Tuesday, April 28, 2020

പ്രതീക്ഷയുടെ ‘ഡാഫോഡിൽസ്’



ജില്ലയിൽ ആദ്യമായും സംസ്ഥാനത്ത് രണ്ടാമതായുംവാർഷിക ധനകാര്യ പത്രിക സമർപ്പിച്ച ഗ്രാമ പഞ്ചായത്താണ് വെസ്റ്റ് എളേരി.കോവിഡ് പ്രതിരോധവും ഡെങ്കി ഫോഗിംഗ് പ്രവൃത്തികളും ഒരുപോലെ ഉത്തരവാദിത്വത്തോടെ നടപ്പാക്കുന്ന പഞ്ചായത്താണിത്.ഈ തിരക്കുകൾക്കിടയിലും വാർഷികധനകാര്യ പത്രിക തയ്യാറാക്കി സമർപ്പിച്ച ജില്ലയിലെ ആദ്യ പഞ്ചായത്താവുകയാണവർ.

24 മണിക്കൂറും കർമ്മനിരതമാണ് നമ്മുടെ പഞ്ചായത്തുകളെല്ലാം.നോമ്പുവ്രതം ആരംഭിച്ചിട്ടും ഓഫീസിൽ തന്നെ താമസിക്കുകയും രാപ്പകൽ ജോലി ചെയ്യുകയും ചെയ്യുന്നു വെസ്റ്റ് എളേരിയിലെ ഹെഡ് ക്ലാർക്ക് അബ്ദുൾ ലത്തീഫ്. അസിസ്റ്റന്റ് സെക്രട്ടറി മോഹനൻ അന്യ ജില്ലക്കാരനായിട്ടും മൂന്നു മാസമായി നാട്ടിൽ പോയിട്ട്. അകൗണ്ടൻറ് നാസർ ആണ് ധനകാര്യപത്രികയുടെ സൂത്രധാരൻ...ടി. രമേശനും ടി..വിദ്യമോളും സിന്ധുവും ഓഫീസിലെ സഹപ്രവർത്തകരും മികച്ച പിന്തുണ നൽകി.

കോവിഡ് ഭീതി ഒരു മാസം പിന്നിടുമ്പോൾ വെസ്റ്റ് എളേരിയിൽ ഇപ്പോഴും 45 ഓളം അശരണർക്ക് കുടുംബശ്രീ സാമൂഹ്യ അടുക്കളയിൽ ഭക്ഷണം നൽകുന്നു.പ്രസിഡണ്ട് പ്രസീതരാജൻ,വൈസ് പ്രസിഡണ്ട് ടി.കെ.സുകുമാരൻ, ചെയർമാൻ പി.വി.അനു ഇവർ ഓഫീസിലും അടുക്കളയിലുമെല്ലാം സജീവമാണ്.ഓരോ വാർഡിലെയും പ്രതിരോധ പ്രവർത്തനങ്ങൾ ഹൃദിസ്ഥമാണവർക്ക്.

ഔദ്യോഗിക സന്ദർശനത്തിന്റെ ഒരു ലാഞ്ചനയുമില്ലാതെ ലാഘവത്തോടെയുള്ള തുറന്ന സൗഹൃദ ചർച്ച വളരെ ഹൃദ്യമായഅനുഭവമായി. സെക്രട്ടറി വിനോദ് കുമാർ നല്ല ഒരു കോ-ഓർഡിനേറ്ററായി ഓടി നടക്കുന്നു.ഉച്ചഭക്ഷണവും വളരെ രുചികരമായിരുന്നു.പ്രസിഡണ്ട് പെട്ടെന്ന് തന്നെ ഒരു വീട്ടമ്മയായും മാറി.ഓഫീസും ജനപ്രതിനിധികളും തമ്മിലുള്ള കൂട്ടായ്മയും ഏകോപനവും നേട്ടങ്ങൾക്ക് ഏറെ പിന്തുണയാകുന്നുവെന്ന് അടിവരയിടുന്നതാണവെസ്റ്റ്എളേരിയിലെയും അനുഭവം.

പ്രതിരോധത്തിൽ നിന്നും പടിപടിയായി അതിജീവനത്തിലേക്കു നീങ്ങുമെന്ന പ്രതീക്ഷയിൽ രാപ്പകൽ വിശ്രമമില്ലാതെ നാടിനെ സുരക്ഷിതമാക്കി സംരക്ഷിക്കുകയാണ് ഈ പ്രതിരോധ ഭടന്മാർ. എല്ലാ പരിമിതികൾക്കിടയിലും പിരിമുറുക്കങ്ങളുടെ തീച്ചൂളയിലും നേട്ടങ്ങൾ കൊയ്യുന്ന ഗ്രാമപഞ്ചായത്തുകളെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ.

ഡെങ്കിപ്പനി പടർന്നു പിടിക്കുന്ന ഈസ്റ്റ് എളേരിയിലേക്ക് മാങ്ങോട് പാലം വഴി കടന്നു പോകുമ്പോൾ തന്നെ കണ്ടു നീണ്ടു കിടക്കുന്ന റബ്ബർ തോട്ടങ്ങൾ.ഈഡിസ് കൊതുകുകളുടെ ഉറവിടമാകുന്നത് പലപ്പോഴും ചിരട്ടകളിലും മറ്റും കെട്ടിനിൽക്കുന്ന വെള്ളമാണ്.കവുങ്ങ് തോട്ടങ്ങളിൽ സ്പ്രിംഗ്ലർ ഉപയോഗിക്കുമ്പോൾ പാളകളിലും മറ്റും കെട്ടിനിൽക്കാനിടയാക്കുന്ന വെള്ളവും ഈ കാലാവസ്ഥയിൽഅപകടകരംതന്നെ.മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ആരംഭിച്ച പഞ്ചായത്താണ് ഈസ്റ്റ് എളേരി.പനി കൂടുതൽ കേന്ദ്രീകരിച്ച മൂന്നു വാർഡുകളിൽ ഫോഗിംഗും ശുചീകരണവും തകൃതിയായി നടക്കുകയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ.ഇതു സംബന്ധിച്ച് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്നു നൽകിയ മാർഗ്ഗ നിർദ്ദേശം കർശനമായി പാലിക്കുന്നുണ്ട് അവർ.പ്രതിരോധം ശക്തമാണെന്നതിന്റെ തെളിവാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നത്.

എങ്കിലും ജാഗ്രത വേണം അതുകൊണ്ടു കൂടിയാണീ ഈസ്റ്റ് എളേരി യാത്ര.കോവിഡ്, ഡെങ്കി പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യണം,വാർഷിക ധനകാര്യപത്രിക,കുടിവെള്ളവിതരണം ഉൾപ്പെടെയുള്ള മറ്റു ഔദ്യോഗിക ചുമതലകൾ നിറവേറ്റാൻ ജീവനക്കാരെ സജ്ജമാക്കണം എന്നിങ്ങനെ ഏറെ അജണ്ടകളുമായാണ് ആദ്യ ചിറ്റാരിക്കൽ സന്ദർശനം.കൂടെയുള്ള എ.ഡി.പി.ധനീഷിനും ഇതു മലയോര പഞ്ചായത്തിലേക്കുള്ള ആദ്യ യാത്ര തന്നെ. മുന്നിലെ വാഹനത്തിൽ സീനിയർ സൂപ്രണ്ട് രാജീവ് കുമാറും ജെ.എസ് ബിജുവും വഴി കാട്ടുന്നു.

ഹൃദ്യമായ സ്വീകരണമായിരുന്നു പഞ്ചായത്തിൽ.പ്രസിഡണ്ട് ജെസ്സിടോം, വൈസ്പ്രസിഡണ്ട്ജെയിംസ്പന്തമാക്കൽ, സെക്രട്ടറി കൗസല്ല്യ അകൗണ്ടൻറ് ജോസ് ഹെഡ്ക്ലാർക്ക്പോൾ, ക്ലാർക്കുമാരായ ദീപമോൾ,ഷിജോ ജോസഫ് തുടങ്ങിയവർ പുറത്തു തന്നെ കാത്തു നിൽക്കുന്നു.കോമ്പൗണ്ടിൽ കയറിയപ്പോൾത്തന്നെ നല്ല ഒരു ഊർജ്ജം ഫീൽ ചെയ്യുന്നു.

മനോഹരമായ കെട്ടിടവും മുന്നിൽ ഗാന്ധിജി പ്രതിമയും പച്ചപ്പു നിറഞ്ഞ ചുറ്റുപാടും ഊഷ്മളതയുടെ മാറ്റു കൂട്ടി. വിശാലമായ ഓഫീസും കാബിനും ഐ.എസ്.ഒ നിലവാരത്തിനൊത്ത റിക്കാർഡ് റൂമും നിർവഹണ ഉദ്യോഗസ്ഥരെയെല്ലാം ഒരു കുടക്കീഴിലാക്കിയുള്ള വികേന്ദ്രീകൃതാസൂത്രണത്തിന്റെ നൂതന മാതൃകയുമെല്ലാം ഓഫീസിനെ വേറിട്ടതാക്കുന്നു.ഇതുവരെ ഇവിടെ വരാൻ സാധിച്ചില്ലല്ലോ എന്ന വിഷമമായിരുന്നു മനസ്സിൽ.

പദ്ധതിച്ചെലവ് 100 %വും നികുതിപിരിവ് 90%നു മുകളിലും കൈവരിച്ചതിന് ക്ലാർക്കുമാരെയും ജീവനക്കാരെയും മനം നിറയെ അഭിനന്ദിച്ചു.പ്രസിഡണ്ടിന്റെയും വൈസ്പ്രസിഡണ്ടിന്റെയും നേതൃപാടവവും നേട്ടങ്ങൾക്ക് പിന്തുണയായി എന്നത് അവരുടെ പെരുമാറ്റത്തിൽ വ്യക്തമായി.കോവിഡ് നിരീക്ഷണ കേസുകൾ 600 ൽ നിന്നു 50 ലെത്തിയ ആശ്വാസമാണ് ജനപ്രതിനിധികൾക്ക്.സാമൂഹിക അടുക്കള വഴി ഇപ്പോൾ ഭക്ഷണം വിതരണം ചെയ്യേണ്ടി വരുന്നുമില്ല.എല്ലാം നിയന്ത്രണ വിധേയം.അതീവ ജാഗ്രത അവരുടെ വാക്കുകളിൽ വായിച്ചെടുത്തു.

ചർച്ചകളുടെയും നിർദ്ദേശങ്ങളുടെയും മൂർദ്ധന്യത്തിലാണ് പുറത്തെ പൂക്കളിൽ എന്റെ കണ്ണുടക്കിയത്.അത് കുട്ടികളുടെ പൂന്തോട്ടം 'ഡാഫോഡിൽ' എന്ന വർണ്ണകാഴ്ചയിലേക്കുള്ള മണിവാതിൽ തുറക്കുകയായിരുന്നു പിന്നീട്.
ഓഫീസ് കോമ്പൗണ്ടിനു പാർശ്വത്തിലും പിൻ ഭാഗത്തുമായുള്ള ചെറിയ സ്ഥലത്ത് എത്ര മനോഹരമായാണു ഒരു കൊച്ചു 'ഡാഫോഡിൽ' തീർത്തിട്ടുള്ളത്. പ്രതീക്ഷയുടെ വർണ്ണ കാഴ്ചകളൊരുക്കുകയായിരുന്നു പച്ചപ്പ് നിറഞ്ഞ കുട്ടികളുടെ ഈ പൂന്തോട്ടവും കളിസ്ഥലവും.മഴവെള്ള സംഭരണിയും പൂച്ചട്ടികളും ഈ ലോക്ക് ഡൗൺ കാലത്തും നിറഞ്ഞും തളിർത്തും നിൽക്കുന്നു.ലോക്ക് ഡൗൺ കുട്ടികളെ അകറ്റി നിർത്തുന്നുവെങ്കിലും പൂമ്പാറ്റയും തുമ്പിയുമെല്ലാം ഈ ആരാമത്തിൽ എല്ലാം മറന്ന് ഉല്ലസിക്കുന്നു.നൂതനമായൊരു പദ്ധതിയൊരുക്കിയ ആത്മ സംതൃപ്തിയിലാണ് വൈസ്പ്രസിഡണ്ട് ജയിംസ് പന്തമാക്കലും പ്രസിഡണ്ടും.കാര്യക്ഷമമായ സിവിൽ സർവ്വീസിനു മാനസികമായ ഉല്ലാസവും സൃഷ്ടിപരതയും പ്രയോജനം ചെയ്യുമെന്ന വലിയ സിദ്ധാന്തം ചെറിയ കാൻവാസിൽ പഠിപ്പിച്ചു തരുന്നു ഈസ്റ്റ് എളേരി 'ഡാഫോഡിൽ'



'ഉയരങ്ങളിൽ,താഴ്വാരങ്ങളിൽ,കുന്നുകൾക്ക്മേലെ
ഏകാകിയായ് മേഘം പോലെ
ഉലാത്തുമ്പോൾ കണ്ടു ഞാൻ
തടാക തീരങ്ങളിൽ,വൃക്ഷത്തണലുകളിൽ
സ്വർണ്ണവർണ്ണമിയലും 'ഡാഫോഡിൽ'പൂക്കൾ'
എന്ന വില്ല്യം വേർഡ്‌സ് വർത്തിന്റെ 'ഡാഫോഡിൽ'കവിതയിലെ കാവ്യാത്മകതയിൽ സ്വയംലയിച്ചു ഇല്ലാതാകുന്ന അനുഭവം പങ്കു വെക്കുമ്പോൾ നാളെയുടെ അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും ഡാഫോഡിൽ മഞ്ഞപ്പൂക്കൾ വിരിയുകയായിരുന്നു പ്രകൃതിയുടെ പൂന്തോട്ടത്തിൽ.

കെ.കെ.റെജികുമാർ
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ


2 comments: