Sunday, April 19, 2020

"The show must go on........"

" ഉത്സവ പറമ്പുകളിൾ തോറും കൈവേലകൾ കാണിച്ച് ഉപജീവനം നടത്തിയുന്ന കൊച്ചു സർക്കസ് കമ്പനിയിലെ അംഗങ്ങൾ ലോക്ക് ഡൌൺ ആയതോടെ ശരിക്കും തളച്ചിട്ടപോലെയായി.ആദ്യം അങ്കലാപ്പിലായ ഇവർ ഇപ്പോൾ സന്തുഷ്ടരാണ്.പതിനാറംഗ ടീമിന്  പഞ്ചായത്ത് താമസ  സ്ഥലം ഒരുക്കിയെങ്കിലും അവർക്കതുവേണ്ട.അവർക്ക് പത്ഥ്യം കൂടാരം തന്നെ.പിന്നെ കരുതലിൻ്റെ പര്യായമായി നിലകൊള്ളുന്ന പഞ്ചായത്ത് ടീം അവിടുള്ളപ്പോൾ അവർക്കെന്ത് പ്രശ്നം.ഇനിയേതായാലും ഇതൊക്കെ കഴിയട്ടെ  എന്നാണവരുടെ അഭിപ്രായം.ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും...... പക്ഷെ കളി തുടരേണ്ടത് ഒരനിവാര്യതയാണ്.....................ദേലമ്പാടി ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറിയുടെ വരികൾ." 👇


ഇവർ ഞങ്ങളുടെ അതിഥികൾ... 


ദേലംപാടി ഗ്രാമപഞ്ചായത്തിലെ അടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തിന്  തൊട്ടിലാട്ടം മരണക്കിണർ കുട്ടികൾക്കായുള്ള കാറോട്ടം തുടങ്ങിയ ചെപ്പടി വിദ്യകളുമായി മഹാരാഷ്ട്രയിൽ നിന്നും എത്തിയവരാണ് ഇവർ.



കൊറോണ കാരണം രാജ്യം മുഴുവൻ ലോക്ക് ഡൗൺ ആയപ്പോൾ ഇവർ ഇവിടെ കുടുങ്ങി. ഗ്രാമപഞ്ചായത്ത്  ആദ്യമൊക്കെ ബന്ധപ്പെടുന്ന സമയത്ത് നാട്ടിൽ പോകണം എന്നുള്ളതായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

 ഇപ്പോൾ സാധ്യമല്ല എന്ന് അറിയിച്ചപ്പോൾ ക്ഷമാപൂർവ്വം അവർ അത് കേട്ടു.

 ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഇടപെട്ട്  ഭക്ഷണസാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും ഇവർക്ക് ലഭ്യമാക്കി. ഇന്ന് രാവിലെ ഇവർ താമസിക്കുന്ന സ്ഥലം സന്ദർശിക്കാൻ  സെക്രട്ടറി പോയപ്പോൾ അവർ വളരെ സന്തോഷത്തിലാണ്.

 ദൂരെ നാട്ടിൽ നിന്നും വന്നു ഇവിടെ താമസിക്കുന്നതിൻ്റെ യാതൊരു ബുദ്ധിമുട്ടും അവർക്കിന്നില്ല. ഭക്ഷണ സാധനങ്ങൾ എല്ലാം ആവശ്യത്തിനുണ്ട്.

പഞ്ചായത്ത് വാഹനം കണ്ടയുടനെ ഓടിവന്ന് ഇന്നത്തെ ദിനപത്രത്തിൽ അവരെ പറ്റി വന്ന വാർത്ത സെക്രട്ടറിയെ കാണിച്ചുകൊടുക്കാനുള്ള വെപ്രാളമായിരുന്നു അവർക്ക്.


 "ഞങ്ങളെയും എല്ലാവരും ശ്രദ്ധിക്കുന്നു" എന്ന തോന്നൽ അവർക്ക് ഉണ്ടായിരുന്നിരിക്കണം.

ചെറിയ കുട്ടികൾ അടക്കം എല്ലാവരും  ഞങ്ങളോട്  സംസാരിച്ചു. അവർ പട്ടിണിയിൽ ആകില്ല എന്ന ഉറച്ച വിശ്വാസം അവരെ ഞങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചിരിക്കുന്നു.

കയ്യിൽ കരുതിയ മാസ്ക് അവരെ ഏൽപ്പിച്ച്‌ തിരികെ പോരാൻ നേരം. "ഇനിയും വരണം" എന്നവർ പറഞ്ഞപ്പോൾ  ഞങ്ങൾക്കും  അതിയായ സന്തോഷം.



No comments:

Post a Comment