഷിക  പരിസ്ഥിതി യൂണിറ്റുകളിലായി വ്യാപിച്ചു കിടക്കുന്നു.

a) കാർഷിക പരിസ്ഥിതി യൂണിറ്റ് -2 : ഉത്തര തീരപ്രദേശം
b) കാർഷിക പരിസ്ഥിതി യൂണിറ്റ് -7 : കൈപ്പാട് നിലങ്ങൾ
c) കാർഷിക പരിസ്ഥിതി യൂണിറ്റ് -11: ഉത്തര ചെങ്കൽ പ്രദേശങ്ങൾ
d) കാർഷിക പരിസ്ഥിതി യൂണിറ്റ് -13 :ഉത്തര മലയടി വാരങ്ങൾ
e) കാർഷിക പരിസ്ഥിതി യൂണിറ്റ് -15 :ഉത്തര മലനിരകൾ

ഓരോ കാർഷിക പരിസ്ഥിതി യൂണിറ്റിലെയും സവിശേഷതകൾക്കനുസരിച്ച് വേണം ആ യൂണിറ്റുൾക്കൊള്ളുന്ന പഞ്ചായത്തുകൾ കാർഷിക വികസന പദ്ധതികൾക്ക് രൂപംനൽകുവാൻ.

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ധാരാളം പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ അനുമതി കാത്ത്  നിൽക്കുകയാണ്. അവരിൽ പലരും മടങ്ങിപ്പോകാൻ സാഹചര്യമില്ലാതെ ഇവിടെത്തന്നെ ഉപജീവന മാർഗ്ഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതിന് സാധ്യതകളേറെയാണ്.

അതുകൊണ്ടുതന്നെ കാർഷിക മേഖലയിൽ വരുമാനം നേടുന്നതിനുള്ള  സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ഇപ്രകാരം നാട്ടിലെത്തുന്ന താല്പര്യമുള്ള പ്രവാസികളെ സഹായിക്കുന്നതിനും പ്രത്യേകപദ്ധതികൾ ആസൂത്രണം  ചെയ്യേണ്ടതുണ്ട്.കാർഷിക മേഖലയിൽ ആദായകരമായി നടത്താവുന്ന വിവിധ തരം സംരംഭങ്ങളും അവ ആരംഭിക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും  വിവിധ ഏജൻസികൾ ലഭ്യമാക്കുന്ന സഹായങ്ങളും സേവനങ്ങളും അവരുടെ ശ്രദ്ധയിൽ കൊണ്ടു വരണം.

ഒടുവിൽ ലഭ്യമായ കണക്കു പ്രകാരം (2017-2018) കാസർകോട് ജില്ലയിൽ 157905 ഹെക്ടറാണ് മൊത്തം കൃഷിയിട വിസ്തൃതി.ഇതിൻ്റെ കേവലം 1.3% അതായത് 2096  ഹെക്ടർ മാത്രമാണ് നെൽകൃഷിയുള്ളത്.ഇതില്നിന്നുള്ള നെല്ലുൽപ്പാദനം (4867 ടൺ) ജില്ലക്കാവശ്യമുള്ള നെല്ലിൻ്റെ 5% മാത്രമാണ്.ഉൽപ്പാദനക്ഷമത (ഹെക്ടറൊന്നിന് 2361 കി.ഗ്രാം) യാകട്ടെ സംസ്ഥാന ശരാശരിയിലും താഴെയാണ്.ഈ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷയും പാരിസ്ഥിതിക പ്രാധാന്യവും കണക്കിലെടുത്ത് ജില്ലയിൽ നിലവിലുള്ള പാടശേഖരങ്ങൾ നികത്തപ്പെടാതെ സംരക്ഷിക്കുന്നതിനും ശാസ്ത്രീയ വിളപരിപാലനമുറകളവലംബിച്ച് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും കൃഷിച്ചെലവ് കുറയ്ക്കുന്നതിനും അതുവഴി നെൽകൃഷിക്കാരുടെ ആദായം വർദ്ധിപ്പിക്കുന്നതിനുമുള്ള കൃത്യമായ പദ്ധതികൾ ഗ്രാമ പഞ്ചായത്തുകൾ തയ്യാറാക്കണം.സാധാരണ രീതിയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഉൽപ്പാദന സബ്‌സിഡി വിതരണം ചെയ്യുന്ന പദ്ധതികൾകൊണ്ട് മാത്രം  വലിയ ഗുണം ചെയ്യില്ല.

നെല്ലുത്പാദക സമിതികൾ പുനരുജ്ജീവിപ്പിച്ചുകൊണ്ട് ശാസ്ത്രീയ വിളപരിപാലനം, പ്രത്യേകിച്ച് മണ്ണറിഞ്ഞുള്ള സന്തുലിത വള  പ്രയോഗം, കാര്യക്ഷമമാക്കി നെൽകൃഷി അഭിവൃദ്ധിപ്പെടുത്തണം.ചെറുകിട റൈസ് മില്ലുകൾ സ്ഥാപിച്ച് അരി തയ്യാറാക്കി വിപണനം നടത്തുന്നതിനുള്ള സംവിധാനംനെല്ലുൽപ്പാദനം നടത്തുന്ന വിസ്തൃതി കൂടിയ പാടശേഖരങ്ങളുള്ള പഞ്ചായത്തുകളിൽ ഏർപ്പെടുത്തണം.കുടുംബശ്രീ യൂണിറ്റുകളെ ഇതിൽ പങ്കാളികളാക്കാം.കണ്ണൂർ ജില്ലയിലെ മയ്യിൽ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ നെല്ലുൽപ്പാദന പദ്ധതി ഇക്കാര്യത്തിൽ മാതൃകയാക്കാം. ഓരോപഞ്ചായത്തിലുമുള്ള നിലവിലെ പാടശേഖരങ്ങളും തണ്ണീർത്തടങ്ങളും  G.I.Sസങ്കേതമുപയോഗിച്ച് ജിയോ ടാഗ്ചെയ്ത് രേഖപ്പെടുത്തുകയും നികത്തപ്പെടാതെ കൃത്യമായി അവ സംരക്ഷിക്കപെടുന്നുണ്ടെന്ന് നിരീക്ഷിച്ച് ഉറപ്പു വരുത്തുന്നതിനും പഞ്ചായത്തുകളുടെ ഇടപെടലുകൾ ആവശ്യമാണ്.

നെൽകൃഷിയുടെ കാര്യത്തിലെന്ന പോലെ പച്ചക്കറി കൃഷിയിലും കാസകോഡ് ജില്ലയുടെ സ്ഥിതി ഒട്ടും ആശാവഹമല്ല.കേരളത്തിൽ ഏറ്റവും കുറച്ചു വിസ്തൃതിയിൽ പച്ചക്കറി കൃഷി (1523 ഹെക്ടർ)യുള്ള ജില്ലയാണ് കാസർകോട്.പച്ചക്കറി ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിനും കൃഷി വിസ്തൃതി വർദ്ധിപ്പിക്കുന്നതിനും ശാസ്ത്രീയ പരിപാലനത്തിലൂടെ ഉൽപ്പാദനം കൂട്ടാനും പദ്ധതികൾ ആസൂത്രണം ചെയ്തു  നടപ്പിലാക്കണം.വീട്ടുവളപ്പിലെ കൃഷി,ഗ്രോബാഗ് കൃഷി,മട്ടുപ്പാവിലെ കൃഷി തുടങ്ങിയ രീതികളിൽ
വീട്ടാവശ്യത്തിനു മാത്രം കൃഷി ചെയ്യുന്നവർക്കും വാണിജ്യാടിസ്ഥാനത്തിൽ വിപണി ലക്ഷ്യമാക്കി പച്ചക്കറി കൃഷി ചെയ്യുന്നവർക്കും വെവ്വേറെ പദ്ധതികൾ തയ്യാറാക്കണം.ഈ രണ്ടു വിഭാഗങ്ങളെയും സഹായിക്കുന്നതിനുള്ള പദ്ധതി ഘടകങ്ങൾ വ്യത്യസ്തങ്ങളാകണം.

സബ്‌സിഡി നിരക്കിലോ സൗജന്യമായോ പച്ചക്കറി വിത്തുകൾ,വളം എന്നിവ വിതരണം ചെയ്ത് പദ്ധതി പൂർത്തിയാക്കുന്ന രീതി കാര്യമായ ഫലം ചെയ്യില്ല.സ്വന്തം കൃഷിയിടത്തിലും പാട്ടത്തിനെടുത്ത സ്ഥലത്തും പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് ഏറ്റവും പ്രധാനം വിപണനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും പിന്തുണയും ലഭ്യമാക്കുക എന്നതാണ്.അതോടൊപ്പം കീടരോഗ നിയന്ത്രണത്തിനും മറ്റു വിള പരിപാലനമുറകൾക്കുമുള്ള ശാസ്ത്രീയ മാർഗ്ഗങ്ങളെക്കുറിച്ചുള്ള വിജ്ഞാന വ്യാപന പിന്തുണയും യഥാ സമയം ലഭ്യമാക്കണം.

ഹൈടെക് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടങ്ങിയ പോളിഹൗസ് സംവിധാനമുപയോഗിച്ചുള്ള പച്ചക്കറി കൃഷി യൂണിറ്റുകൾ മിക്കവാറും പരാജയപ്പെട്ട സംരംഭങ്ങളാണെന്നാണ് അനുഭവം.നമ്മുടെ കാർഷിക പരിസ്ഥിതി സാഹചര്യങ്ങൾക്കു യോജിച്ച മഴ മറ കൃഷി തുടങ്ങിയ സങ്കേതങ്ങൾ പച്ചക്കറി കൃഷിയിൽ നിന്നുള്ള ഉൽപ്പാദനം മെച്ചപ്പെടുത്താൻ ഉപയോഗപ്പെടുത്തുന്നതാവും ഉചിതം.

കാസർകോട് ജില്ലയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്ന പ്രധാന പഴ വർഗ്ഗ വിള ഏത്തവാഴയാണ്.ഏത്തവാഴയും മറ്റു വാഴ ഇനങ്ങളും കൂടി 2961 ഹെക്ടറിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്.മടിക്കൈ,പുല്ലൂർ- പെരിയ   തുടങ്ങിയ പഞ്ചായത്തുകളിൽ പരമ്പരാഗതമായിഏത്തവാഴ കൃഷി നടന്നു വരുന്നുണ്ട്.വിപണി ലക്ഷ്യമാക്കി കൃഷി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും ചെറിയ രീതിയിൽ മാത്രം കൃഷി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും വെവ്വേറെ പദ്ധതികൾ ഉണ്ടാവണം.ഏത്തക്കായ ഉപയോഗിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തയ്യറാക്കുന്നതിനുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇടപെടലുകൾ ആസൂത്രണം ചെയ്യാവുന്നതാണ്.


തെങ്ങിൻ തോട്ടങ്ങളിലും കവുങ്ങിൻ തോട്ടങ്ങളിലും വാഴ ഇടവിളയായി കൃഷി ചെയ്യുന്നതിന്റെ വിപുലമായ സാദ്ധ്യതകൾ ജില്ലയിലുണ്ട്.ഇത് പ്രയോജനപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ പഞ്ചായത്തു തലത്തിൽ ആസൂത്രണം ചെയ്യാം.പപ്പായ,പൈനാപ്പിൾ തുടങ്ങിയ വിളകൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിൻ്റെ തോത് തുലോം കുറവാണ്.

റംബൂട്ടാൻ തുടങ്ങിയ വിദേശ പഴ വർഗ്ഗ വിളകളുടെ കൃഷി ജില്ലയിലെ അപൂർവ്വം ചില കർഷകർ ആരംഭിച്ചിട്ടുണ്ട്.വീട്ടുവളപ്പിൽ മാവ്,പ്ലാവ് തുടങ്ങിയ പരമ്പരാഗത പഴ വർഗ്ഗ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പ്രാധാന്യമുണ്ട്.ചക്കയുടെ പോഷക പ്രാധാന്യവും  ഔഷധ ഗുണവുമൊക്കെ ആളുകൾ മനസ്സിലാക്കി വരുന്നുണ്ട്.ചക്കയിൽനിന്നുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണനം നടത്തുന്നതിനുള്ള സംരംഭങ്ങളും പ്രോത്സാഹിപ്പിക്കണം.നാടൻ മാവിനങ്ങളുടെ വൈവിധ്യമാർന്ന ജനിതക ശേഖരം കാസർകോട് ജില്ലയിൽ കർഷകരുടെ വീട്ടുവളപ്പുകളിലുണ്ട്.ഈ ജനിതക വൈവിധ്യം ശേഖരിച്ചു സംരക്ഷിക്കുന്നതിനും വിനിയോഗിക്കുന്നതിനും അനുയോജ്യമായ പദ്ധതികൾ ഉണ്ടാവണം.

1 comment:

  1. നാണ്യ വിളകളുടെ തകർച്ച ഫലപ്രദമായി തടയാൻ ഉള്ള വിപുലമായ നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു

    ReplyDelete