Thursday, April 23, 2020

'വിത്തും കൈക്കോട്ടും'

കാർഷിക സംസ്കൃതിയുടെ തിരിച്ചെടുപ്പിലേക്ക് ...ഒന്നായ് നമ്മൾ..........കെ.കെ.റെജികുമാർ ,പഞ്ചായത്ത്  ഡെപ്യൂട്ടി ഡയറക്ടർ എഴുതുന്നു.

കോവിഡ് 19 -ഒരു ബദൽ ജീവിത രീതി ആവശ്യപ്പെടുന്ന ഘട്ടത്തിലാണു നാമിപ്പോൾ.ലോക്ക് ഡൗൺ നീളുന്നതിനനുസരിച്ച് ആശങ്ക വർദ്ധിക്കുകയാണ്.ഇപ്പോൾ സുരക്ഷിതമാണെന്നു വ്യക്തമാക്കുമ്പോൾ തന്നെ ബഹു:മുഖ്യമന്ത്രി മുന്നോട്ടുവെച്ച ഭക്ഷ്യ വിഭവ സ്വയംപര്യാപ്തതയുടെ വിഷയം ആഴത്തിൽ ചർച്ച ചെയ്യേണ്ടുന്നതാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാർഷിക-ജലസേചന-മൃഗസംരക്ഷണ-മത്സ്യബന്ധന വകുപ്പുകളുമെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ടുന്ന ദൗത്യമാണ് അദ്ദേഹം വ്യക്തമാക്കിയത്.കാർഷിക മേഖലയുടെ വളർച്ചയ്ക്ക് അടിയന്തിര കർമ്മ പദ്ധതിക്ക് സർക്കാർ രൂപംനൽകുകയാണ്.ഒരാഴ്ചയ്ക്കകം വിശദമായ കർമ്മ പദ്ധതി നമുക്ക് മുന്നിലെത്തും.

'നമുക്ക് വേണ്ടുന്നത് നാം തന്നെ കൃഷി ചെയ്യുക'എന്ന സുപ്രധാന പ്രവർത്തനമാണിതിലൂടെ  ലക്ഷ്യമിടുന്നത്.സംസ്ഥാനത്തെ ഓരോ വ്യക്തിയും കുടുംബങ്ങളും ഇത് ഏറ്റെടുക്കേണ്ടതുണ്ട്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാദേശികതല പ്ലാനുകളും ഇതിനായി ആവിഷ്‌ക്കരിക്കണം.

തരിശുനില കൃഷിയാണ് ഇതിൽ പരമ പ്രധാനം . .കാലവർഷത്തിനു മുമ്പു തന്നെ പദ്ധതികൾ നടപ്പാക്കാനാണ് സർക്കാരിൻ്റെ തീരുമാനവും.പഞ്ചായത്തുകളെ സംബന്ധിച്ചിടത്തോളം 2020 -21 വാർഷിക പദ്ധതി അംഗീകരിക്കപ്പെടുകയും ചെയ്തു.ഗുണഭോക്തൃ തെരഞ്ഞെടുപ്പുകളുടെ സാങ്കേതികത്വം ഉണ്ടെങ്കിലും കാർഷിക പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകി മുഴുവൻ പശ്ചാത്തല പ്രവർത്തനങ്ങളും ഇപ്പോൾ തന്നെ ആരംഭിക്കാം.

സംസ്ഥാനത്ത് ഒഴുകുന്ന 44 നദികളിൽ 12 ഉം ഒഴുകുന്നത് കാസർകോട് ജില്ലയിലൂടെയാണ്.38 ഗ്രാമ പഞ്ചായത്തുകൾക്കും നദിതടസ്പർശമുണ്ട് എന്നതും നമ്മുടെ മാത്രം സവിശേഷതയുമാണ്.ഇവയെ ആസ്പദമാക്കി 9 നീർത്തടങ്ങളും വർഗ്ഗീകരിക്കപ്പെട്ടിട്ടുണ്ട്. കുളങ്ങളും, പള്ളങ്ങളും,സുരംഗങ്ങളും ഉൾപ്പെടുന്ന പരമ്പരാഗത ജലാശയങ്ങളും ഏറെയുണ്ട് സമ്പന്നമായ ജല സ്രോതസ്സുകളുണ്ടായിട്ടും നമ്മുടെ കാർഷിക മേഖലയുടെ തകർച്ചയും തളർച്ചയും നാം പരിശോധിക്കേണ്ടതുണ്ട്.

സമ്പന്നമായ ഗതകാല കാർഷിക സംസ്കാരം നെഞ്ചേറ്റിയിരുന്ന മണ്ണാണിത്.പിന്നീട് എപ്പോഴോ നമ്മുടെ കാർഷിക പാരമ്പര്യമെല്ലാം കൈമോശം വന്നു.1986 ൽ 21280 ഹെക്ടർ നെൽകൃഷിയുണ്ടായിരുന്നു ജില്ലയിൽ.ഇന്നത് കേവലം 4050 ഹെക്ടർ ആണ്,എന്നു പറയുമ്പോൾ മനസിലാക്കാം നമ്മുടെ ഭക്ഷ്യ ഉപഭോഗവും ഉല്പാദനവും.തമ്മിലുണ്ടായ മൂന്നു പതിറ്റാണ്ടുകൾക്കിടയിലെ ഭീമമായ അന്തരം ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ തിരിച്ചറിവുണ്ടാകേണ്ടതും ഇവിടെയാണ്. 

കൃഷിയോഗ്യമായ 8000 ഹെക്ടറോളം ഭൂമി തരിശായി കിടക്കുന്നുണ്ട് നമ്മുടെ ഗ്രാമങ്ങളിലെന്നതും സംസ്ഥാനത്തു തന്നെ തരിശു ഭൂമി ഏറ്റവും കൂടുതലുള്ള ജില്ലകളിലൊന്നാണ് നമ്മുടേതെന്നതും കൂട്ടി വായിക്കണം.30 വർഷം മുമ്പ് 1054 ഹെക്ടർ പയറു വർഗ്ഗങ്ങളും 5927 ഹെക്ടർ പച്ചക്കറിയും കൃഷി ചെയ്ത നമുക്ക് ഇന്ന് കേവലം 241 ഉം 1336 ഉം ആയി അവ കുറഞ്ഞ സ്ഥിതിവിവരക്കണക്കുകൾ കാണുമ്പോൾ ആശങ്കയോ ഭീതിയോ തോന്നുന്നുവെങ്കിൽ അതിശയമില്ല.ജില്ലയിലിന്ന് ആവശ്യമുള്ള ഭക്ഷ്യധാന്യത്തിൻ്റെ കേവലം 5% മാത്രമെ നാം ഇന്ന് ഉൽപ്പാദിപ്പിക്കുന്നുള്ളു.പയറു വർഗ്ഗങ്ങളാണെങ്കിൽ പ്രതിശീർഷ ഉപഭോഗം 7.4 ആണെങ്കിൽ സ്വയപര്യാപ്തതാനിരക്ക് 0.8 മാത്രമാണ്. പച്ചക്കറിയുടേത്  58.3 ഉപഭോഗവും 36.6 സ്വയംപര്യാപ്‌തതനിരക്കുമാണ്.

നമ്മുടെ ആവശ്യങ്ങളിൽനിന്ന് ഇപ്പോൾ തന്നെ എത്രയോ അകലെയാണു നമ്മുടെ ഉൽപ്പാദനം.മറ്റു സംസ്ഥാനങ്ങളെയും ജില്ലകളെയും  ആശ്രയിക്കുന്ന ഒരു ഉപഭോക്‌തൃ ജില്ലയെന്ന നിലയിൽ കോവിഡ് 19 ഉണ്ടാക്കിയേക്കാവുന്ന ഭക്ഷ്യ സാധനങ്ങളുടെ ലഭ്യതക്കുറവ് നമ്മളെ സംബന്ധിച്ച് കനത്ത ആഘാതമായിരിക്കും വരുത്തിവെക്കുക.ആറു മാസമോ ഒരു വർഷമോ കഴിഞ്ഞാലുണ്ടാകുന്ന പ്രതിസന്ധിയാണു നാം മുൻകൂട്ടി കാണേണ്ടത്.അതിനാണ് ഉടൻ ഇടപെടൽ തുടങ്ങണമെന്ന് സർക്കാരും നിർദ്ദേശിക്കുന്നത്.

വിള യുടെ ഭൂമിയൊരുക്കുന്നതിനു മുമ്പായി മനസ്സുകളിൽ നിലമൊരുക്കാം ഇന്നു തന്നെ നമുക്ക്. എല്ലാറ്റിനും മാതൃകകൾ തീർക്കുന്ന നമുക്ക് ഭക്ഷ്യ ധാന്യങ്ങളുടെ സ്വാശ്രയ വിഷയത്തിലും പുത്തൻ മാതൃക തീർക്കാം.ആരോഗ്യകരമായ മത്സരം ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ ഉണ്ടാകുന്നത് ഉചിതമാകുമെന്നും കരുതുന്നു.ഇനി ഓരോ പഞ്ചായത്തിലും വീട്ടു പറമ്പിലും തരിശു ഭൂമിയിലും നമുക്ക് പൊന്നു വിളയിക്കാം.

കാലം അത് ആവശ്യപ്പെടുന്നു. 38 പഞ്ചായത്തുകളിലായി 215 പാടശേഖരങ്ങൾ നമ്മുടെ ജില്ലയിലുണ്ട്.ഓരോ ഗ്രാമത്തിലും കൃഷിയോഗ്യമായ മറ്റു തരിശുഭൂമിയുമുണ്ട്.പറമ്പുകൾ ഇടവിള  കൃഷിക്കായി ഉപയുക്തവുമാക്കാം.കൃഷി അറിവുകളുടെ കുളിർമ്മയിൽ കാലവർഷത്തിനു മുമ്പേ പ്രകൃതിയുടെ മാറ്റത്തിനനുസരിച്ച് വിത്തു നടാനും തൈ നടാനും തെരഞ്ഞെടുക്കുന്ന കാലമാണിത്.

വിഷു നാളിൽ പാടത്ത് ചാലുകീറാനും മേടം 10 നു പത്താമുദയത്തിനു വിത്തു നടാനും തൈ നടാനും തെരഞ്ഞെടുക്കുന്ന ഒരു കാർഷിക പാരമ്പര്യമാണ് കേരളത്തിലേത്.യാദൃശ്ചികമായി മേടം പത്തിന്റെ നാളിലാണു നാം സംസാരിക്കുന്നതും.നിലമൊരുക്കാനും അതിനു മനമൊരുക്കാനും പറ്റിയ ദിവസം തന്നെ.

ശാസ്ത്രീയ ജലസംരക്ഷണവും സ്വാശ്രയത്വ കാർഷിക പ്രവർത്തനങ്ങളും നമ്മുടെ ദൈനം ദിന അജണ്ടയായി മാറ്റാൻ മുന്നിൽ നിന്നു പ്രവർത്തിക്കുക......................

നാം അതിജീവിക്കുക തന്നെ ചെയ്യും.........................

2 comments:

  1. ലോക്ക് ഡൗൺ കാലം പുതിയ ഒരു സംസ്കാരത്തിന് ശുഭാരംഭമാകട്ടെ സർ

    ReplyDelete
  2. 🙏Profound thoughts..Respected.Reji sir& your 24×7 essential service Panchayat team staying in Kasargod, since the lockdown..Salute all of you coordinating things there...

    ReplyDelete