Sunday, April 12, 2020

പഞ്ചായത്ത് ഡയറി - പടന്ന

ലോകം ഇന്ന് ഒരു മഹാമാരിയുടെ പിടിയിൽപ്പെട്ട് വിറങ്ങലിച്ച് നിൽക്കുന്ന അവസ്ഥയാണുള്ളത്. വികസിത രാജ്യങ്ങൾ പോലും പകച്ച് നിൽക്കുന്ന കാഴ്ച നമുക്ക് കാണാം. കൊറോണ (കോവിഡ് 19 ) എന്ന മഹാമാരി പകർത്തുന്ന വൈറസിനെ പ്രതിരോധിക്കുന്നതിന് നമ്മുടെ കൊച്ചു കേരളം, തദ്ദേശ സ്വയം ഭരണ സ്ഥാപനം,ആരോഗ്യ പ്രവർത്തകർ ,കുടുംബശ്രീ എന്നീ സംവിധാനങ്ങളിലൂടെ പ്രതിരോധ കോട്ട തീര്‍ക്കുന്ന കാഴ്ച ലോകത്തിന് മുന്നില്‍ വിസ്മയം തീര്‍ക്കുകയാണ്.

പടന്ന ഗ്രാമപഞ്ചായത്തില്‍ 2020 മാര്‍ച്ച് 16 നാണ് കോവിഡ് 19നെ പ്രതിരോധിക്കുന്നതിനുള്ള ആദ്യ ക്യാമ്പയിന്‍ പ്രവര്‍ത്തനം നടക്കുന്നത്. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും യോഗം ചേർന്ന് പഞ്ചായത്ത് തല ജാഗ്രത സമിതിക്ക് രൂപം നൽകി.തുടർന്ന് വാർഡ് തല 7 അംഗ സമിതി യോഗവും ചേർന്നു 
എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ബോധവൽക്കരണ ലഘു വിതരണം നടത്തി 
ബ്രേക്ക് ദി ചെയിന്‍ എന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പഞ്ചായത്തിലെ പൊതു ഇടങ്ങളിലും സ്ഥാപനങ്ങളിലും കൈ കഴുകുന്നതിനുള്ള സംവിധാനം ഒരുക്കി. ജനങ്ങളില്‍ നിന്നും വലിയ പ്രതികരണമാണ് ഈ ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന് ലഭിച്ചത്.

കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുകയും 19-03-2020 ന് ബഹു.മുഖ്യ മന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സും ഭരണ സമിതി യോഗവും നടന്നു. 
കോവിഡ് 19വ്യാപനം തടയുന്നതിനുള്ള പ്രതിരോധത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം നമ്മുടെ പഞ്ചായത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗ രേഖ തയ്യാറാക്കി എല്ലാ വിധ സഹായങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള കണ്ട്രോള്‍ റൂം  പ്രവര്‍ത്തനം ആരംഭിച്ചു.

സര്‍ക്കാറിന്‍റെ 26-03-2020 ലെ 713/2020 ത.സ്വ.ഭ.വ നമ്പര്‍ ഉത്തരവ് പ്രകാരം സാമൂഹ്യ അടുക്കള (കമ്യൂണിറ്റി കിച്ചന്‍) പടന്ന പഞ്ചായത്തിലെ ഉദിനൂർ ഹയർസെക്കണ്ടറി സ്കൂളിൽ കുടുംബശ്രീ കാറ്ററിംഗ് വിഭാഗം  28-03-2020 മുതല്‍ ആരംഭിച്ചു.

ആദ്യ ദിനം ചെറിയ പ്രയാസം  ഉണ്ടായിരുന്നുവെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാടൊട്ടുക്കും സാമൂഹ്യ അടുക്കളയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണുണ്ടായത്  .ശാരീരിക അകലം പാലിക്കുക - സാമൂഹ്യ ഒരുമയോടെ എന്ന കാഴ്ചപ്പാടിലൂന്നി ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദ്ദേശമനുസരിച്ച്  പരിമിതമായ ആളുകളുടെ സേവനം ഉപയോഗപ്പെടുത്തിയാണ്  സാമൂഹ്യ അടുക്കള പ്രവര്‍ത്തിക്കുന്നത്. 
ഒരു ദിവസം ശരാശരി 350 ല്‍ പരം ആളുകള്‍ക്ക് 15 വാര്‍ഡുകളിലായി അതിഥി തൊഴിലാളികൾക്കും നിര്‍ധന കുടുംബങ്ങള്‍ക്കും  ഉച്ച ഭക്ഷണം നല്‍കി വരുന്നുണ്ട്.

നാട്ടിലെ സുമനസ്സുകളുടെയും സന്നദ്ധ സംഘടനകളുടെയും  സാമ്പത്തിക സഹായം, കുടുംബശ്രീ അയല്‍കൂട്ടത്തിന്‍റെ വക പച്ചക്കറി, വാഴ ഇല, തേങ്ങ എന്നിവ സമാഹരിച്ച് കൊണ്ട് തികച്ചും സൗജന്യമായിട്ടാണ് വിതരണം നടത്തുന്നത് 
 ഒരു ദിവസത്തെ ഭക്ഷണം സ്പോണ്‍സര്‍ ചെയ്ത അയല്‍കൂട്ടങ്ങളുമുണ്ട്.

 മരണാനന്തര ചടങ്ങുകളുടെ ഭാഗമായിട്ട്   കമ്യൂണിറ്റി കിച്ചന്‍ വഴി നിര്‍ധനര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് തയ്യാറായി വന്ന ശ്രീ.ഭാസ്കരൻ , ഉദിനൂര്‍ ബേങ്ക് മാനേജര്‍ മോഹനന്‍ എന്നിവരുടെ സഹായം  ഏറെ ശ്രദ്ധ നേടി. ഇവരുടെ ചെലവിൽ വെജി.ബിരിയാണിയാണ് വിതരണം ചെയ്തത് .
പടന്നയിലെ ജീവകാരുണ്യ സംഘടനയായ ഖിദ്മത്തുൽ ഇസ്ലാം സംഘം വക രണ്ട് ദിവസം വെജി .ബിരിയാണി 350 പേർക്ക് വിതരണം ചെയ്യുകയുണ്ടായി .മുംബൈ ബഡ്ജറ്റ് ഹോട്ടൽ അസോസിയേഷൻ അഞ്ച് ദിവസത്തെ ഭക്ഷണ ചെലവാണ് ഏറ്റെടുത്തത് .രാഷ്ട്രീയ പാർട്ടികൾ ,സ്കൂൾ അധ്യാപക സ്റ്റാഫ് , പഞ്ചായത്ത് സെക്രട്ടറി ,സ്റ്റാഫ് ,പി.എച്ച്.സി സ്റ്റാഫ്  എന്നീ സംഘടനകളും ഓരോ ദിവസത്തെ ഭക്ഷണമായും പച്ചക്കറികളായും  സ്പോണ്‍സര്‍ ചെയ്യുകയുണ്ടായി. 

ഉദിനൂരിലെ ചടയൻ സ്റ്റോർ ഉടമ വി.എം ബിജുവിന്റെ വിവാഹ സൽക്കാരം ഒഴിവാക്കി ഭക്ഷണം നൽകുവാൻ മുന്നോട്ട് വന്നത് മാതൃകയാണ് 

ഇത് കൂടാതെ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷ്യ സാധങ്ങളുടെ കിറ്റ്‌ നല്‍കാന്‍ തയ്യാറായി ഒട്ടേറെ സംഘടനകളും ജനപ്രതിനിധികളും വന്നു.
600 അതിഥി സംസ്ഥാന തൊഴിലാളികൾ അധിവസിക്കുന്ന പഞ്ചായത്തിൽ ഒരാൾക്ക് ഒന്നര കി.ഗ്രാം അരി എന്ന തോതിൽ ഒൻപത് ക്വിൻറൽ അരി   സ്പോൺസർഷിപ്പിലൂടെ ഒന്നാം ഘട്ടമായി വിതരണം ചെയ്തു  ഇതിന്റെ കൂടെ വാർഡ് മെമ്പർമാർ സ്വന്തം ചെലവിൽ പലവൃഞ്ജനങ്ങൾ ചേർത്ത് വിതരണം ചെയ്യുകയുണ്ടായി .

ലേബർ ഡിപാർട്ട്മെന്റ് നൽകിയ ഭക്ഷ്യവസ്തുക്കൾ അതിഥി സംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ഇല്ലാത്തതിനാൽ അഞ്ചിരട്ടി ചേർത്ത് രണ്ടാം ഘട്ടമായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു .

ജനപ്രതിനിധികള്‍ പലരും ഇത്തരത്തില്‍ ഭക്ഷണ കിറ്റ്‌ ഒന്നിലധികം ദിവസങ്ങളില്‍ നല്‍കിയിട്ടുണ്ട്.
നമ്മുടെ പഞ്ചായത്തിന്‍റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും നേരിട്ട് കാണുന്നതിനും വന്നിട്ടുള്ള മേലധികാരികളായ ബഹു. ഡി.ഡി.പി റെജി കുമാർ, എ.ഡി.പി ധനേഷ് , പെർഫോർമൻസ് ഓഡിറ്റ് സീനിയർ സൂപ്രണ്ട് രാജീവ് എന്നിവരിൽ  നിന്നും ലഭിച്ച പ്രോത്സാഹനങ്ങളും പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ടു പോകുന്നതിന് ഏറെ സഹായിച്ചു. ബഹു : എം.രാജഗോപാലൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി. ബഷീർ ,
തഹസിൽദാർ എൻ. മണിരാജ് എന്നിവർ കമ്മ്യൂണിറ്റി കിച്ചൺ സന്ദർശിച്ച് പൂർണ്ണ സംതൃപ്തിയാണ് രേഖപ്പെടുത്തിയത് .

ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നതിനായി വാര്‍ഡ്‌ തലത്തിലുള്ള സന്നദ്ധ സേവനത്തിന് തയ്യാറായിട്ടുള്ള വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം ഏറെ പ്രശംസാവഹമാണ്.

ശാരീരിക അകലം പാലിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. ഐസോലേഷന്‍ ക്യാമ്പ് ഒരുക്കുന്നതിനും ക്യാമ്പ് അംഗങ്ങള്‍ക്ക് ആവശ്യമായ സഹായം ചെയ്യുന്നതിനും തയ്യാറായി വളണ്ടിയര്‍മാര്‍  മുന്നോട്ട് വന്ന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .

പി.എച്ച്.സി യിൽ പ്രത്യേകമായ ഹെൽപ്പ് ഡെസ്ക് തുറന്ന് വിദേശത്ത് നിന്ന് വരുന്നവരുടെയും അന്വ സംസ്ഥാനത്ത് നിന്ന് വന്നവരുടെയും കണക്കുകൾ ശേഖരിച്ച് ഐസൊലഷനിൽ കഴിയാൻ ആവശ്യമായ നിർദ്ദേശം നൽകി കോവിഡ് രോഗ  വ്യാപനം തടയാൻ പ്രേരിപ്പിക്കുകയുണ്ടായി വാർഡിൽ കഴിയുന്നവർക്കും 
വീട്ടിൽ കഴിയുന്നവർക്കും കൗൺസിലിംഗും നടത്തുകയുണ്ടായി .
കടകളിൽ നിരന്തരം പരിശോധന നടത്തുകയും അകലം പാലിക്കുവാനും ഗ്ലൗസ് ധരിക്കുവാനും നിർദ്ദേശം നൽകുകയുണ്ടായി.

മരണ വീട്ടിലും ആരോഗ്യ പ്രവർത്തകർ കൃത്യമായ  നിർദ്ദേശം നൽകുകയുണ്ടായി .

പഞ്ചായത്തിൽ ഒരാൾക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത് .
ഗൾഫിൽ നിന്ന് എറണാകുളം  വന്നിറങ്ങിയപ്പോൾ തന്നെ ആംബുലൻസിൽ വരാൻ പ്രേരിപ്പിക്കുകയും നാട്ടിൽ കൊണ്ട് വരാതെ  നേരെ ജില്ലാ ആശുപത്രിയിൽ എത്തിക്കുവാൻ സാധിച്ചതും
കാസർഗോഡ് അഡ്മിറ്റ് ചെയ്തതും വലിയ നേട്ടമാണ്. ആരോഗ്യ പ്രവർത്തകരുടെ കൃത്യമായ ഇടപെടൽ മൂലം  രോഗ വ്യാപനം തടയാൻ സാധിച്ചു 
ലക്ഷണമുള്ള രണ്ട് പേരെ പരിശോധിച്ചപ്പോൾ നെഗറ്റീവ് ആയത് വലിയ ആശ്വാസമാണ്

പഞ്ചായത്തിലുടനീളം മൂന്ന്  തവണ ഫയർഫോഴ്സ് സേവനം വഴി അണു നശീകരണം നടത്തുകയുണ്ടായി.

ജീവനം നമ്മുടെ കൃഷി ,നമ്മുടെ ആരോഗ്യം
1000 പച്ചക്കറി തൈകൾ വാർഡ് തോറും വിതരണം ചെയ്ത് വീട്ടിലിരിക്കുന്നവരെ കൃഷി ഉല്പാദനത്തിലേക്ക് പ്രേരിപ്പിക്കുവാൻ സാധിച്ചു,

കോവിഡ് 19 പ്രതിരോധ പ്രവർത്തനം പഞ്ചായത്തിൽ നടത്തുന്നത് ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും നാട്ടുകാരും  കൈകോർത്താണ് .
ഈ മഹാമാരി പടരാതിരിക്കുവാൻ പ്രയത്നം തുടരുകയാണ്.
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും ... തീർച്ച

✍🏼
പി.സി. ഫൗസിയ
പ്രസിഡന്റ്
പടന്ന ഗ്രാമ പഞ്ചായത്ത്

No comments:

Post a Comment