ശ്രീ വിനോദ് കുമാർ കൊടക്കൽ സീനിയർ സൂപ്രണ്ട് |
ചെറിയ ഇളവുകൾ നൽകിയപ്പോൾ തന്നെ ആൾക്കാർ സാമൂഹ്യ അകലം ഉൾപ്പെടെയുള്ള സമീപനങ്ങൾ സ്വീകരിക്കാത്തത് നാം ചാനലുകളിലും മറ്റും കണ്ടതാണ്. അതു കൊണ്ട് തന്നെ ലോക്ക് ഡൗൺ തീരുന്ന മെയ് 3 നു ശേഷം സ്വീകരിക്കേണ്ടുന്ന സമീപനങ്ങൾ ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട് എന്ന് കരുതുന്നു. അതിനാൽ താഴെപ്പറയുന്നവ ദയവായി പരിഗണിക്കണമെന്ന് ബഹു. ജനപ്രതിനിധികളോടും ജന നേതാക്കളോടും അഭ്യർത്ഥിക്കുന്നു.
1. ലോക്ക് ഡൗണിനു ശേഷവും സാമൂഹ്യ അകലം, മാസ്ക് ധരിക്കൽ തുടങ്ങിയ ശീലങ്ങൾ ഉറപ്പു വരുത്തുന്നതിന് നടപടി ഉണ്ടാകണം. നമുക്ക് / തനിക്ക് അസുഖം വരില്ലെന്നാണ് പലരും കരുതുന്നത്. സാമൂഹ്യ അകലം അടക്കമുള്ളവ സ്വയം പാലിക്കുന്നത് നാണക്കേട് / ജാള്യതയായും മറ്റുള്ളവരോട് അതാവശ്യപ്പെടുന്നത് അവരെ അപമാനിക്കലായും ഉള്ള തോന്നൽ ചിലർക്കെങ്കിലുമുണ്ട്. അതൊഴിവാക്കി സുരക്ഷിതമായ സാമൂഹ്യ ഇടപെടൽ സാദ്ധ്യ മാക്കാൻ ജന നേതാക്കൾ നേതൃത്വം നൽകണം. നമ്മുടെ ചില ഫോട്ടോകളെങ്കിലും ഈ മാതൃക നാം പാലിക്കുന്നില്ല എന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്.ലോക്ക് ഡൗൺ കാലത്തും ഒന്നോ രണ്ടോ അഞ്ചോ മിനുട്ട് ലാഭിക്കാൻ കടയിൽ ഇടിച്ചു കയറുന്നവരെയും കാണാനിടയായിട്ടുണ്ട്. ആ ലാഭിച്ച സമയം കൊണ്ട് എന്താണ് ചെയ്യുക എന്നറിയില്ല. കാഴ്ചയിൽ ആരോഗ്യമുള്ള ഏതൊരാളും രോഗവാഹകനാകാം. ചുറ്റുമുള്ളവരെല്ലാം രോഗ വാഹകരാണെന്ന് കരുതലാണ് ഏറ്റവും നല്ല പ്രതിരോധമെന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്. നാം മറ്റുള്ളവരെ അങ്ങനെ കരുതുന്നതിനൊപ്പം അവർ നമ്മളെയും അങ്ങനെ കരുതും എന്നോർമ്മിക്കണം. എന്നാൽ നമുക്കു ജീവിക്കാൻ ഈ മറ്റുള്ളവർ നിർബന്ധമാണ് താനും.അതിനാൽ ജന നേതാക്കൾ ബോധപൂർവ്വമായ ശ്രമം ഇതിനായി നടത്തണമെന്നപേക്ഷിക്കുന്നു. സുരക്ഷ ഉറപ്പാക്കുന്ന സാമൂഹ ഇടപെടൽ രീതികൾ ' ഓ പിന്നെ' എന്നു പറഞ്ഞ് തള്ളിക്കളയാവുന്ന അഹങ്കാരമോ ജാള്യതയോ അപമാനിക്കലോ ആയി കരുതാവുന്ന ഒന്നല്ലെന്ന് പൊതു സമൂഹത്തെ ഗൗരവമായി ബോധ്യപ്പെടുത്തുന്നതിന് നടപടിയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
2. ലോക്ക് ഡൗണിന് ശേഷം പൊതു ഇടങ്ങളിലെ വ്യക്തി സാന്നിധ്യങ്ങൾ പരമാവധി കുറക്കാനും സഞ്ചാരം പരിമിതപ്പെടുത്താനും ബോധപൂർവ്വമായ നടപടികൾ ഉണ്ടാവണം എന്നഭ്യർത്ഥിക്കുന്നു. അത്യാവശ്യങ്ങൾക്ക് മാത്രമേ ആൾക്കാർ പുറത്തിറങ്ങുന്നുള്ളൂ എന്ന സാഹചര്യം ഉണ്ടാവണം. പൊതു കൂടിച്ചേരലുകൾക്കും വിനോദങ്ങൾക്കും പകരം സമയവും സമ്പാദ്യവും കൃഷിയിടങ്ങളിലേക്കും ചെറു സംരംഭങ്ങളിലേക്കും തിരിച്ചു വിടണം. ഓഫീസ് ജോലി അടക്കം ഓൺലൈൻ ആയി ചെയ്യാൻ പറ്റുന്നവ പരമാവധി അപ്രകാരമാക്കണം. സാന്നിധ്യമല്ല, output / outcome ആവണം അളവുകോൽ ഓൺലൈൻ ആയി / ഫോൺ വഴി ചെയ്യാനാവുന്ന കാര്യം ആൾ നേരിട്ട് വന്ന് ചെയ്യുന്നത് കാണണം എന്ന തോന്നൽ ലോക്ക് ഡൗൺ ശേഷ കാലത്തിന് ഉചിതമല്ലല്ലോ എന്ന് ആലോചിക്കണം. സഞ്ചരിച്ചില്ലെങ്കിൽ ഉണ്ടാവുന്ന നഷ്ടവും സഞ്ചരിച്ചാൽ സമൂഹത്തിനും വ്യക്തിക്കും ഉണ്ടാവുന്ന നഷ്ടവും തമ്മിൽ താരതമ്യപ്പെടുത്തി വേണം ഏതൊരു യാത്രയും ആവശ്യപ്പെടാനും തീരുമാനിക്കാനും. കൊറോണ ബാധക്കു ശേഷമുള്ള ( കൊറോണക്കു ശേഷമല്ല ) ഭക്ഷ്യ - ആരോഗ്യ - സാമൂഹ്യ സുരക്ഷാ രീതി രൂപപ്പെടുത്തണം. ഇതിനുള്ള ചർച്ചകൾ തുടങ്ങി വെക്കണമെന്നും നടപടികൾ പരീക്ഷിച്ചു തുടങ്ങണമെന്നും അഭ്യർത്ഥിക്കുന്നു.
3. ബഹു. മുഖ്യമന്ത്രി ഇന്നലെ നിർദ്ദേശിച്ചതു പോലെ തരിശിട്ട നെൽവയലുകളിൽ കൃഷി ചെയ്യുന്നതിന് നടപടി സ്വീകരിക്കണം. ഇതിനായുള്ള 2008 ലെ നെൽവയൽ - നീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗപ്പെടുത്തണം.അതിൻ്റെ സാമ്പത്തിക അറ്റ നഷ്ടം പൊതു സംവിധാനങ്ങൾ സഹിക്കണം. പരമാവധി ഇടത്ത് പയർ വർഗ്ഗങ്ങളും കിഴങ്ങുവർഗ്ഗങ്ങളും പച്ചക്കറിയും കൃഷി ചെയ്യണം. ഇതിന് വിത്ത്, സ്ഥല സന്ദർശനം നടത്തി സാങ്കേതിക ഉപദേശം, വളം എന്നിവ ഓരോ കുടുംബത്തിനും നൽകേണ്ടതുണ്ട്. എല്ലാ ഭൂമിയിലും നേരിട്ടെത്താൻ കൃഷി ഉദ്യോഗസ്ഥർക്ക് സാധിച്ചെന്ന് വരില്ല. കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ സുശക്തമായ സാമൂഹ്യ സുരക്ഷാ ശ്രൃഖല സാധ്യമാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. അതു പോലെ ഇതിനായുള്ള പ്രവർത്തന പദ്ധതി ( പാടശേഖര സമിതി മുതൽ യുവാക്കളുടെ കൂട്ടായ്മ വരെ) രൂപപ്പെടുത്താനും അവർക്ക് കൃഷി സാങ്കേതിക ജ്ഞാനം നൽകി പ്രവർത്തന ക്ഷമമാക്കാനും നമുക്ക് സാധിക്കണം. വിത്തുകളുടെ ഗുണമേൻമ ഏറെ പ്രാധാന്യമർഹിക്കുന്നു. ജല സംരക്ഷണ പ്രവർത്തനവും കുറഞ്ഞ ചെലവിലുള്ള ജലസേചന സൗകര്യങ്ങളും കൂടി ഏർപ്പെടുത്തേണ്ടതുണ്ട്. സബ്സിഡി അല്ലെങ്കിൽ റിവോൾവിങ് ഫണ്ട് ഗ്രൂപ്പുകൾക്ക് മാത്രമല്ല കുടുംബങ്ങൾക്കും നൽകേണ്ടി വരും. ഇതിന് തസ്വഭ സ്ഥാപന ഫണ്ട് കൂടാതെ സഹകരണ സംഘങ്ങൾ, ബാങ്കുകൾ, വിവിധ സാമൂഹ്യ സംഘടനകൾ, യൂത്ത് ക്ലബ്ബുകൾ തുടങ്ങിയവയുടെ സഹായവും തേടേണ്ടി വരും.
4. 5 ലക്ഷം രൂപ വരെയുള്ള ഹൗസ് ഹോൾഡ് സംരംഭങ്ങളെ ഗ്രാമ പഞ്ചായത്ത് / നഗരസഭ ലൈസൻസിൽ നിന്നു വരെ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. അതായത് 5 ലക്ഷം വരെ മുടക്കു മുതലുള്ള സംരംഭങ്ങൾ വീടുകളിൽ തന്നെ ആരംഭിക്കാം. അതു വെച്ച് വായ്പകളും സംരംഭ സബ്സിഡിയും ലഭിക്കും. അവ പ്രോത്സാഹിപ്പിക്കുക വഴി ഭക്ഷ്യ സുരക്ഷയോടൊപ്പം സമ്പദ്ഘടന ശക്തിപ്പെടുത്താനും കഴിയും.
5. ലോക്ക് ഡൗൺ കാലം മാത്രമല്ല ലോക്ക് ഡൗണിന് ശേഷമുള്ള കാലവും തസ്വഭ സ്ഥാപനങ്ങളുടെ ഇടപെടൽ ആവശ്യപ്പെടുന്നു. ഭാവി രൂപപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്തം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണ്.ഉദ്യോഗസ്ഥ- പ്രൊഫഷണൽ തലത്തിലടക്കമുള്ളവരുടെ വൈദഗ്ധ്യം ഓഫീസ് പ്രവർത്തനത്തിനൊപ്പം മേൽ കാര്യങ്ങളടക്കമുള്ളവക്ക് ഉപയോഗിക്കാൻ കഴിയും വിധം ഉപാധികൾ രൂപപ്പെടുത്തണം എന്നും അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment