Thursday, April 23, 2020

വലിയ പറമ്പിൽ പ്രതിരോധ മതിൽ തീർത്ത കൊറോണ കെയർ സെൻ്റർ.

ശ്രീ കെ മാധവൻ
" വലിയപറമ്പ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  ശ്രീ കെ മാധവൻ്റെ അനുഭവ കുറിപ്പുകൾ പെർഫോർമൻസ് ഓഡിറ്റ് സൂപർവൈസർ ശ്രീ കെ വി രാജീവ് കുമാർ വികസിപ്പിച്ചത്................................"

2020 മാർച്ച് 21ന് ഉച്ചയ്ക്കാണ് ആ ഫോൺകോൾ..........

മുംബൈയിൽ നിന്ന് 41 പേർ ട്രെയിൻ മാർഗ്ഗം നാട്ടിലേക്ക് വരുന്നു.വിളിച്ചറിയിക്കുന്നത് പടന്നക്കടപ്പുറം റെഡ്സ്റ്റാർ ക്ലബ്ബ് പ്രവർത്തകരാണ്.കോവിഡ് 19 നെ ജനം ഭീതിദമായി നോക്കിക്കാണുന്ന സമയത്ത് തിരിച്ചു വരുന്ന ഇവർ വീടുകളിലേക്ക് ചെന്നാലുള്ള അവസ്ഥയോർത്ത് മനസ്സിൽ കൊള്ളിയാൻ മിന്നി.

ആശങ്ക കൊടുമുടിയോളമെത്തി.സംസ്ഥാനത്തിൽ ഇത്തരത്തിൽ തിരിച്ചു വരവിൻ്റെ അവസ്ഥയോ അനുഭവമോ കേട്ടുകേൾവിയില്ല. ......കീഴ്വഴക്കവുമില്ല.......അത്യസാധാരണ സാഹചര്യം.

കൂടുതൽ ആലോചിക്കാൻ സമയമില്ല.....വലിയപറമ്പെന്ന ദ്വീപു പഞ്ചായത്തിൻ്റെ ഒരറ്റത്തുനിന്നുള്ള എൻ്റെ ചിന്ത ലോകം ചുറ്റി......തലയിൽ പെരുപ്പു കയറുന്ന സാഹചര്യം.നേരിട്ടേ തീരൂ എന്നു മനസ്സിൽ പലവുരു ആവർത്തിച്ചു.

പക്ഷെ എങ്ങിനെ ....ഒരെത്തും പിടിയുമില്ല.തനതു വരുമാനത്തിൽ ശരാശരിയിലും താഴേയുള്ള ഒരു ഗ്രാമത്തിനു സ്വപ്നങ്ങളും അതിനനുസരിച്ചല്ലേ പറ്റൂ. അതിസാങ്കേതികയിലേക്കു പോയില്ല.

ചിന്ത.'നാളെയെ"എങ്ങനെ അഭിമുഖീകരിക്കും എന്നു മാത്രമായി..ഉടൻ പഞ്ചായത്ത് പ്രസിഡണ്ടിനെ വിവരമറിയിച്ചു.മറ്റ് അംഗങ്ങളെയും.ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി,പഞ്ചായത് ഭരണാധികാരികൾ,ആരോഗ്യ വകുപ്പ് ജീവനക്കാർ,ചുരുക്കം ചില സാമൂഹ്യ പ്രവർത്തകർ ഇവർ കുതിച്ചെത്തി.

വൈകുന്നേരം തന്നെ പടന്നക്കടപ്പുറം പി.എച്ച്.സി.യിൽ അടിയന്തിര യോഗം ചേർന്നു.പുറത്തെ വെയിലിൻ്റെ ചൂടിന് കടൽക്കാറ്റിൻ്റെ സാന്ത്വനമുണ്ട്.മുംബൈയിൽ നിന്നു വരുന്നവരെ ഈ സാഹചര്യത്തിൽ വീടുകളിലേക്കു വിട്ടാലുള്ള സാമൂഹ്യ പ്രശ്നങ്ങൾ, പക്ഷേ അകത്തെ  ചർച്ചയുടെ ചൂട് കുത്തനെ ഉയർത്തി.പിന്നെ ഒറ്റക്കെട്ടായ തീരുമാനം വന്നു.അവരെ മാനസികമായി കൂടെ ചേർക്കുക.14 ദിവസം അവരെ പ്രത്യേകമായി മാറ്റി താമസിപ്പിച്ച് നിരീക്ഷണത്തിനു വിധേയമാക്കുക.

'അപ്പോൾ എവിടെയാകണം നിരീക്ഷണ കേന്ദ്രം'മെമ്പർ കെ.കെ.മുഹമ്മദ്കുഞ്ഞിയുടെപ്രസക്തമായചോദ്യമുയർന്നു.പടന്നക്കടപ്പുറത്തുള്ള ഗവ:ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ ആകാമെന്നതിനും എതിരഭിപ്രായമുണ്ടായില്ല. സ്വാഭാവികമായും വാർഡ് മെമ്പറും ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ എനിക്ക് തന്നെ ചുമതലയും കൈവന്നു.സഹപ്രവർത്തകനും തൊട്ടടുത്ത വാർഡിലെ അംഗവുമായ കെ.കെ.മുഹമ്മദ് കുഞ്ഞിയെയും സഹായത്തിനായി കോർകമ്മറ്റി ചുമതലപ്പെടുത്തി.

ഡോക്ടർ സമീർ,ആരോഗ്യ വകുപ്പു ജീവനക്കാരായ കെ.ജയറാം,സുഗതകുമാർ .കെ, എന്നിവരും സാമൂഹ്യ പ്രവർത്തകരായസി.നാരായണൻ,കെ.വി.അമ്പുക്കുഞ്ഞി,പി.കെ.സുനിൽകുമാർ,കെ.വി.വിജയൻ എന്നിവരുടെ കൂടി സഹായത്തോടെ രാത്രി തന്നെ സ്കൂളിലെ താമസവും സജ്ജമാക്കി.

രാത്രി കിടന്ന് ഉറക്കംവന്നില്ല.ചെറിയ ഒരു പാളിച്ച പോലും അപകടം ക്ഷണിച്ചു വരുത്തിയേക്കാം.വരുന്നവർ നിസ്സഹകരിച്ചാൽ പണി പാളും.തിരിഞ്ഞും മറിഞ്ഞും കിടന്നു.പുലർച്ചെ തന്നെ എഴുന്നേറ്റു.23 നു രാവിലെ 6.15 നു ചെറുവത്തൂരിൽ എത്തുന്ന നേത്രാവതിക്കാണ് മുംബൈയിൽ കച്ചവടം നടത്തുന്ന നമ്മുടെ നാട്ടുകാർ എത്തുന്നത്.

മഹാരാഷ്ട്രയിൽ പ്രത്യേകിച്ച് മുംബൈയിൽ കോവിഡ് 19 വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സമയവുമായതിനാൽ മുൻകരുതലുകൾ എല്ലാം ഒന്നു കൂടി ഉറപ്പു വരുത്തി.റെയിൽവേ സ്റ്റേഷനിലെത്തി പ്രാഥമിക നടപടികൾ ചെയ്തു.നേരത്തെ തയ്യാറാക്കിയ പ്രത്യേക വാഹനം, പോലീസിൻ്റെ   സാന്നിധ്യം ഇവ ഉറപ്പു വരുത്തി.കുതിച്ചെത്തിയ 'നേത്രാവതിയിൽ' നിന്നിറങ്ങിയ 41 വലിയപറമ്പുകാരെയും കൊണ്ട് ഞങ്ങളുടെ വാഹനം സ്കൂൾകെയർ സെൻ്ററിലേയ്ക്ക് നീങ്ങിയപ്പോഴാണു സമ്മർദ്ദത്തിൻ്റെ ആദ്യ കെട്ടഴിഞ്ഞത്.ആരും കേൾക്കാതെ തന്നെ എൻ്റെ ആശ്വാസനിശ്വാസമുയർന്നു.ഇനിയുമുണ്ട് കടമ്പകളെങ്കിലും ആദ്യ കടമ്പ കടക്കുന്ന അത്‌ലറ്റിൻ്റെ ആത്മ വിശ്വാസം ഉള്ളം നിറച്ചു.

സ്കൂൾ ഗേറ്റ് കടക്കുമ്പോഴാണ് അടുത്ത ചോദ്യം മനസ്സിലുയർന്നത്.41 പേർക്ക് 14 ദിവസത്തെ ഭക്ഷണവും സൗകര്യങ്ങളും കൃത്യമായി എങ്ങനെ ഒരുക്കും?ഇന്നലെ കൂടുതലൊന്നും ചിന്തിച്ചിരുന്നില്ല.വരുന്നവരെ നാം ഏറ്റെടുക്കും,ജാഗ്രത കാണിക്കും എന്നു മാത്രമെ എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നുള്ളു.

അടഞ്ഞു കിടക്കുന്ന, എണ്ണത്തിൽ കുറവുള്ള കടകളുടെ ആളൊഴിഞ്ഞ വരാന്തകൾ പോലെ ശൂന്യമാവുകയാണോ മനസ്സും...ഇല്ല...തളരില്ല....അടഞ്ഞ കടകൾ തുറപ്പിച്ച് അവശ്യസാധനങ്ങൾ വാങ്ങി പ്രഭാത ഭക്ഷണത്തോടു കൂടി ആദ്യ ദിവസ മെസ്സ് ആരംഭിച്ചു.

സി.വി.കുഞ്ഞിരാമൻ,എം.രമ,ജാനു എന്നിവർക്കായിരുന്നു പാചക ചുമതല.പ്രതീക്ഷിച്ച രീതിയിൽ ക്യാമ്പ് തുടങ്ങാനായി.പക്ഷെ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ട്.

അപ്പോഴാണ് പഞ്ചായത്ത് പെർഫോർമൻസ് ഓഡിറ്റ് സൂപ്പർവൈസർ ശ്രീ. കെ.വി.രാജീവ് കുമാർ ഫോണിൽ വിളിച്ച് കാര്യങ്ങൾ ആരായുന്നത്.പത്ര വാർത്ത കണ്ടാണു വിളിച്ചത്.ക്യാമ്പ് തുടരുന്നതിനാവശ്യമായ എല്ലാ വിധ പിന്തുണയും സഹായവും പഞ്ചായത്ത് വകുപ്പിൽ നിന്നുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.തുടർന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർശ്രീ.കെ.കെ.റെജികുമാർ കൂടി ഇടപെടുകയും ഞങ്ങൾക്ക് എല്ലാ വിധ ആത്മധൈര്യം പകരുകയും ചെയ്തു.

തുടർന്ന് റവന്യു,ആരോഗ്യം തുടങ്ങി എല്ലാ വകുപ്പു  മേധാവികളുംവിളിക്കുകയും കാര്യങ്ങൾ യഥാസമയം വിലയിരുത്തുകയും ചെയ്തു.

അടുത്ത ദിവസമാണ് മുംബൈയിൽ നിന്നു 14 പേരും ഗോവയിൽ നിന്നുള്ള ഒരാളും ഉള്ള രണ്ടാം ബാച്ച് വരുന്നത്.47 പേരെ 8 ക്ലാസ് മുറികളിലായാണു താമസിപ്പിച്ചത്.തൊട്ടടുത്ത് ഒഴിഞ്ഞു  കിടക്കുന്നസ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് ബാക്കി 9 പേരെ താമസിപ്പിച്ചത്.മൂന്നിടങ്ങളിലായാണു ക്യാമ്പ് നടത്തിയത്.

വാഹനങ്ങളിലാണ് സാമൂഹ്യ അടുക്കളയിൽ നിന്ന്  ഇവർക്കു ഭക്ഷണമെത്തിച്ചിരുന്നത്.തുടർന്നുള്ള നാലു ദിവസം പലവ്യഞ്ജനങ്ങൾക്കു നന്നെ ബുദ്ധിമുട്ടി.ലോക്ക് ഡൗണായതിനാൽ കടകളിലേക്കും സാധനമെത്തിയിരുന്നില്ല.6 ചെറുകിട കടകൾ ആയിരുന്നു ഞങ്ങളുടെ ആശ്രയം.മുഴുവൻ സാധനങ്ങളും തരാൻ  അവർ ഒരു മടിയും കാട്ടിയില്ല.തൊട്ടടുത്ത നഗരമായ ചെറുവത്തൂരിലെ ചിലകടകളിൽനിന്നും കടമായി ഞങ്ങൾ സാധനങ്ങൾ വാങ്ങി.ഇവരൊക്കെ വലിയ പിന്തുണയാണ് ഞങ്ങൾക്ക് നൽകിയത്.അത് ഞങ്ങളുടെ ആത്മ വിശ്വാസം ഇരട്ടിയാക്കുകയും ക്യാമ്പ് ഭംഗിയായി തന്നെ മുന്നോട്ടു പോവുകയും ചെയ്തു.

ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എന്ന നിലയിൽ എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റാൻ 14 ദിവസവും വീട്ടിൽപോകാതെ ക്യാമ്പിൽതന്നെ ഞാനും ഒത്തു ചേർന്നു.അംഗങ്ങളുടെ ഓരോ കാര്യവും പരിഹരിക്കുന്നതിൽ ഇടപെടാനും മാനസിക പിന്തുണ നൽകാനും സാധിച്ചു എന്നതിൽ ഞാൻ ഇന്ന് അത്യധികം കൃതാർത്ഥനാണ്.എന്തിനും കൂടെയുണ്ടായിരുന്ന മെമ്പർ കെ.കെ.മുഹമ്മദ് കുഞ്ഞി,നേരത്തെ പ്രതിപാദിച്ച സാമൂഹ്യ പ്രവർത്തകർ,അടുക്കളചുമതലക്കാർ,എല്ലാവരും അഭിനന്ദനമർഹിക്കുന്നു....നാടിൻറെ ജനകീയ പ്രതിരോധത്തിനു ഒരു സംസ്‌ഥാന മാതൃക തീർത്തതിൽ. എല്ലാവരും അവരവരുടെ വീടുകളിൽകഴിയുമ്പോഴും ക്യാമ്പ് നടത്തിപ്പിനു പുലർച്ചെ 4 മണി  മുതൽ നെട്ടോട്ടമോടിയ ഞങ്ങളുടെ നെടുവീർപ്പ് സന്തോഷത്തിനു വഴി മാറിയ അവസാന ദിവസം ഒരിക്കലും മറക്കാനാവില്ല.

ക്യാമ്പ് അംഗങ്ങൾ നൽകിയ പിന്തുണയും സഹകരണവും സ്നേഹവും നിസ്സീമമാണ്.ഒരു ദുരന്തത്തെ ഒരു ഗ്രാമം എങ്ങനെ പ്രതിരോധിക്കുന്നു എന്നതിൻ്റെ സ്വന്തം കയ്യൊപ്പായി അംഗങ്ങളുടെ ക്യാമ്പനുഭവങ്ങളുടെ നേർ രേഖകൾ ശേഖരിച്ചിട്ടുണ്ട്.അത് സ്വയംപറയും.....എന്താണീ ഗ്രാമത്തിൻ്റെ     അതിജീവന ചരിത്രമെന്ന് ......

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ മികച്ച പിന്തുണയും നേതൃത്വവും പ്രത്യേകം പരാമർശിക്കുകയാണ്.ആരോഗ്യ വിഭാഗം ജീവനക്കാരുടെസേവനവും വാക്കുകൾക്കതീതമാണ്.എല്ലാറ്റിനുംപിന്തുണ നൽകി ഒരു നാടിനെ ചുമലിലേറ്റിയ ഈ നാട്ടിലെ സാധാരണക്കാരായ, സ്നേഹമസൃണരുമായ ജനത തന്നെയാണു സംസ്ഥാനത്തു തന്നെ വലിയപറമ്പിനെ വലിയൊരു മാതൃകയാക്കി തീർത്തത്.

തുച്ഛ വരുമാനക്കാരാണു ക്യാമ്പിലേക്ക് ചായയും പലഹാരങ്ങളുമൊക്കെ പലപ്പോഴും സ്‌പോൺസർ ചെയ്തത് എന്നത് എങ്ങിനെ പറയാതിരിക്കാൻ കഴിയുമെനിക്ക്.അതോടൊപ്പംതന്നെ പ്രസക്തമാണ് അധികാര വികേന്ദ്രീകരണം ഗ്രാമങ്ങളെ എത്രമാത്രം ശക്തമാക്കി എന്നത്.കൊച്ചു ഗ്രാമത്തിൻ്റെ വിജയ മന്ത്രം ഈ ശക്തി കൂടിയാണെന്നതിൽ ഒരു തർക്കവുമില്ല.

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റാഷിദ് അന്യ ജില്ലക്കാരനായിട്ടും ലോക്ക് ഡൗണിൽ വീട്ടിൽപോകാതെ ഓഫീസിൽ തന്നെ താമസിച്ചാണ് 24 മണിക്കൂറും പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്.ഹെഡ്ക്ലാർക്ക് ഷാജി, അകൗണ്ടൻ്റ് ശശി  തുടങ്ങിയ,ജീവനക്കാരുമെല്ലാം വാർ റൂം ഒരുക്കി കട്ടയ്ക്കു കൂടെയുണ്ടായിരുന്നു.

മഹാമാരിയുടെ സാഹചര്യത്തിൽ,കടുത്ത മാനസിക സമ്മർദ്ദങ്ങൾക്കും പ്രയാസങ്ങൾക്കുമിടയിൽ ക്യാമ്പിൽകഴിഞ്ഞ എനിക്കു കുടുംബം നൽകിയ പിന്തുണയും വിസ്മരിക്കുന്നില്ല.കോവിഡ് കാലത്തെ ഭീതിയും പ്രതിരോധവും ഒരുമയും അതിജീവനവുമെല്ലാം ചേർന്നതായിരുന്നു ആ പതിനാലു ദിനങ്ങൾ.

No comments:

Post a Comment