Monday, April 20, 2020

എഴുത്തോല (കോവിഡ് കാല- ചരിത്രരേഖാ സഞ്ചയിക)


ലോകമാകെ ഭീതിയും സംഭ്രാന്തിയും വിതച്ചു കൊണ്ടു പടർന്നു പിടിച്ച കോവിഡ് - 19 ഈ കൊച്ചുകേരളത്തിലും ശക്തമായ സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു.ഈ വൈറസിൻ്റെ താണ്ഡവം ജനജീവിതത്തെ ആകമാനം ബാധിച്ചിരിക്കുന്നു.ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെയപേക്ഷിച്ച് കേരള ഗവൺമെൻറ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആരോഗ്യരംഗത്തെ ഇടപെടലുകളും ജാഗ്രതയും പ്രാദേശിക ഭരണ സംവിധാനങ്ങളെ മികച്ച രീതിയിൽ ഇടപെടുവിക്കുന്നതിലൂടെയും ഉചിതമായ ജാഗ്രതാ നടപടികളിലൂടെയും ഈ ലോക്ക് ഡൗൺ കാലത്തു തന്നെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാകുവാനും കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിക്കുവാനും കേരളത്തിന് സാധിച്ചു. കോവിഡ്- 19 വ്യാപനം കാര്യമായ രീതിയിൽ തടയുന്നതിനും രോഗവിമുക്തി നേടുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും നമുക്ക് സാധിച്ചിട്ടുണ്ട്. 

വൈറസിൻ്റെ വ്യാപനം തടയുന്നതിൽ അവശ്യസേവന വിഭാഗങ്ങൾക്കൊപ്പം മുൻനിരയിൽ തന്നെയാണ് പഞ്ചായത്ത് വകുപ്പിൻ്റെയും സ്ഥാനം.

സാധാരണ ജനങ്ങളുമായി ഇഴുകിച്ചേർന്നു പ്രവർത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജനജീവിതത്തിൻ്റെ സ്പന്ദനങ്ങൾ വളരെ നന്നായി അടുത്തറിയാൻ കഴിയും.

നമ്മുടെ തലമുറയ്ക്ക് കേട്ടുകേൾവിയില്ലാത്തവിധം ജനസാമാന്യം ഒന്നാകെ അവരവരുടെ ഇടങ്ങളിലേക്ക് ഒതുങ്ങി കൂടിയ ഈ ലോക്ക് ഡൗൺ കാലത്ത് , കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ എങ്ങനെ സഹകരിച്ചുവെന്നും രാജ്യത്തോടൊപ്പം കൈകോർത്തുവെന്നും, എങ്ങനെ കോവിഡ്-19 പ്രതിരോധ ലോക്ക് ഡൗൺ കാലം സർഗ്ഗാത്മകമായി വിനിയോഗിച്ചുവെന്നും പഞ്ചായത്തുകൾ ഏതുതരം പ്രവർത്തന മാതൃകകളാണ് കാസറഗോഡ് ജില്ലയ്ക്കും, കേരളത്തിനും നല്കിയതെന്നും, ഈ പ്രവർത്തനങ്ങളിൽ എങ്ങനെയൊക്കെയാണ് നമ്മുടെ സാധാരണക്കാരായ ജനങ്ങൾ ഇടപെട്ടതെന്നും അടയാളപ്പെടുത്തേണ്ടത് ചരിത്ര നീതി മാത്രമാണ്. 

  ഈ വിധത്തിലുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും അത് രേഖപ്പെടുത്തി വരുംകാലത്തേക്ക് ചരിത്രരേഖയായി വെയ്ക്കുന്നതിനും വേണ്ടിയുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് കാസർകോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ - എഴുത്തോല - (കോവിഡ് കാല- ചരിത്രരേഖാ സഞ്ചയിക) തയ്യാറാക്കുന്നത്.

കേരളത്തിലെ ഇതര ജില്ലകളിലെ പഞ്ചായത്തുകൾക്ക് മാതൃകയായി കാസറഗോഡ് ജില്ല തയ്യാറാക്കുന്ന എഴുത്തോലയിൽ ജില്ലയിലെ 38 പഞ്ചായത്തുകളിലെയും പങ്കാളിത്തം ഉണ്ടാവും. 

ലേഖനം, കഥ, കവിത എന്നിവയാണ് എഴുത്തോലയിൽ ഉൾപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നത്. ലേഖനം കോവിഡ് _ 19 പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ചായിരിക്കണം. കഥയ്ക്ക് കവിതയ്ക്കും ഇഷ്ടമുള്ള വിഷയം തെരെഞ്ഞെടുക്കാം. 

38 പഞ്ചായത്തുകളിലെയും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും ജീവനക്കാർക്കും ഘടക സ്ഥാപന ജീവനക്കാർക്കും സൃഷ്ടികൾ നല്കാം. മലയാളത്തിലും, കന്നഡയിലും തുളുവിലുമുള്ള കൃതികൾ സ്വീകരിക്കുന്നതാണ്. രചയിതാവിൻ്റെ പേരും വയസ്സും പൂർണ്ണ മേൽവിലാസവും, ഏതു പഞ്ചായത്ത് എന്നതും ഒരു ഫോട്ടോയും രചനയ്ക്കൊപ്പം ഉണ്ടായിരിക്കണം.
രചനകൾ sureshbeen@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കുകയോ അതല്ലെങ്കിൽ രചയിതാവിൻ്റെ താമസസ്ഥലത്തുള്ള പഞ്ചായത്തോഫീസിൽ നല്കുകയോ ചെയ്യാം. രചനകൾ 2020 മെയ് 3-നകം ലഭിക്കേണ്ടതാണ്.

രചനകൾ തെരെഞ്ഞെടുക്കുന്നതിലും എഡിറ്റ് ചെയ്ത് ഉപയോഗിക്കുന്നതിനുമുള്ള അധികാരം കാസറഗോഡ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.

രചനകൾ രാജ്യവിരുദ്ധമോ സർക്കാരിൻ്റെ നയങ്ങളെയും പ്രവർത്തനങ്ങളെയും വിമർശിക്കുന്നതോ മത, ജാതി, വർഗ്ഗപരമായ സ്പർദ്ധയുണ്ടാക്കുന്നതോ ആകാൻ പാടില്ല. ഇത്തരം രചനകൾ മുന്നറിയിപ്പില്ലാതെ തന്നെ തള്ളിക്കളയുന്നതായിരിക്കും.

'എഴുത്തോലയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് കാസർകോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.

No comments:

Post a Comment