Wednesday, April 15, 2020

പഞ്ചായത്ത് ഡയറി - മഡിക്കൈ

കൊറോണ കാലം



ചൈനയില്‍ കൊറോണബാധിച്ച് ആളുകള്‍ മരിച്ചു കൊണ്ടിരിക്കുകയാണെന്നും ആയിരക്കണക്കിന് പേര്‍ക്ക് അസുഖം ബാധിച്ചു എന്നും കേട്ടപ്പോള്‍ വലിയ വിഷമം തോന്നി. ദിനം പ്രതി റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ മരണം നൂറില്‍ നിന്നും ആയിരത്തിലേക്കും അതിനു മുകളിലേക്കും പോയപ്പോള്‍ തോന്നിയത് ലോക സാമ്പത്തിക ക്രമത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ചൈനക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍കഴിയുന്നില്ലല്ലോ എന്ന സഹതാപമാണ്. അതിനു ശേഷം പല രാജ്യങ്ങളിലേക്കും പടരുകയും രോഗത്തിന്റെ ഗതിവിഗതികള്‍ അനിയന്ത്രിതമായ രീതിയില്‍ മറ്റു രാജ്യങ്ങളിലേക്ക് പ‌ടര്‍ന്നപ്പോള്‍ ഭീതിയും തോന്നി.  

അതിനി‌ടയിലാണ് ചൈനയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥിനി കേരളത്തിലേക്ക് വരികയും കേരളത്തിലെ ആദ്യത്തെ കൊറോണ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തത്. എങ്കിലും ഇത്രയും ഭീകരമാണ് രോഗത്തിന്റെ വ്യാപനം എന്നും കേട്ടപ്പോള്‍ നടുക്കം തോന്നി.  

കേരളത്തിലേക്ക് രോഗവ്യാപനത്തിന്റെ തുടക്കത്തില്‍തന്നെ മാര്‍ച്ച് 10- ന് മുഖ്യമന്ത്രിയുടെ മന്ത്രി സഭായോഗം, അന്നു രാത്രിതന്നെ നമ്മുടെ ബഹു. റവന്യൂ വകുപ്പ് മന്ത്രിയുടെ വിളി. നാളെ രാവിലെ 11 മണിക്ക് കാസര്‍ഗോഡ് കലക്ടറേറ്റില്‍ പ്രസിഡണ്ടുമാരുടെ യോഗമുണ്ട് വരണമെന്ന്. 11-ന് രാവിലെ എത്തി. ബഹു. മന്ത്രി ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു ഐ എ എസ്, ഡി എം ഒ. ഡോ. രാംദാസ് എന്നിവരുടെ വിശദികരണം കേട്ടപ്പോള്‍ ഭീതി തോന്നിയില്ല. പക്ഷേ, വലിയ ആപത്തിനെ കരുതിയിരിക്കാനുള്ള മുന്നൊരുക്കമാണെന്ന് മനസ്സിലായി. വിശദമായ പ്ലാനിംഗ് ജില്ലാ തലത്തില്‍ അന്ന് നടത്തി. 

മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ 12.03.2020 രാവിലെ 11 മണിക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ ആരോഗ്യ രംഗത്തെ മുഴുവന്‍ ജീവനക്കാര്‍ ,ആശാ വര്‍ക്കര്‍മാര്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍മാര്‍ എന്നിവരുടെ യോഗം വിളിച്ച് കാര്യങ്ങള്‍ എച്ച്.ഐ ഗംഗാധരന്‍ വിശദീകരിച്ചു. യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം കാര്യം ബോധ്യമായി.രോഗത്തിന്റെ സമൂഹവ്യാപനം നേരിടാന്‍ അടിയന്തിര ബോധവല്‍ക്കരണമാണ് ആവശ്യമെന്ന് ബോധ്യമായി. 

13-ാം തീയ്യതി രാവിലെ പഞ്ചായത്തിലെ 15 വാര്‍ഡുകളിലും വാര്‍ഡ് തല ആരോഗ്യ കമ്മറ്റികള്‍ വിളിച്ചു ചേര്‍ത്തു. അന്നു വൈകുന്നേരം മുതല്‍ തന്നെ ബോധവല്‍ക്കരണ ക്ലാസ്സുകള്‍. ക്ലാസ്സിന് പ്രത്യേക നിര്‍ദ്ദേശം പ്രസംഗം വേണ്ട. കൊറോണയുടെ വ്യാപനത്തെ തടയാന്‍ 10-15 മിനിറ്റ് ബോധവല്‍ക്കരണം മാത്രം. ഒരു ദിവസം തന്നെ ഒരു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് നാലോളം ക്ലാസ്സുകള്‍ കൈകാര്യം ചെയ്യേണ്ടി വന്നു. വാര്‍ഡില്‍ രണ്ട് ദിവസം കൊണ്ട്  ശരാശരി എട്ട് ബോധവല്‍ക്കരണ ക്ലാസ്സ് നടന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍മാര്‍, അംഗങ്ങള്‍ എന്നിവര്‍ പരിപൂര്‍ണമായും സഹകരിച്ചു. 

തൊട്ടടുത്ത ദിവസം റിവ്യൂമീറ്റിംഗ്,  റിവ്യൂമീറ്റിംഗില്‍ നല്ല റിപ്പോര്‍ട്ടാണ് കിട്ടിയത്.  ആശങ്ക കുറഞ്ഞ് കുറഞ്ഞ് വന്നത്  വ്യാപനത്തിനെതിരെ വലിയ ശക്തി പിന്നിലുണ്ടെന്ന് റിവ്യൂ റിപ്പോര്‍ട്ടില്‍ മനസ്സിലായി.  18  പള്ളികള്‍, അമ്പലങ്ങള്‍ എന്നിവയുടെ ഭാരവാഹി യോഗം വിളിക്കാന്‍ തീരുമാനിച്ചത്. 19- ന് വൈകുന്നേരം 4 മണിക്ക് മുസ്ലീം പള്ളി കമ്മറ്റി ഭാരവാഹികളുടെ യോഗം ചേര്‍ന്ന് നല്ല ചര്‍ച്ച നടന്നു. സാമൂഹവ്യാപനത്തിന് ഉതകുന്ന ഒരു ചടങ്ങും നടത്തില്ല എന്ന് തീരുമാനിച്ചു. 9 മുസ്ലീം പള്ളി കമ്മറ്റികളില്‍ 8 കമ്മറ്റികളും ഇന്നേവരെ അത് തുടരുന്നു. മടിക്കൈയില്‍പ്പെ‌ടുന്ന അരയി കമ്മറ്റി മാത്രം ലംഘിച്ചു. അവര്‍ക്കെതിരെ നടപടിയും വന്നു. 20-ന് രാവിലെ ക്ഷേത്ര കമ്മറ്റി ഭാരവാഹികളുടെ യോഗം. പൂരംകുളി മടിക്കൈയിലെ പ്രധാനപ്പെട്ട ഉത്സവമാണ്. ഏഴ് ദിവസത്തോളം നീണ്ടുനില്‍ക്കും. ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കും. പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും വിപുലമായ ചടങ്ങുകള്‍ ഉണ്ടാവും. മടിക്കൈയിലെ മുഴുവന്‍ ക്ഷേത്രകമ്മറ്റികളിലേയും ഭാരവാഹികളോ, പ്രതിനിധികളോ പങ്കെടുത്തു. പൂരോത്സവ ചടങ്ങുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. എല്ലാവരില്‍ നിന്നും ചില ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും അവസാനം ഒറ്റക്കെട്ടായി ചടങ്ങുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. മണക്കടവ് തറവാട്ടില്‍ ബാലി തെയ്യം കെയ്യിയാടാന്‍ അതിവിപുലമായ സ്വാഗതസംഘവും തയ്യാറെടുപ്പും നടന്നിരുന്നു. ഭാരവാഹികളോ‌ട് സംസാരിച്ചപ്പോള്‍ ഒരു വിഷമവും കൂടാതെ അവര്‍ പരിപാടി മാറ്റിവെച്ചു. എരിക്കുളം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ അതിവിപുലമായ കലശാട്ട് ഒരുക്കങ്ങള്‍ ഒരു വര്‍ഷം മുമ്പുതന്നെ തുടങ്ങിയതാണ്. മൂന്ന് മന്ത്രിമാരെ ക്ഷണിച്ചുകൊണ്ടുള്ള വിപുലമായ പരിപാടികള്‍, സാംസ്ക്കാരിക സമ്മേളനം,വിവധ സംഗമങ്ങള്‍ മുതലായവ. ക്ഷേത്രകമ്മറ്റി ഭാരവാഹികളേയും ഉത്സവകമ്മറ്റി ഭാരവാഹികളേയും വിളിച്ച് സംസാരിച്ചു. ഒരു വൈഷമ്യവും കൂടാതെ അവര്‍ മാറ്റിവെക്കാന്‍ തയ്യാറായി. അങ്ങനെ ചെറിയ ചെറിയ മറ്റ്  ഒട്ടനവധി പരിപാടികളും മാറ്റിവെച്ച് കൊറോണക്കെതിരായ യുദ്ധത്തില്‍ പൂര്‍ണ സഹകരണം. 


അതിനിടയില്‍ ഗള്‍ഫില്‍ നിന്നുമുള്ള പ്രവാസികളുടെ വരവ് തു‌ടങ്ങിയിരുന്നു. വരുന്ന മുഴുവന്‍ ആളുകളുടേയും വിവര ശേഖരണം വാര്‍ഡുതല ആരോഗ്യ കമ്മറ്റിയും ആരോഗ്യപ്രവര്‍ത്തകരും നടത്തി. അവരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. പല സ്ഥലത്തുനിന്നും രാപകല്‍ ഇല്ലാതെ വിളി. പ്രസിഡണ്ടേ ഇന്നയാള്‍ ഗള്‍ഫില്‍ നിന്നും വന്നു. ഇന്നയാള്‍ മറ്റ് സ്റ്റേറ്റില്‍ നിന്നും വന്നു. എന്റെ പ്രിയ സുഹൃത്ത് ശ്രീ. ഗംഗാധരന്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍ പി എച്ച് സി, ഏതു സമയത്തും ഒന്നാമത്തെ റിംഗില്‍ തന്നെ ഫോണെടുക്കും.  വിവരം പറഞ്ഞാല്‍ 100 ശതമാനം കാര്യങ്ങള്‍ ചെയ്തിരിക്കും. അദ്ദേഹത്തിന്റെ കീഴിലുള്ള ജെ എച്ച് ഐ, ജെ പി എച്ച് എന്‍ പോലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഐക്യം സമ്പത്ത് സേവനം ജീവിത ലക്ഷ്യം എന്ന മുദ്രാവാക്യവുമായി പണിയെടുക്കുന്നു. 

ഗള്‍ഫില്‍ നിന്നും വന്ന ഒരാള്‍ക്ക് പനി. മടിക്കൈയുടെ പ്രധാന സെന്റെറിലാണ്. ഞങ്ങള്‍ പാഞ്ഞെത്തി. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അതുകഴിഞ്ഞ് രണ്ടാമത്തെയാള്‍, മൂന്നാമത്തെയാള്‍ അങ്ങനെ മൂന്ന് പേരേയും ആശുപത്രിയില്‍ പോസിറ്റീവാണോ നെഗറ്റീവ് ആണോ എന്ന് മൂന്ന് ദിവസത്തില്‍ അ‌റിയും. ദിവസം പോകുന്നില്ല വയറ്റില്‍ തീയ്യാണ്. മൂന്നാം ദിവസം റിസള്‍ട്ട് ഇല്ല. 

ഗംഗന്‍ രാത്രി വിളിച്ചു പറഞ്ഞു സാറെ നാളെ അറിയാം.

അന്നു രാത്രി ഉറക്കം വന്നില്ല.  പിറ്റെ ദിവസം ഉച്ചയോടുകൂടി ആദ്യത്തെ റിസള്‍ട്ട്

നെഗറ്റീവ്....

സന്തോഷമായി. കുറച്ച് കഴിഞ്ഞ് മറ്റ് രണ്ടു റിസള്‍ട്ട്,

രണ്ടും നെഗറ്റീവ്.

മനസ്സില്‍ നിന്നും വലിയ അഗ്നി പര്‍വ്വതം താഴെ ഇറക്കി വെച്ച പ്രതീതി. വിളിച്ച് എല്ലാവരോടും പറഞ്ഞു.


മുന്‍ എം പി കരുണാകരേട്ടന്‍ ഒരു ദിവസം ഇടവിട്ട് വിളിക്കും. അദ്ദേഹത്തോട് പറഞ്ഞു. എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ സാര്‍ രണ്ടു പ്രാവശ്യം വിളിച്ചന്വേഷിച്ചിരുന്നു അദ്ദേഹത്തോടും പറഞ്ഞു. ബഹു. മന്ത്രി പ്രിയപ്പെട്ട ചന്ദ്രേട്ടന്‍ അദ്ദേഹത്തോടും പറഞ്ഞു. 
അതിനു ശേഷമാണ് ലോക്ഡൗണ്‍. അതിനുമുമ്പേ തുടങ്ങിയിരുന്നെങ്കിലും പൂര്‍ണ ശ്രദ്ധ പതിഞ്ഞില്ല.  എല്ലാ ദിവസവും വിവിധ ഭാഗങ്ങളിലെ സഖാക്കളോട് സഹപ്രവര്‍ത്തകരോട് പഞ്ചായത്ത് ഭാരവാഹികളോട് ഒക്കെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കും. രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരുടെ മുഴുവന്‍ സഹകരണവും ഉണ്ട്.

അന്യ സംസ്ഥാന തൊഴിലാളികള്‍ ഒരു വലിയ വിഷയമായിരുന്നു. 352 പേരാണ് വാര്‍ഡ് തലത്തില്‍ കണക്കെടുത്തപ്പോള്‍ കിട്ടിയത്. അവരുടെ സ്പോണ്‍സര്‍മാരെ മുഴുവന്‍ വിളിച്ച് ഭക്ഷണ സാധനങ്ങളെത്തിക്കാന്‍ പറഞ്ഞു.  അവര്‍ സാധനങ്ങള്‍ എത്തിച്ചു. മെമ്പര്‍മാര്‍ വാര്‍ഡ് വികസന സമിതി അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ കാര്യമായി ഇടപെട്ടു. കിറ്റുകള്‍ 352 പേര്‍ക്ക് കൊടുക്കുമ്പോളാണ് ഒരു വിളി. സഖാവെ കിനാനൂര്‍ കരിന്തളം അതിര്‍ത്തിയില്‍ ഒരു ക്യാംപില്‍ 10 പേരുണ്ട് അവര്‍ കണക്കില്‍ വന്നില്ല.  ഞങ്ങള്‍ അവിടെ പോയി അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു. 

ഏറെ വിഷമിപ്പിച്ച ഒരു സംഭവം 25-ന് രാത്രി എന്റെ ഒരു സുഹൃത്ത് വിളിക്കുന്നു. പ്രസി‍ണ്ടെ മലപ്പച്ചേരി അഗതി മന്ദിരത്തില്‍ ഭക്ഷണ സാധനങ്ങളുടെ കുറവുണ്ട് ശ്രദ്ധിക്കണം. ഒരു ദിവസം മുമ്പ് നമ്മള്‍ അവിടെ പോയിരുന്നു.  ചാക്കോച്ചന്‍ ഒരു വിഷമവും പറഞ്ഞില്ല. 110 അന്തേവാസികള്‍. ഞാന്‍ ശശിയോടും, പ്രമീളയോടും റഹ്മാനോടും വിളിച്ചു പറഞ്ഞു. വാട്സാപ്പില്‍ ഒരു പോസ്റ്റിട്ടു. “ മലപ്പച്ചേരി വൃദ്ധസദനത്തില്‍ ഭക്ഷണത്തിന്‍റെ കുറവുണ്ട് ആരെങ്കിലും സഹായിക്കുമോ” എന്ന്. അര മണിക്കൂറിനകം വിളിവന്നു. ഒട്ടനവധി പേര്‍ സഹായിക്കാന്‍ തയ്യാര്‍. പിറ്റേന്ന് രാവിലെ മില്‍മാ ഗ്രൂപ്പിന്റെ ഒരു സംഘം വി ടി സത്യന്റെ നേതൃത്വത്തില്‍ 18000/- രൂപയുടെ സാധനങ്ങള്‍ എത്തിച്ചു. ഞങ്ങള്‍ പോയി കൊടുത്തു. അതിനു ശേഷം സാധനങ്ങള്‍ അവിടുത്തേക്ക് പ്രവഹിക്കുന്നു. പലരും വിളിച്ചപ്പോള്‍ പിന്നെ മതി എന്ന് പറഞ്ഞു.

വിമര്‍ശനം ഉണ്ടായി. ഒരു പഞ്ചായത്ത് പ്രസിഡണ്ട് ഇങ്ങനെ സഹായം അഭ്യര്‍ത്ഥിച്ച് പോസ്റ്റിടാന്‍ പാടില്ല എന്ന്. ചിലര്‍ എന്നെ നേരിട്ട് വിളിച്ചു പറഞ്ഞു. പക്ഷെ എന്റെ ശരിയില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു.

കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങാന്‍ പലരും നിര്‍ദ്ദേ‌ശിച്ചു. അഗതി മന്ദിരത്തില്‍ 110 പേര്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള സൗകര്യവും സാധനവും ഉണ്ട്. മറ്റുള്ളടത്ത് ആവശ്യം വരുമ്പോള്‍ തുടങ്ങാം എന്ന് തീരുമാനിച്ചു. സ്ഥലവും കണ്ടെത്തി. പക്ഷെ ഭക്ഷണത്തിനായി ആരും വിളിച്ചില്ല. ഭക്ഷണ സാധനങ്ങള്‍ ഇല്ലാ എന്ന വിവരം കിട്ടിയ മുഴുവന്‍ സ്ഥലത്തും സാധനങ്ങള് എത്തിച്ചുകൊണ്ടിരുന്നു. ഒരു കണക്കില്‍ ഗ്രാമങ്ങളില്‍ അതാണ് വേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. 

വളണ്ടിയര്‍ സേനയുടെ സേവനം ഒരിക്കലും മറക്കാന്‍ കഴിയില്ല. അവര്‍ക്കായി ഒരു വാട്സാപ് ഗ്രൂപ്പ് തുറന്നു.  ശശീന്ദ്രന്‍ മടിക്കൈ അപ്പപ്പോള്‍ ഇ‌ടപെട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കും.  നിര്‍ദ്ദേശങ്ങള്‍ 100 ശതമാനം സേനാംഗംങ്ങള്‍ നടപ്പിലാക്കിയിരുന്നു.  മരുന്ന് ഭക്ഷണ സാധനങ്ങള്‍ എന്നിവ എല്ലാ വീടുകളിലും എത്തിക്കുന്നു. 

 മൂന്ന് ദിവസം മുമ്പുള്ള രസകരമായ ഒരനുഭവം പറയാതിരിക്കാന്‍ കഴിയില്ല.  65 കഴിഞ്ഞ ഒരു വീട്ടമ്മ എന്നെ വിളിച്ചു. ഒറ്റയ്ക്കാണ് താമസം. “പ്രഭാകരാ എനിക്കൊന്നുമില്ല ഞാന്‍ എന്തു ചെയ്യണം പഞ്ചായത്ത് സഹായിക്കണം”. എനിക്ക് വലിയ വിഷമമായി. എന്റെ ശ്രദ്ധയില്‍ അങ്ങനെയൊരു പ്രശ്നം പെട്ടിരുന്നില്ല. ഞാന്‍ വാര്‍ഡ് മെമ്പറെ വിളിച്ചു. സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയെ വിളിച്ചു. പ്രശ്നം പറഞ്ഞു. അടിയന്തിരമായി സ്ഥലത്ത് പോയി അന്വേഷിക്കാന്‍ പറഞ്ഞു. ഒരു മൂന്ന് മണിക്കൂറിന് ശേഷം വിവരം കിട്ടി. “പ്രസിഡണ്ടേ അവര്‍ക്ക് ഇന്നലെ മുപ്പത് കിലോ അരി റേഷന്‍ ഷോപ്പില്‍ നിന്നും കിട്ടി. അതിനു മുമ്പത്തെ ദിവസം 2400 രൂപ പെന്‍ഷനും കിട്ടി. ഒരു പ്രയാസവുമില്ല”. ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് ചിരിച്ചു. 

പഞ്ചായത്ത് പ്രസി‍ഡണ്ട് എന്ന നിലയില്‍ ഞാന്‍ വൈസ് പ്രസിഡണ്ട് എന്ന നിലയില്‍ പ്രമീള, സ്റ്റന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ശശീന്ദ്രന്‍ മടിക്കൈ, അബ്ദുള്‍റഹിമാന്‍, പഞ്ചായത്ത് സെക്രട്ടറി കെ പി ശശിധരന്‍ ഏന്നിവര്‍ ഒഴിവു ദിവസങ്ങള്‍ നോക്കാതെ സ്ഥീരമായി പഞ്ചായത്തില്‍ പോയി കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഇടപെടുകയും ചെയ്യുന്നു. 

 കൂടാതം പി.എച്ച്.സി-യിലെ ഡോക്ടര്‍, എച്ച്.ഐ മറ്റു മുഴുവന്‍ ജീവനക്കാര്‍ എന്നിവര്‍ രാപ്പകല്‍ പ്രവര്‍ത്തിക്കുന്നു. ആയുര്‍വ്വേദാശുപത്രി, ഹോമിയോ ആശുപത്രി ഡോക്ടര്‍മാരും കാര്യമായി സഹായിക്കുന്നു. സ്ഥിതിഗതികള്‍ വേഗം മാറിവരട്ടെ എന്ന് മനസ്സില്‍ ആഗ്രഹിക്കുന്നു. 

സി. പ്രഭാകരന്‍,
പ്രസിഡണ്ട് മഡിക്കൈ ഗ്രാമ പഞ്ചായത്ത്

6 comments:

  1. പ്രഭാകരേട്ടാ ആശംസകൾ &അഭിനന്ദനങ്ങൾ

    ReplyDelete
  2. ഇങ്ങനെയുള്ള നേതൃത്വമാണ് നമുക്കാവശ്യം.പിന്നെന്തിന് നാം ഭയെപ്പടണം.അഭിനന്ദനങ്ങൾ.

    ReplyDelete
  3. പ്രഭാകരേട്ടാ, ലാൽസലാം....

    ReplyDelete