കോവിഡ് ഡയറീസ് - ശ്രീമതി ബിന്ദു, ക്ലാർക്ക് , പള്ളിക്കര ഗ്രാമ പഞ്ചായത്ത്.
"കേരളം രണ്ട് പ്രളയങ്ങളെ അഭിമുഖീകരിച്ചപ്പോഴും നിപയെയും ഓഖിയെയും നേരിട്ടപ്പോഴും നമ്മൾ കാസർഗോഡ്കാർ സുരക്ഷിതരായിരുന്നു. നമുക്ക് വലിയ രീതിയിലുള്ള നാശനഷ്ടങ്ങളൊന്നും തന്നെയുണ്ടായില്ല. അന്ന് നമ്മൾ ആശ്വസിച്ചു.
ദുരന്തങ്ങളും രോഗങ്ങളും എന്നും നമ്മളെ ഒഴിവാക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ഇല്ല. ഒരിക്കൽ ഇത്തരം ദുരിതങ്ങൾ നമ്മുടെ വീട്ടുപടിക്കലും എത്താം.
ആയതിനാൽ ഇത്തരം ദുരന്തങ്ങൾ നേരിടാൻ എപ്പോഴും നമ്മൾ സജ്ജരായിരിക്കണം. നമ്മൾ സുരക്ഷിതരാണെന്ന് വിചാരിച്ച് ഇന്ന് നമ്മൾ ജാഗ്രതക്കുറവ് കാണിച്ചാൽ നാളെ ഒരു അടിയന്തിര സാഹചര്യം വന്നാൽ വിഷമിക്കേണ്ടതായി വരും. അതു കൊണ്ട് ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിന് നമ്മൾ വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും എമർജൻസി റെസ്പോൺസ് ടീമുകൾ രൂപീകരിക്കണം. ഇത്തരം സമിതികളിൽ വാർഡുകളിലെ സന്നദ്ധ പ്രവർത്തകർ, അംഗൻവാടി - ആശ വർക്കർമാർ, മരംമുറിക്കാനറിയുന്നവർ, പ്ലംബിംഗ് വയറിംഗ് ജോലി അറിയുന്നവർ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തണം.... "
ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സംസാരം പിന്നെയും നീണ്ടു. പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമസഭാ യോഗമായിരുന്നു സന്ദർഭം.
ഗ്രാമസഭാ കോർഡിനേറ്ററായിരുന്ന എനിക്ക് ഒരു വേള ആശ്ചര്യം തോന്നിപ്പോയി. എത്രമാത്രം ഉത്തരവാദിത്തബോധത്തോടെയാണ് ബഹുമാനപ്പെട്ട ജനപ്രതിനിധികൾ ഗവൺമെൻ്റിൻ്റെ ഓരോ നിർദ്ദേശങ്ങളെയും സമീപിക്കുന്നത്. എന്തു മാത്രം അർപ്പണ മനോഭാവമാണ് അവർ കാഴ്ചവെക്കുന്നത്.
ഒരു പക്ഷേ ഇനിയൊരു തെരഞ്ഞെടുപ്പിൽ അവർ മൽസരിക്കുമോ എന്ന കാര്യത്തിൽ പോലും അവർക്കുറപ്പുണ്ടാകില്ലെന്ന് വേണം കരുതാൻ. എങ്കിലും രാഷ്ട്രീയമായ നേട്ടങ്ങൾക്കപ്പുറത്ത് നമ്മുടെ നാടിനൊരാപത്ത് നേരിടേണ്ടി വന്നാൽ നമ്മൾ ഒറ്റക്കെട്ടായി നേരിടും എന്ന ഭരണ പ്രതിപക്ഷ ഭേദമന്യേയുള്ള ഒരു ഐക്യപ്പെടൽ പള്ളിക്കര ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്യാനാരംഭിച്ചത് മുതൽ കാണുന്നതാണ്.
ഏത് വികസന കാര്യങ്ങളിലായാലും രാഷ്ട്രീയം മാറ്റി വെച്ച് പഞ്ചായത്തിൽ ഒരു പക്ഷം മാത്രമേയുള്ളൂ അത് ജനപക്ഷമാണ് എന്നുറപ്പിക്കുന്നതാണ് പള്ളിക്കര പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങൾ.
രണ്ട് മാസം മുമ്പ് ഗ്രാമസഭയിൽ പ്രസിഡൻ്റ് സൂചിപ്പിച്ച പോലെ പ്രളയവും നിപയും കാസർഗോഡിനെ തൊട്ടില്ലെങ്കിലും പലിശയടക്കം കൂട്ടിയാണ് കോവിഡ് 19 കാസർഗോഡിനെ തൊട്ടിരിക്കുന്നത്. ലോകത്തെ നിശ്ചലമാക്കിയ കോവിഡിനെ നോക്കിയും കാസർഗോഡിന് ഒറ്റവാക്കേയുള്ളൂ. നമ്മൾ തോൽക്കാൻ തയ്യാറല്ല.
നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ അതിജീവന സമരത്തിൽ മുന്നണിപ്പോരാളികളാണ്. പള്ളിക്കര ഗ്രാമപ്പഞ്ചായത്തിലെയും ദൈനംദിന കാഴ്ചകൾ അതിന് അടിവരയിടും.
ലോക്ക് ഡൗണിൻ്റെ ഈ ഇരുപത്തിമൂന്നാം ദിനത്തിലും ജനപ്രതിനിധികളും പഞ്ചായത്ത് ജീവനക്കാരും ആദ്യ ദിനങ്ങളിലെ അതേ ഊർജത്തോടു കൂടിത്തന്നെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്.
ബഹു . ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ മുഹമ്മദ് കുഞ്ഞി (മമ്മിച്ച എന്നാണ് നമ്മളദ്ദേഹത്തെ വിളിക്കുന്നത് ) ,ആരോഗ്യ പരമായി അൽപം ബുദ്ധിമുട്ടുകൾ നേരിടുന്ന അദ്ദേഹം അതൊന്നും വകവെക്കാതെ വാർഡിലെ സുമനസുകൾ സംഭാവന ചെയ്ത അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ ഇവയെല്ലാം വണ്ടിയിൽ കയറ്റി വന്നിരിക്കുകയാണ്.
പഞ്ചായത്ത് പ്രസിഡൻറും , മെമ്പർമാരായ മാധവേട്ടൻ, ലക്ഷ്മിയേച്ചി, ബിന്ദു ഏച്ചി ,വിനോദ് കുമാർ എല്ലാവരും ചേർന്ന് സാധനങ്ങൾ വണ്ടിയിൽ നിന്നും ഇറക്കുന്ന തിരക്കിലാണ്.
മൂന്ന് ആഴ്ചകളായി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന കമ്മ്യൂണിറ്റി കിച്ചൻ ഇപ്പോഴും സമ്പന്നമാണ്.ദിവസങ്ങളായി ഭക്ഷണ വിതരണത്തിനും മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന ജനപ്രതിനിധികളും പഞ്ചായത്ത് ജീവനക്കാരും, അരിയും പല വ്യഞ്ജനങ്ങളും എന്തിന് അടുപ്പ് കത്തിക്കേണ്ട വിറക് പോലും സംഭാവന ചെയ്യുന്ന സുമനസുകളായ നാട്ടുകാരും ഇല്ലാ നമ്മൾ അതിജീവിക്കും എന്ന് വീണ്ടും വീണ്ടും പറയും പോലെ.
ഇതിനിടയിലാണ് സഹപ്രവർത്തകൻ ശ്രീജിത്ത് മൊബൈലിൽ ഹിന്ദിയിൽ സംസാരിക്കുന്നത് കേട്ടത്. കല്ലിങ്കാലിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അതിഥി തൊഴിലാളികളിലൊരാളാണ് അങ്ങേത്തലക്കൽ. അവർക്ക് ലഭിച്ച ഭക്ഷണ സാധനം തീർന്നു പോയത്രെ.പ്രശ്നം അപ്പോൾത്തന്നെ പ്രസിഡൻ്റിൻ്റെയും സെക്രട്ടറിയുടെയും ശ്രദ്ധയിൽ പെടുത്തി. അക്കാര്യത്തിൽ ആവശ്യമായത് ചെയ്തിട്ടുണ്ടെന്ന മറുപടിയും ലഭിച്ചു.
വീട്ടിൽ പാചകം ചെയ്യാൻ പറ്റുന്നവർക്ക് ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തതോടെ കമ്മ്യൂണിറ്റി കിച്ചനിലെ ശ്വാസം മുട്ടലിനും പരക്കംപാച്ചിലിനും അൽപം ശമനം വന്നിട്ടുണ്ട്. കിച്ചൻ തുടങ്ങി ആദ്യ ദിവസങ്ങളിൽ 600 ലധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തിരുന്നത് ഇന്ന് 146 എണ്ണമായി കുറഞ്ഞിട്ടുണ്ട്.
എല്ലാ പ്രവർത്തനങ്ങളിലും ഭരണസമിതിയുടെ കൂടെ പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണൻ സർ, രാഘവേട്ടൻ, റഫീഖ്, ശ്രീജിത്ത്, പ്രവീൺസർ തുടങ്ങി എല്ലാവരും സജീവമാണ്.
ഇതിനിടയിൽ വിനോദ് മെമ്പറിൻ്റെ വക എന്നോടൊരു ചോദ്യം വന്നത്;
എന്താ ബിന്ദു നിന്നെ ഓഫീസിൽ ഇടക്കിടക്കേ കാണുന്നുള്ളല്ലോന്ന്.
സത്യത്തിൽ സ്വന്തമായി ഒരു വാഹനം ഡ്രൈവ് ചെയ്ത് ഓഫീസിൽ വരാൻ പറ്റാത്ത എൻ്റെ കഴിവുകേടിനെ കുറിച്ചോർത്ത് ഒരൽപം ആത്മനിന്ദ തോന്നാതിരുന്നില്ല.
എങ്കിലും FEFKA യുടെ കോവിഡ് 19 പ്രതിരോധ ചിത്രങ്ങളിൽ പറയും പോലെ ഈ കോവിഡ് കാലത്ത് വീട്ടിലിരിക്കുന്നതും ഹീറോയിസമാണല്ലോയെന്നോർത്ത് ഞാനൊന്നാശ്വസിച്ചു.
Great... superb writing As Well.. ....
ReplyDeleteവളരെ നന്നായിട്ടുണ്ട്. സാഹിത്യത്തിന്റെ അസ്കിത ശ്ശി ണ്ട് ല്ലേ? സാരല്യ ഒക്കെ ശര്യാവും
ReplyDelete