സുജിത്ത്. ടി
|
മംഗലാപുരത്ത് നിന്നും മരുന്നുകൾ ജില്ലയുടെ വിവിധകേന്ദ്രങ്ങളിൽ എത്തിച്ച് നൽകാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കുന്ന ഉദ്യമത്തിൻ്റെ ആദ്യ യാത്രയിലാണ് ഞാനും സീനിയർ ക്ലാർക്ക് ശ്രീ. രഞ്ജിത് കുമാറും ഡ്രൈവർ ശ്രീ. ഹരിയേട്ടനും.
വിതരണം ചെയ്യുന്നതിനായി നമ്മുക്ക് തന്ന മരുന്നുക ളുടെ ലിസ്റ്റിൽ ഉപ്പള മുതൽ ചിറ്റാരിക്കൽ വരെയുള്ളവരുണ്ട്. മരുന്നിനായി പ്രതീക്ഷ യോടെ കാത്തു നിൽക്കുന്ന അജ്ഞാതരായ ആൾക്കാരുടെ ഫോൺ വിളികൾക്ക് ക്ഷമയോടെ മാത്രം മറുപടി പറഞ്ഞു കൊണ്ടിരിക്കുകയാണ് രഞ്ജിത്തും ഹരിയേട്ടനും ഞാനും,,, ഇതിനിടയിൽ വെയിലിലൊരിടം തേടാതെ പ്രതിരോധത്തിൻ്റെ മതിൽ തീർത്ത പോലീസ് സംഘങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുക കൂടി ഞങ്ങൾ ചെയ്യുന്നുണ്ട്. ഒരു കുപ്പി വെള്ളം കൈമാറുന്നതിനപ്പുറം അത് വാങ്ങുന്നവരും ഞങ്ങളും തമ്മിൽ ഹൃദയം കൊണ്ട് ഒരു വല നെയ്യുന്നതായി എനിക്ക് തോന്നി, അതിനവരുടെ കണ്ണുകൾ തന്നെയാണ് സാക്ഷി.
ഇതിനിടയിൽ ഫോൺ ചിലച്ചു,,
"എത്ര പൈസ നിങ്ങ പറഞ്ഞത് "
ആറായിരത്തി ഇരുന്നൂറ്റി പത്തെന്ന എൻ്റെ മറുപടി മറുതലയ്ക്കൽ ഒരു നിശബ്ദ തയുണ്ടാക്കിയതായി എനിക്ക് തോന്നി.
''നമ്മക്ക് ചിറ്റാരിക്കല്‍ വരെയെത്തണം, നിങ്ങളൊന്ന് വേഗം തീരുമാനിച്ചാൽ " എന്ന എൻ്റെ ആവശ്യത്തോട്
" ശരിയന്നെ നിങ്ങക്ക് ബുദ്ധിമുട്ടായിക്കൂടാ,, പക്ഷേ പൈസയാന്ന് പ്രശ്നം,, മോൻ ബാംഗ്ലൂരിലാണ്, ഓൻ പൈസ മൊബൈല്‍ വഴി രണ്ടീസം കഴിച്ച് അയച്ചാ മതിയോന്ന് എന്നോട് ചോയിക്ക്ന്ന് "
ഫോണിന് മറുതലയ്ക്കലുള്ള മനുഷ്യൻ്റെ ആറാമത്തെ വിളിയാണ്. ഞങ്ങളുടെ കൈയ്യിലുള്ള മരുന്ന് കൈപ്പറ്റാൻ മാത്രം അയാളുടെ കൈയ്യില്‍ പണമില്ലാന്നുള്ള കാര്യം നമ്മുക്ക് മനസ്സിലായി.
"നിങ്ങള്‍ പൈസ തരണ്ടാ , മരുന്ന് വാങ്ങിയാ മതി , ഇല്ലേ ഞങ്ങൾക്ക് അതും കൊണ്ട് നടക്കാൻ ബുദ്ധിമുട്ടാവും,, പൈസയുടെ കാര്യം ഞങ്ങൾ സംസാരിച്ചോളാം" എന്ന എൻ്റെ മറുപടിക്ക് നിശബ്ദതയായിരുന്നു മറുപടി.
മേൽപ്പറമ്പിലെത്തിയ ഞങ്ങളുടെ വാഹനത്തിന് അരികിലേക്ക് ക്ഷീണിച്ച കണ്ണുകളോടെ ഒരു മദ്ധ്യവയസ്ക്കൻ വന്നു. ഫോണിൽ സംസാരിച്ച വിറയൽ അയാളുടെ സംസാരത്തിലും ഞാൻ ശ്രദ്ധിച്ചു. മരുന്ന് പൊതി ഞങ്ങളിൽ നിന്നും കൈപ്പറ്റുമ്പോൾ നിറ കണ്ണുകളോടെ അയാൾ ഞങ്ങളോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നതായി തോന്നി.
"ഇച്ഛാ ആരിക്കുള്ള മരുന്നിത്"
ഹരിയേട്ടൻ ആ നിശബ്ദത മുറിച്ചു,,
"പന്ത്രണ്ട് വയസ്സുള്ള മോക്കാണ്, രക്തം കട്ടപിടിക്കുന്ന ബെരുത്തം, ഈ മരുന്ന് കിട്ടീലെങ്കില്‍ ചിലപ്പം,,, "
നിറഞ്ഞ കണ്ണുകളോടെ അയാൾ പറഞ്ഞ് മുഴുമിപ്പിച്ചില്ല.
"പടച്ചോൻ കാക്കട്ട് " എന്നും പറഞ്ഞ് നമ്മളെ യാത്രയാക്കിയ ആ മനുഷ്യൻ്റെ നനഞ്ഞ കണ്ണുകൾ വാഹനത്തിൻ്റെ സൈഡ് മിററിൽ ഞാൻ കുറച്ച് ദൂരം വരെ ശ്രദ്ധിച്ചു. പേരറിയാത്ത ആ കുട്ടിയും അവളുടെ വാപ്പയും വാഹനത്തിനുള്ളിലെ ഞങ്ങൾ മൂന്ന് പേരിലും ഒരു വിങ്ങൽ തീർത്തിരുന്നു. കുറച്ച് നേരം ഞങ്ങൾ തമ്മിൽ സംസാരിച്ചതേയില്ല,, ഒരു മൂകത,,, വണ്ടിയിലെ പെട്ടിക്കുള്ളിൽ അടുക്കി വെച്ചിരുന്ന മരുന്ന് പൊതികൾക്ക് ഞങ്ങളോട് പറയാൻ കഥകളേറെയുണ്ടാവും എന്ന് എനിക്ക് തോന്നി,,, അതിജീവനത്തിനായി പൊരുതുന്ന മനുഷ്യരുടെ കഥകൾ,,, വാഹനം നീലേശ്വരത്ത് എത്തുന്നതിന് മുമ്പേ ആ മനുഷ്യൻ വീണ്ടും വിളിച്ചു,,
"നിങ്ങ തന്ന നമ്പറില്‍ മോൻ പൈസ അയച്ചിട്ടുണ്ട്, അത് ഇന്നന്നെ തന്നില്ലെങ്കില്‍ മ്മക്ക് ഉറക്കം വരൂല,,, ഒരു ചായ മേണിച്ച് തരാത്തയിൻ്റെ ബേജാറ് മാത്രേ നമ്മക്കില്ലു "
അഭിമാനിയായ അയാൾ ഞങ്ങളെ ഇന്നും വിളിച്ച് കൊണ്ടിരിക്കുന്നു,, ആ മരുന്ന് പൊതി യുടെ പേരിൽ,,, അതിർത്തികൾ ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്,,, കാസർകോട് ജില്ലാ പഞ്ചായത്ത് ജീവനക്കാരായ ഞങ്ങൾ ഡ്യൂട്ടി തുടരുന്നുണ്ട്,,അജ്ഞാത മനുഷ്യരെ തേടി കൊണ്ട് അവരുടെ ജീവൻ രക്ഷാ മരുന്നുകളുമായി,, നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും,, പരിമിതമായ വിഭവങ്ങൾ വെച്ച് യുദ്ധം ചെയ്ത് വിജയിച്ച ദാവീദിൻ്റെ മുഖമാണ് നമ്മുക്ക് മുന്നിലുള്ളത്.
സുജിത്ത്. ടി
സീനിയർ ക്ലാർക്ക്
കാസർകോട് ജില്ലാ പഞ്ചായത്ത്
നല്ലെഴുത്ത്
ReplyDeleteReally touching.....
ReplyDelete