Tuesday, April 14, 2020

കടൽത്തീരങ്ങളെ നിശ്ശബ്ദമാക്കി കോവിഡ് - (പള്ളിക്കര-ഉദുമ)

 

പ്രകൃതി രമണീയങ്ങളായ പ്രദേശങ്ങളാണ് പള്ളിക്കരയും ഉദുമയും.തീരദേശഗ്രാമങ്ങൾ-ലോക ടൂറിസം ഭൂപടത്തിൽപെട്ട  ബേക്കൽ കോട്ട ഉൾപ്പെടുന്ന നാട്. ചരിത്ര ശേഷിപ്പുകളുടെയും പ്രകൃതി സമ്പന്നതയുടെയും അനുഗൃഹീത ഭൂമി.

എന്നാൽ ഇന്നു തെല്ലൊരു ആശങ്ക ജനിപ്പിക്കുന്ന പ്രദേശങ്ങളാണിവ.കാരണം കോവിഡ്  19 കേസുകൾ യഥാക്രമം 4 ഉം,7 ഉം ആണ് പള്ളിക്കരയിലും  ഉദുമയിലും.മാത്രമല്ല മൂന്നു  താഴിട്ട് പൂട്ടിയിരിക്കുകയാണ് ഉദുമ.എന്ത് കൊണ്ടുംസാധാരണ ജനതക്ക് ഭീതിയുണർത്തുന്ന സാഹചര്യം. ഭീതിയല്ല ജാഗ്രതയാണ് വേണ്ടതെന്നു സർക്കാർ ആവർത്തിച്ചു വ്യക്തമാക്കുന്നുവെങ്കിലും നീണ്ട 20 ദിവസത്തെ താഴിടൽ തെല്ലൊന്നുമല്ല ജനജീവിതത്തെ തകിടംമറിച്ചത്.

പാവപ്പെട്ട മത്സ്യതൊഴിലാളികൾക്ക് വറുതിയുടെ നാളുകളാണിത്. തീരദേശഗ്രാമങ്ങളിലെ പ്രധാന ജന വിഭാഗത്തിന്റെ ഉപജീവന മാർഗ്ഗമില്ലാതായിട്ട് രണ്ടാഴ്ച കഴിഞ്ഞു. അന്നന്നത്തെ ഭക്ഷണത്തിനു മാത്രമായി കരുതൽനടത്തുന്ന ഏറ്റവും പാവപ്പെട്ട വിഭാഗത്തിന് ആശങ്കയൊഴിയാത്ത ദിനങ്ങൾതന്നെ.

എന്നാൽ കോവിഡ് 19 നെ തുരത്താനുള്ള യത്നത്തിൽ അവർക്കെല്ലാമൊറ്റ  മനസ്സു തന്നെ.സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രതിരോധത്തിനും കരുതലിനും അവർ നൂറു ശതമാനം പിന്തുണയർപ്പിക്കുന്നു.സർക്കാരിന്റെ സൗജന്യ റേഷനും പഞ്ചായത്തുകളുടെ സാമൂഹ്യ അടുക്കളയും എല്ലാം അവർക്ക് ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നു.

ലോകരാഷ്ട്രങ്ങൾ പോലും നമ്മുടെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുമ്പോൾ മനസ്സിൽ അതിയായ സന്തോഷം നുര പൊട്ടുന്ന പാവങ്ങളാണവർ.

പള്ളിക്കരയിലെ ഓഫീസിലെത്തുമ്പോൾ ഗേറ്റും മുൻവശത്തെ വാതിലും പൂട്ടിയിരിക്കുന്നു.ട്രിപ്പിൾ ലോക്ക് ഓഫീസിനുമായോ എന്ന് ശങ്കിച്ചു പിന്നാമ്പുറത്തു കൂടിയുള്ള വഴിയിലേക്ക് കടക്കുമ്പോഴാണവിടെ പഞ്ചായത്ത് പ്രസിഡണ്ട്ശ്രീമതി.ഇന്ദിര, അംഗങ്ങൾ, പൊതുപ്രവർത്തകനായ രാഘവൻ വെളുത്തോളി,പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണൻ തുടങ്ങിയവർ നിൽക്കുന്നത് കണ്ടത്.

തൊട്ടടുത്ത്    കുടുംബശ്രീ അടുക്കളയിൽ 175.പേർക്കുള്ളഭക്ഷണമൊരുങ്ങുകയാണ്. വളണ്ടിയർമാർ തയ്യാറായി നിൽക്കുന്നുണ്ട്.വാച്ചിൽനോക്കി, 12.30 കഴിഞ്ഞിരിക്കുന്നു.വിതരണത്തിനുള്ള ഒരുക്കം ചർച്ച ചെയ്യുകയാണവർ.മുൻ പരിചയമുള്ളതിനാൽ സൗഹാർദ പൂർവം സ്വീകരിച്ചു.പൊതുജനം കയറി വന്ന് സുരക്ഷാ പരിധികൾ ലംഘിക്കുമെന്നതിനാലാണ് മുൻവാതിലടച്ചതെന്ന് സന്ദർഭവശാൽസെക്രട്ടറിവ്യക്തമാക്കി.

ഓഫീസിൽശ്രീജിത്,രാഘവൻ,റഫീഖ് ,അഹമ്മദ്ഷാ,സുരേഷ്ബാബു,ടി.എഎന്നിവർമുഖങ്ങളില്ലാതെയിരിക്കുന്നുണ്ട്.എത്രയോ ദിവസങ്ങളായി ദിവസമേതെന്ന് അറിയാതെയുള്ള തരത്തിൽ രാപ്പകൽ  പ്രതിരോധ പ്രവർത്തനത്തിൽ വ്യാപൃതരാണവർ.

അമ്പലക്കമ്മറ്റി ഉത്സവത്തിന് തയ്യാറാക്കിയ മത്തനുംകുമ്പളവും പച്ചക്കറികളുമെല്ലാം സാമൂഹ്യ അടുക്കളയിലേക്ക് സംഭാവന ചെയ്ത കാരുണ്യത്തിന്റെവാർത്തയാണ്പ്രസിഡണ്ടിന് ആദ്യംപറയാനുണ്ടായിരുന്നത്.വിഭവസമാഹരണത്തിനു സ്വയമേവ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. അവർ.എല്ലാം കാരുണ്യത്തിൻ്റെ കരസ്പർശം തന്നെ.

സാമൂഹിക അകലം പാലിക്കുമ്പോഴും മാനസീകമായ ഐക്യത്തിന്റെ പുതിയൊരു രസതന്ത്രം രൂപം കൊള്ളുകയായിരുന്നു

ഈ തീരദേശ ഗ്രാമങ്ങളിൽ. തൊട്ടടുത്ത് അലയടിക്കുന്ന കടൽ  ക്ഷുഭിതമാണെന്നു തോന്നിച്ചു.ഒഴിഞ്ഞ റെയിൽപ്പാളങ്ങളിലൂടെഏറെ നേരത്തിനു ശേഷം ഒരു ചരക്കു വണ്ടി ചൂളം വിളിച്ചു കടന്നു പോകുന്നു.നിശബ്ദതയിൽ കടലിരമ്പലിനും അകന്നു പോകുന്ന വണ്ടിയുടെ ശബ്ദത്തിനും ഒരേ താളം കണ്ടെത്താനുള്ള എൻ്റെ ശ്രമം വിജയിച്ചില്ല.താളങ്ങൾ നഷ്ടപ്പെടുന്നിടങ്ങളിൽ പുതിയ താളം കണ്ടെത്താനുള്ള ശ്രമത്തിലാണപ്പോഴുംജനപ്രതിനിധികളും ജീവനക്കാരും.

അതുവിജയിക്കുന്നതിൻ്റെ സൂചനയാണവർ നൽകുന്ന കണക്കുകൾ.ഭക്ഷണം ആവശ്യമായവരുടെ എണ്ണംഗണ്യമായികുറഞ്ഞു.അതിഥിതൊഴിലാളികൾക്കുൾപ്പെടെഭക്ഷ്യസാധനങ്ങളുടെ കിറ്റുകളെത്തി.

 ഐസൊലേഷനിലുള്ളവർക്ക് കൂടു പൊട്ടിച്ചു പുറത്തു കടക്കാനാകുന്നു.ശുഭസൂചകമായവർത്തകളാണവർ പങ്കു വെക്കുന്നത്.ആരോഗ്യ പ്രവർത്തകരും ജാഗ്രതാസമിതികളുംകണ്ണിലെണ്ണയൊഴിച്ചുപ്രവർത്തിക്കുന്നു.

പഞ്ചായത്തിൽ എല്ലാ  സമയവും ഹെൽപ് ഡെസ്കും കൺട്രോൾറൂമും സജീവമാണ്.കുണിയക്കടുത്ത് ഭോപ്പാലിൽ നിന്നെത്തിയ ഒരാൾ പോസിറ്റീവ് ആണെന്ന് എനിക്ക് കിട്ടിയ വിവരം സെക്രട്ടറിയോട് പങ്കു വെച്ചപ്പോൾ ഉടൻ ഫോണെടുത്തു ഹെൽത്ത് ഇൻസ്‌പെക്ടറെ വിളിച്ചു ആശങ്കയുടെ ശകലം പെട്ടെന്ന് മുഖത്തു നിന്നു മായുന്നത് ആശ്വാസത്തോടെയാണ് നോക്കി നിന്നത്."അത് പ്രശ്നമില്ല ..അയാൾ പോസിറ്റീവ്ര് അല്ല ...നിരീക്ഷണത്തിലുണ്ട്."എന്ന് രാധാകൃഷ്ണന്റെ മറുപടി.

സർക്കാർനിർദ്ദേശവും വകുപ്പുനിർദ്ദേശവും യുദ്ധകാലാടിസ്ഥാനത്തിൽഏറ്റെടുക്കുന്നപഞ്ചായത്തുകൾക്ക് ഉത്തരവുകൾ എല്ലാം ഹൃദിസ്ഥമാണ്.ഓരോ ചുവടും ജാഗ്രതയുടേതാക്കാൻ അവരെന്നും പ്രതിജ്ഞാബദ്ധരാണെന്നു വ്യക്തമാക്കുന്ന ഇടപെടലുകൾ.

അതിജീവനത്തിൻ്റെ ബേക്കൽ പാലവും കടന്ന് ഗാംഭീര്യത്തിൻ്റെ  കോട്ടകൊത്തളങ്ങൾക്കു മുന്നിലൂടെയുള്ള യാത്രക്കിടയിൽ ടിപ്പുവിൻ്റെയും ഇക്കേരിനായ്ക്കരുടെയും ചരിത്രസ്മരണകൾ അയവിറക്കി. ആർത്തിരമ്പുന്ന കടലിൻറെ വശ്യമായ സംഗീതവും തിരമാലകളുടെ നിലയ്ക്കാത്ത ആരവങ്ങളും ശ്രദ്ധിച്ചുകൊണ്ട് ഒരു കാലഘട്ടത്തിന്റെ സ്പന്ദിക്കുന്ന ഓർമകളുമായി ബേക്കൽകോട്ട സ്ഥിതി ചെയ്യുന്നു  .

ബലിതർപ്പണത്തിന്റെ തീരഭൂമിയായതൃക്കണ്ണാട് ക്ഷേത്രത്തിലും കടൽക്കരയിലും മനുഷ്യരില്ല.തീരത്ത് കാക്കകൾ പോലുമില്ലെന്നത് അതിശയിപ്പിച്ചു.വീടുകളിൽ നിന്നാരും പുറത്തിറങ്ങിയിട്ടില്ല.പോലീസ് വാഹനങ്ങൾ ചിലത് ചീറിപ്പായുന്നു വെയിലേറ്റ് വാടുന്ന പോലീസുകാർ സ്വന്തം തണലുകൾ തേടുന്നു പരസ്പരം.

ആലാമിപ്പള്ളിയിൽ രണ്ടു താഴിട്ട ലോക്ക് ഡൗണിൽ കുടുങ്ങിയ നിസ്സഹായാവസ്ഥയിലുള്ള സഹപ്രവർത്തകൻ ഇഖ്ബാലിൻ്റെ ഫോൺ വിളിയിൽ പെട്ടെന്നു ബ്രേക്കായി പുറംലോകകാഴ്ചകൾക്ക്.ഉദുമ ഗ്രാമ പഞ്ചായത്തിലേക്ക് കയറി ചെല്ലുമ്പോൾ ജീവനക്കാരനായ അപ്യാൽബാബു ഭക്ഷണം കഴിക്കുന്നു.ടെക്നിക്കൽ അസിസ്റ്റൻ്റ് പെൺകുട്ടി  അംഗൻവാടി ടീച്ചർമാർ തയ്യാറാക്കിയ വീടുകളുടെ പട്ടിക കമ്പ്യൂട്ടറിൽ കയറ്റുന്നു.പ്രത്യേക സോണാണ്‌ ഉദുമ. അതിനാലുള്ള അടിയന്തിര നടപടിയാണത്.

7..പേർ രോഗികളായുള്ള ഉദുമക്ക് നേരത്തെ പറഞ്ഞത് പോലെ മൂന്നു താഴാണ്. പള്ളിക്കര കുടുംബശ്രീയിൽനിന്ന് സ്നേഹപുരസരം നൽകിയ കപ്പക്ക പുളുശ്ശേരിയും മത്തൻ തോരനും കൂട്ടിയുള്ള സ്വാദിഷ്ട ഭക്ഷണം കഴിച്ച സംതൃപ്തിയിലാണ് ബിജുവും ഞാനും ഉദുമയിലേക്ക് ചെന്നത്.അതുകൊണ്ടു തന്നെ ഭക്ഷണം കഴിക്കാൻ പോയ സെക്രട്ടറിയെയും കൂട്ടരെയും കാത്ത് നിൽക്കുന്നതിലൊരു അക്ഷമയുമുണ്ടായില്ല.സാരഥി ആഞ്ജനേയനു വീട്ടിലെ ഭക്ഷണം തന്നെ പത്ഥ്യം.

ജില്ലയിലേറ്റവും കൂടുതൽ ഭക്ഷണം സാമൂഹ്യ അടുക്കള വഴി വിതരണംചെയ്യുന്നസ്ഥലമാണ് ഉദുമ.ആകെയുള്ള 700ൽ 450.പേരും അതിഥിതൊഴിലാളികൾ.തീരദേശ മേഖലയിൽ റേഷനുംസാധനങ്ങളുംകിട്ടിയത് ആശ്വാസമായി എന്ന് പുതുതായി ചുമതലയേറ്റ സെക്രട്ടറി.

 നേരത്തെ ചുമതലയിലായിരുന്ന അസിസ്റ്റൻ്റ് സെക്രട്ടറി വേണു ഗോപാൽ അടുക്കളയുടെയും വിഭവ സമാഹരണത്തിന്റെയും ശ്രമങ്ങൾ എണ്ണിപ്പറയുന്നു.വാർഡ് മെമ്പർമാരുടെയും ജാഗ്രതാ സമിതിയുടെയും ഇടപെടലിൽ സന്തുഷ്ടി പ്രകടിപ്പിക്കുന്നു.കൂത്തുപറമ്പ്കാരനായ പുതിയ സെക്രട്ടറിക്ക് നല്ല ആത്മ വിശ്വാസം പ്രതിരോധ പ്രവർത്തനങ്ങളെല്ലാം അക്കമിട്ട് നടപ്പാക്കാനാകുമെന്നധൈര്യംഞങ്ങളെയുംആവേശത്തിലാക്കി

വരൾച്ചാ പ്രദേശങ്ങളിലെ കുടിവെള്ള വിതരണത്തിലെ സാങ്കേതിക കുരുക്കഴിക്കാൻ ഡിഡിപി റെജികുമാർ സാറിൻ്റെ സേവനം തേടാൻ നിർദ്ദേശിച്ചു. പഴുത്ത പപ്പായയും വത്തക്കയും കഴിച്ച് പുറത്തിറങ്ങുമ്പോഴാണ് പ്രസിഡണ്ട് ശ്രീ.കെ.എ .മുഹമ്മദലി കയറി വരുന്നത്.ലോക്ക് ഡൗൺ നീണ്ടാലും കമ്മ്യൂണിറ്റി കിച്ചൻ യാതൊരു തടസ്സവുമില്ലാതെ തുടരാൻ സാധിക്കുമെന്നും ഭക്ഷണം നൽകേണ്ടവരുടെ എണ്ണം കുറഞ്ഞു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിരീക്ഷണത്തിലിരിക്കുന്നവരുടെ എണ്ണംകുറഞ്ഞിട്ടുണ്ട്.

രോഗികളിൽ ചിലർ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ആയി.എന്തായാലും ഉദുമയിലെ ജനതയെ വൈറസിൽ നിന്ന് പ്രതിരോധിക്കാൻ എല്ലാ ശ്രമങ്ങളും തുടരുമെന്ന ദൃഢമായ വാക്കുകളിൽ മനം  നിറഞ്ഞു മറ്റൊരു അതിജീവനമാതൃക കൂടി നേരിട്ടറിഞ്ഞ സംതൃപ്തിയിൽ ഞങ്ങളിറങ്ങി.

PREPARED BY SRI RAJIV PERFORMANCE AUDIT SUPERVISOR PAU 2

2 comments:

  1. പഞ്ചായത്തുകളുടെ പ്രവർത്തനം മാതൃകാപരം അതി ഗംഭീരം III ...

    ReplyDelete
  2. ഇതര സംസ്ഥാനങ്ങളിൽ കിലോമീറ്ററുകളോളം കാൽനടയാത്ര ചെയ്ത് വിണ്ടുകീറിയ കാൽപാദങ്ങളുമായി ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യേണ്ടി വരുന്ന ബാല്യങ്ങളുടെ കണ്ണുനീർ കാഴ്ചകൾ ഉള്ളു പൊള്ളിക്കുമ്പോൾ ഇവിടെ നമ്മുടെ കേരളത്തിൽ ഈ ലോക്ക് ഡൗൺ കാലത്ത് ഒരാളുപോലും വിശന്നിരിക്കാൻ പാടില്ലായെന്ന സർക്കാരിൻ്റെ ദൃഢനിശ്ചയം എത്ര അഭിനന്ദിച്ചാലും മതിയാകാത്തത്.സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനത്തിന് കരുത്തു പകർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ജീവനക്കാരും. ഒരു പഞ്ചായത്ത് ജീവനക്കാരിയായതിൽ അഭിമാനം തോന്നുന്ന നിമിഷം

    ReplyDelete