കൊറോണ പ്രതിരോധം @ പുല്ലൂര്‍ -പെരിയ ഗ്രാമപഞ്ചായത്ത്
കൊറോണ അഥവാ കോവിഡ്-19 പ്രതിരോധം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ മുന്നറിയിപ്പ് ലഭിച്ച ദിവസം തന്നെ ഓഫീസിന് മുന്നില്‍ കൈകള്‍ ശുചിയാക്കുന്നതിനായ് വെള്ളവും ഹാന്റ് വാഷും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കി. ജീവനക്കാര്‍ മുഴുവന്‍ മാസ്ക് ധരിച്ച് പൊതുജനങ്ങളില്‍ നിന്നും സാമൂഹ്യ അകലം പാലിച്ചു കൊണ്ട് മാതൃക കാട്ടി. പഞ്ചായത്തിലെ പ്രധാനപ്പെട്ട കടകളില്‍ “Break The Chain” സന്ദേശം എത്തിച്ചു.
സെക്രട്ടറിയും പ്രസിഡണ്ടും അതിഥി തൊഴിലാളികളോടൊപ്പം |
ഇതുകൂടാതെ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളില്‍ പ്രോമോട്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ആശാ വര്‍ക്കര്‍മാരുടെയും സഹകരണത്തോടെ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ആദ്യ ദിവസം മുതല്‍ പെരിയ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെ മുഴുവന്‍ ജീവനക്കാരെയും ആരോഗ്യ പ്രവര്‍ത്തകരെയും അണിനിരത്തി ഒറ്റക്കെട്ടായി നീങ്ങുന്നതിന് സാധിച്ചു. എല്‍.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിഭാഗത്തിന്റെയും, ബഡ്സ് സ്കൂളിന്റെയും വാഹനങ്ങളും പഞ്ചായത്തിന്റെ ആംബുലന്‍സും കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായ് വിട്ട് നല്കി. ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ബാച്ചുകളായി തിരിഞ്ഞ് വാഹനങ്ങളില്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും എല്ലാ ദിവസവും സന്ദര്‍ശിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. ഈ കാലയളവില്‍ പഞ്ചായത്തിന്റെ ആംബുലന്‍സ് സൗകര്യം ഉപയോഗപ്പെടുത്തി അത്യാസന്ന നിലയിലുള്ള രോഗികളെ മംഗലാപുരമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനും ജീവന് രക്ഷിക്കുന്നതിനും സാധിച്ചിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ സഹായത്തോടെ കിടപ്പ് രോഗികള്‍ക്കുള്ള മരുന്നുകള്‍ പഞ്ചായത്ത് വാഹനത്തില്‍ വിതരണം ചെയ്തു.
കേന്ദ്ര ഗവണ്മെന്റ് രാജ്യത്തുടനീളം ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച ശേഷം കൂടുതല്‍ കരുതലോടെയും ജാഗ്രതയോടെയുമുള്ള പ്രവര്‍ത്തനങ്ങളുമായ് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും മുന്നോട്ട് നീങ്ങി.
ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ സഹായത്തോടെ ജീവനക്കാര്‍ പഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലെയും അഗതികള്‍, കിടപ്പ് രോഗികള്‍, വൃദ്ധര്‍, വികലാംഗര്‍, അഗതി മന്ദിരങ്ങളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവര്‍ക്ക് സഹായമെത്തിക്കുന്നതിനുള്ള പദ്ധിതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്തു.
സ്ത്രീശക്തി |
അഗ്നിരക്ഷാ വക്പ്പിന്റെ സഹായത്തോടെ പഞ്ചായത്തിലെ പ്രധാന കവലകളും സ്ഥാപങ്ങളും അണുവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കൂടാതെ വാര്‍ഡു തല ശുചീകരണ സമിതിയുടെ നേതൃത്വത്തില്‍ പ്രധാന കവലകള്‍ കേന്ദ്രീകരിച്ചുള്ള ഒന്നാം ഘട്ട ശുചീകരണം നടത്തി. അടുത്ത ഘട്ട ശുചീകരണം ഏപ്രില്‍ രണ്ടാം വാരത്തില്‍ പൂര്‍ത്തിയാക്കും.
അതോടൊപ്പം തന്നെ വിവിധ വാര്‍ഡുകളിലെ പ്ലാസ്ടിക് തുണി മാലിന്യങ്ങള്‍ ശേഖരിച്ച് MCF ല്‍ എത്തിച്ചു. അവിടെ മാലിന്യം വേര്‍തിരിക്കുന്ന നടപടികള്‍ നടന്നുവരുന്നു.
ഐ ഇ സി - ഫലപ്രദമായ ഇടപെടൽ |
സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അവശ്യഘട്ടത്തില്‍ ഉപയോഗിക്കേണ്ട കൊറോണ കെയര്‍/ ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായ് സ്വീകരിച്ചു. ഇതിനേ പെരിയ ഹയര്‍ സെക്കണ്ടറി സ്കൂള്‍ , കുണിയയിലുള്ള മാനസികാരോഗ്യ കേന്ദ്രം, എന്നിവടങ്ങളില്‍ സൌകര്യങ്ങള്‍ ഒരുക്കി. ഇതു കൂടാതെ പെരിയ കേന്ദ്ര സര്‍വ്വകലാശാല, പെരിയ നവോദയ വിദ്യാലയം, പെരിയ സീ മെറ്റ് നേഴ്സിംഗ് കോളേജ്, ലക്ഷ്മി മേഗന് നേഴ്സിംഗ് കോളേജ്, ശ്രീ നാരായണ കോളേജ്, എന്നീ സ്ഥാപനങ്ങളിലെ ഹോസ്ടലുകളും കുണിയയിലെ സ്വകാര്യ കെട്ടിടം എന്നിവ അടിയന്തിര ഘട്ടത്തില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ലഭ്യമാകുമെന്ന് ഉറപ്പ് വരുത്തി.
കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന വില നല്‍കിയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയും ശേഖരിച്ച രണ്ടായിരത്തോളം മാസ്ക്കുകള്‍ പഞ്ചായത്തില്‍ വിതരണം ചെയ്തു.
ലോക്ക് ഡൌണ്‍ പ്രാബല്യത്തില്‍ വന്ന ശേഷം പഞ്ചായത്തിലെ കടകളില്‍ സന്ദര്‍ശനം നടത്തി അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തി. കുണിയ, കോട്ടപ്പാറ, കാഞ്ഞിരടുക്കം എന്നിവടങ്ങളിലുള്ള മൊത്തക്കച്ചവടക്കാരെ ബന്ധപ്പെട്ട് ചില്ലറ വ്യാപാരികള്‍ക്ക് ആവശ്യത്തിന് സാധനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതിനൊപ്പം അന്യായമായ വിലവര്‍ധനയും പൂഴ്ത്തി വയ്പ്പും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി.
മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തകര്‍ക്കും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ആവശ്യമായ മാസ്ക്കുകള്‍, കയ്യുറകള്‍, സാനിട്ടൈസര്‍ എന്നിവ വിതരണം ചെയ്തു. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ നിര്‍മ്മിച്ചും ബാക്കിയുള്ളത് പഞ്ചായത്ത് പണം നല്കി വാങ്ങിയും സാനിട്ടൈസരിന്റെ ലഭ്യത ഉറപ്പുവരുത്തി.
ഫിൽഡ് സന്ദർശനത്തിലും വകുപ്പുകളുടെ ഏകോപനം |
ഇതിന്റെ ഭാഗമായി ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കുന്നതിനും ആവശ്യമായ വിവരശേഖരണം നടത്തുന്നതിനും വാര്‍ഡുകള്‍ തിരിച്ച് ജീവനക്കാര്‍ക്ക് ചുമതല നല്കി. ജീവനക്കാര്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ ഓഫീസില്‍ ഹാജരകുന്നതിനാല് ഓഫീസില്‍ ഹാജരാകാത്ത ദിവസങ്ങളില്‍ വീട്ടില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ഓഫീസില്‍ നല്കി വരുന്നു.
ഐസൊലേഷനില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് അവര്‍ സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിബന്ധനകള്‍ അനുസരിച്ച് വീടുകളില്‍ കഴിയുന്നുണ്ടോയെന്നും അവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നതിനും വാര്‍ഡുതല ജാഗ്രതാ സമിതികളോടൊപ്പം ആരോഗ്യ വകുപ്പ് ജീവനക്കാരും എല്ലാ സമയത്തും സക്രിയരായി നിലകൊള്ളുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ എത്തിച്ചു നല്‍കുന്നതിന് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ കാണിക്കുന്ന ശ്രദ്ധ പ്രശംസനീയമാണ്.
പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വിവിധ ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ വഴി ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്ക് ഭക്ഷണ കിറ്റ് എത്തിച്ചു നല്‍കുന്നതിന് സാധിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പെരിയ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കും ആവശ്യമായ ഭക്ഷണം ലഭ്യമാക്കി. കിടപ്പ് രോഗികള്‍ക്കും മറ്റ് രോഗികള്‍ക്കും സന്നദ്ധ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വാര്‍ഡു തല ജാഗ്രതാ സമിതികളുടെ നേതൃത്വത്തില്‍ വീടുകളില്‍ മരുന്നുകള്‍ എത്തിച്ചു നല്കി.
ബഹു.കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം 27/03/2020 ന് തന്നെ പെരിയയില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര സര്‍വ്വകലാശായില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കാന്റീന് കമ്മ്യൂണിറ്റി കിച്ചണാക്കി പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യ ദിവസം കമ്മ്യൂണിറ്റി കിച്ചണ്‍ മുഖേന 44 പേര്‍ക്ക് ഭക്ഷണം നല്കി. പിന്നെയുള്ള ദിവസങ്ങളില്‍ സൌജന്യവും 20/- രൂപയുടെ ഭക്ഷണവുമുള്‍പ്പെടെ മുന്നൂറിലധികം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന തലത്തിലേക്ക് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ പഞ്ചായത്തിന് സാധിച്ചു.
കേന്ദ്ര സര്‍വ്വകലാശാലയിലെ കമ്മ്യൂണിറ്റി കിച്ചണ്‍ കൂടാതെ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി ഒരു ചപ്പാത്തി നിര്‍മ്മാണ യൂണിറ്റ് 30/03/2020 തീയതിയില്‍ പെരിയ ബസാറില്‍ ആരംഭിച്ചു. രണ്ടു മണിക്കൂര്‍ കൊണ്ട് ആയിരത്തി അഞ്ഞൂറോളം ചപ്പാത്തികള്‍ ഉണ്ടാക്കാന്‍ കഴിയുന്ന യൂണിറ്റ് പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തിച്ചത്. 03/04/2020 വരെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച പ്രസ്തുത ചപ്പാത്തി നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനം 04/04/2020 മുതല്‍ ദൌര്‍ഭാഗ്യവശാല്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നു. കൊറോണ ബാധിതനായ പെരിയ സ്വദേശിയുടെ മകന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്നുകൊണ്ട് പ്രസ്തുത ചപ്പാത്തി നിര്‍മ്മാണ യൂണിറ്റില്‍ പോയ വിവരം ശ്രദ്ധയില്‍പ്പെട്ട തൊട്ടടുത്ത നിമിഷം തന്നെ അടിയന്തിരമായി ചപ്പാത്തി നിര്‍മ്മാണം നിര്‍ത്തിവച്ചു.
കൊറോണ പ്രതിരോധവുമായ് ബന്ധപ്പെട്ട പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ എടുത്ത് പറയേണ്ട് ഒരു വിഭാഗമാണ് നമ്മുടെ സന്നദ്ധ പ്രവര്‍ത്തകര്‍. യാതൊരു ലാഭേച്ഛയുമില്ലാതെ, ആത്മാര്‍ത്ഥയുടെ മുഖമുദ്രയായ ഒരുകൂട്ടം ചെറുപ്പക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. ആവശ്യക്കാര്‍ക്ക് അവശ്യ സാധനങ്ങളും മരുന്നും മറ്റും വീട്ടില്‍ എത്തിച്ചു നല്‍കുന്നതിന് ഓരോ വാര്‍ഡിലും പത്ത് വീതം സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചയുടനെ തന്നെ പഞ്ചായത്തംഗളുടെ സഹകരണത്തോടെ അക്കാര്യങ്ങള്‍ സമയബന്ധിതമായ് ചെയ്യാന്‍ കഴിഞ്ഞു. ഇങ്ങനെ രജിസ്ടര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും ഒരേ സമയം പാസ്സുകള്‍ വിതരണം ചെയ്താല്‍ ആയത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ ഓരോ വാര്‍ഡില്‍ നിന്നും രണ്ടു പേര്‍ക്ക് വീതം മാത്രമാണ് പാസ് അനുവദിച്ചത്. ഒരാഴ്ച കഴിഞ്ഞതോടെ അടുത്ത ഘട്ടമായ് ഓരോ വാര്‍ഡില്‍ നിന്നും നിലവിലുള്ളവരെ മാറ്റി അടുത്ത രണ്ടു പേര്‍ക്ക് പാസ് അനുവദിക്കുകയുണ്ടായി.
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ നമ്മോട് നിസ്സീമമായ് സഹകരിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മറ്റ് പഞ്ചായത്തുകളില്‍ നിന്നും വ്യത്യസ്ഥമായി മാതൃകാ പരമായ ഒരു കാര്യം ചെയ്തുകൊടുക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് നാമോരോരുത്തരും. അത്യാവശ്യക്കാര്‍ക്ക് ഭക്ഷണവും മരുന്നുകളുമൊക്കെ എത്തിച്ചു നല്കുന്നതിനായ് ധാരാളം ഇന്ധന ചെലവ് വരുന്നതിനാല്‍ പഞ്ചായത്തിലെ അഭ്യുദയകാംഷികളുടെ സഹായത്തോടെ എല്ലാ സന്നദ്ധ സേവകര്‍ക്കും ഇന്ധനം നിറയ്ക്കുന്നതിനു നിശ്ചിത തുക അനുവദിച്ച് കൊടുക്കുന്നതിന് സാധിച്ചു.
പഞ്ചായത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്പോട്ട് പോകുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്ന വിഭാഗമാണ് നമ്മുടെ ഭരണസമിതി അംഗങ്ങള്‍. പരിമിതമായ സുരക്ഷാ സംവിധാനങ്ങളുമായ് നാട്ടുകാരുടെ ഇടയില്‍ ഇറങ്ങിച്ചെന്ന്, അവരുടെ ആവശ്യങ്ങള്‍ കണ്ടും കേട്ടും മനസ്സിലാക്കി, പഞ്ചായത്ത് സംവിധാനങ്ങളുടെ പരിമിതികളില്‍ നിന്നുകൊണ്ട് പരിഹരിക്കുന്നതിന് പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അവരവരുടെ പ്രദേശത്തെ ജനങ്ങളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെ ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റുകള്‍ എത്തിച്ചു നല്‍കുന്നതിനും ജനപ്രതിനിധികള്‍ക്ക് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്.
വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡു തല ജാഗ്രതാ സമിതികള്‍ ദിവസേന യോഗം ചേര്‍ന്ന് ദൈനംദിന പ്രവര്‍ത്തികള്‍ വിലയിരുത്തുകയും തുടര്‍ പ്രവര്‍ത്തങ്ങള്‍ ആസൂത്രണം ചെയ്യുകയും ചയ്തു വരുന്നുണ്ട്. പഞ്ചായത്ത് തലത്തില്‍ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ പിന്തുണയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്കി വരുന്നു.
അതോടൊപ്പം തന്നെ കര്‍ഷകരുടെ പച്ചക്കറി ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള സാഹചര്യം, പാല് വിതരണം, കാലിത്തീറ്റ ലഭ്യത എന്നിവ കൃത്യമായി നടക്കുന്നുണ്ടെന്നും സ്റ്റിയറിംഗ് കമ്മിറ്റി ഉറപ്പ് വരുത്തുന്നുണ്ട്.
വാര്‍ഡ് തലത്തിലും പാഞ്ചായത്ത് തലത്തിലും വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെതുവരുന്നു. ഓരോ വാര്‍ഡുകളിലും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഫോട്ടോ സഹിതമുള്ള റിപ്പോര്‍ട്ടുകള്‍ തത്സമയം ലഭ്യമാകുന്നതിനും അവിടങ്ങളിലെ ആവശ്യങ്ങള്‍ താമസംവിനാ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനും വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ സഹായകമായി.
സെന്‍ട്രല്‍ യൂനിവേര്സിറ്റിയില് പ്രവര്‍ത്തിക്കുന്ന കൊറോണ ലാബിലെ ജീവനക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കൃഷി വകുപ്പ് മുഖേന ലഭ്യമായ പച്ചക്കറി തൈകള്‍ വിതരണം നടത്തുന്നതിന് പഞ്ചായത്ത് വാഹനം വിട്ട് നല്കി. പഞ്ചായതങ്ങങ്ങളുടെ സഹകരണത്തോടെ പച്ചക്കറി തൈകള്‍ സമയബന്ധിതമായ് വിതരണം ചെയ്യന്നതിനു സാധിച്ചു.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് നല്കിയ ധാന്യ കിറ്റ്, പട്ടിക വര്‍ഗ്ഗ വകുപ്പില്‍ നിന്നും ലഭ്യമായ കിറ്റുകള്‍, റിലയന്‍സ് ഫൌണ്ടേഷന് ലഭ്യമാക്കിയ കിറ്റുകള്‍ എന്നിവ ആക്ഷേപങ്ങള്‍ക്കിട നല്‍കാതെ അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായ് വിതരണം ചെയ്തു. കമ്മ്യൂണിറ്റി കിച്ചനുമായ് ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മോണിട്ടറിംഗ് സമിതി കൂടി ദിവസവും വിലയിരുത്തി വരുന്നു. കമ്മ്യൂണിറ്റി കിച്ചന്റെ സുഗമമായ പ്രവര്‍ത്തനത്തിനായ് പഞ്ചായത്തംഗങ്ങള്‍, ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ട “Community Kitchen” എന്ന പേരില്‍ ‘Whats app’ കൂട്ടായ്മ രൂപീകരിച്ചു. ഓരോ ദിവസവും വിവിധ വാര്‍ഡുകളില്‍ ആവശ്യമായ ഭക്ഷണങ്ങളുടെ വിവരങ്ങള്‍ പ്രസ്തുത ‘Whats app’ ഗ്രൂപ്പ് മുഖേന എളുപ്പത്തില്‍ ശേഖരിക്കുന്നതിന് സാധിക്കുന്നു.
സാമൂഹ്യ അടുക്കളയിലേക്ക് പണമായും സാധനങ്ങളായും ഉദാരമതികളായ പൊതുജനങ്ങളില്‍ നിന്നും സംഭാവനകള്‍ ലഭിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന സംഭാവനകള്‍ കൃത്യമായി അക്കൌണ്ടിംഗ് നടത്തി രേഖപ്പെടുത്തി സൂക്ഷിക്കുന്നു.
പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തില്‍ 790 അന്യസംസ്ഥാന തൊഴിലാളികളെ ഇതിനകം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആയതില്‍ 170 പേരൊഴികെ മറ്റുള്ളവര്‍ക്ക് അവരവരുടെ കരാറുകാരുടെ പക്കല്‍ നിന്നും തന്നെ ഭക്ഷണ സാധനങ്ങളും മറ്റ് സൌകര്യങ്ങളും ലഭ്യമാക്കുന്നതിന് ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. 170 പേര്‍ക്ക് നാളിതുവരെ ഭക്ഷണം ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ മുഴുവനാളുകള്‍ക്കും പഞ്ചായത്ത് സമാഹരിച്ചതില്‍ നിന്നും 2 Kg വീതം അരിയും മറ്റ് ധാന്യങ്ങളും എത്തിച്ചു നല്കി. കൂടാതെ പഞ്ചായത്തിലെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഭക്ഷ്യ ധാന്യ കിറ്റുകള്‍ എത്തിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്.
എല്ലാ അന്യസംസ്ഥാന തൊഴിലാളികളുടെയും താമസ സ്ഥലത്തേക്ക് പഞ്ചായത്ത് ജീവനക്കാരും, ആരോഗ്യ വകുപ്പ് ജീവനക്കാരും മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ സന്ദര്‍ശനം നടത്തി ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുകയും ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുകയും ചെയ്തു വരുന്നു.
എല്ലാ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കോളനികളിലും ജാഗ്രത സമിതി അംഗങ്ങള്‍ക്ക് പുറമേ പഞ്ചായത്ത് ജീവനക്കാരും എസ്.സി., എസ്.ടി പ്രൊമോട്ടര്‍മാരും സന്ദര്‍ശനം നടത്തി ശുചിത്വം ഉറപ്പ് വരുത്തുകയും ഭക്ഷണം, മരുന്ന്, കുടിവെള്ളം എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ട്. ഗ്രാമപഞ്ചായത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങളിലെന്ന പോലെ തന്നെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാളിതുവരെ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചതിന് പിന്നിലും വ്യക്തമായ ദിശാബോധം നല്കി മുന്നില്‍ നിന്ന് നയിച്ച സെക്രട്ടറിയോടൊപ്പം എണ്ണയിട്ട യന്ത്രങ്ങള്‍ പോലെ പ്രവര്‍ത്തിച്ച ജീവനക്കാരാണ്.
ദൂരെ നിന്നും വരുന്ന വനിതാ ജീവനക്കാരടക്കം പലപ്പോഴായി ഒഫീസിലെത്തുകയും അല്ലാത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് റിപ്പോര്‍ട്ടുകള്‍ തയാറാക്കുകയോ ആയതിനുള്ള വിവരങ്ങള്‍ ഫോണ്‍ മുഖേന വിവിധ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ചു ഓഫീസിലുള്ളവര്‍ക്ക് എത്തിച്ചു നല്‍കുകയോ ചെയ്തിട്ടുണ്ട്.
കൊറോണ പ്രതിരോധവുമായ് ബന്ധപ്പെട്ട നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുവേ തൃപ്തികരമാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലും വ്യക്തമായ ആസൂത്രണത്തോടെ മുന്നോട്ട് പോകാന്‍ കഴിയുമെന്നും ഈ മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു.
Go team p.Peria with all its spirit
ReplyDelete