ലോക മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് കോവിഡ് 19 ഭീകരമായി താണ്ഡവമാടുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിനായി പഞ്ചായത്ത് തല പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്ത് വരികയാണ് കാസർകോട് ജില്ലയിലെ അതിർത്തി പഞ്ചായത്തായ എൻമകജെ ഗ്രാമപഞ്ചായത്ത്.
ഇതിനായി പഞ്ചായത്ത് കാര്യാലയം അവധിയില്ലാതെ തുറന്നു പ്രവർത്തിക്കുന്നു. കേരളത്തിൽ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ സ്ഥിരീകരിക്കപ്പെട്ട ജില്ല കാസർകോട് എന്നിരിക്കെ, പഞ്ചായത്തിൽ ഇതുവരെ കോവിഡ് സ്ഥിരീകരിക്കാത്തത് ജനങ്ങളിൽ ആശ്വാസം പകരുന്നുണ്ട്, എങ്കിലും വേണ്ട സുരക്ഷാ കാര്യങ്ങൾക്ക് ജനങ്ങൾ പൂർണ്ണമായും സഹകരിച്ചു വരുന്നു.
പഞ്ചായത്ത് പരിധിയിൽ ആകെ 301 ആളുകളാണ് വിദേശ രാജ്യങ്ങളിൽ നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ. അവരെ കൃത്യമായി ബന്ധപ്പെടുകയും കൊറോണ വൈറസിനെ പറ്റി വിശദമായി ബോധവത്കരണം നടത്തുകയും ചെയ്തു. ആരോഗ്യ പ്രവർത്തകരുടെ നിർദേശം അനുസരിച്ചു അവർക്ക് കൃത്യമായ നിരീക്ഷണം ഏർപ്പെടുത്തുകയും ഐസോലേഷനിൽ പാർപ്പിക്കുയും ചെയ്തു. ഇതുമായി വിദേശത്ത് നിന്ന് വന്നവർ പൂർണ്ണമായും സഹകരിക്കുകയാണുണ്ടായത്. ഇതിൽ 4 പേര് സർക്കാർ നിർദ്ദേശ പ്രകാരം പഞ്ചായത്ത് ഒരുക്കിയ കൊറോണ കെയർ സെന്ററിലാണ് ഐസോലേഷനിൽ കഴിയുന്നത്.
ബഹു.മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സംയുക്തമായി നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തന വിഡിയോ കോൺഫറൻസിനു ശേഷം
ഭരണ സമിതി യോഗം ചേരുകയും ഉടൻ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കോവിഡിനെ തുരത്താൻ വേണ്ട സുരക്ഷാ മുൻകരുതൽ ശക്തമാക്കുകയും ജനങ്ങൾക്ക് ബോധവത്കരണ പ്രവർത്തനങ്ങൾക്ക് വാർഡ് തല ജാഗ്രതാ സമിതകൾ രൂപീകരിക്കുകയും ചെയ്തു. അവരുടെയും ആരോഗ്യ വിഭാഗത്തിൻ്റെയും സഹായത്തോടെ വ്യക്തി ശുചിത്വവും, സാമൂഹിക അകലവും, കൈകഴുകലിൻ്റെ ആവശ്യകതയും ജനങ്ങളിലേക്ക് എത്തിക്കാനായി. ഇതുമായി ബന്ധപ്പെട്ട ഒരു ലഘു ലേഖ മലയാളം, കന്നഡ ഭാഷകളിൽ തയ്യാറാക്കി വിതരണം ചെയ്യുകയും ചെയ്തു. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ, മറ്റു സ്ഥാപനങ്ങളിൽ ബ്രേക്ക് ദി ചെയിൻ ക്യാംപെയിന്റെ ഭാഗമായി ഹാൻഡ് വാഷ് സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.
പഞ്ചായത്തിലെ പെർള പി എച്ച് സി യുടെ അടുത്തുള്ള എൻഡോസൾഫാൻ റിഹാബിലിറ്റേഷൻ സെന്ററിന് വേണ്ടി നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിലാണ് കൊറോണ ഹെയർ സെന്റർ 2 ദിവസം കൊണ്ട് ഒരുക്കിയിട്ടുള്ളത്. 10 പേർക്കുള്ള ബെഡ്ഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഭരണരസമിതി അംഗങ്ങളുടെയും സന്നദ്ധപ്രവർത്തകരു ടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഒരുക്കിയത്.
മാർച്ച് 29 തീയതിയോടെ എൻമകജെ ഗ്രാമ പഞ്ചായത്തിലെ കമ്മ്യുണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിക്കുകയും വാർഡ് തല ജാഗ്രത സമിതിയുടെ സഹായത്തോടെ ഭക്ഷണം അവശ്യമുള്ളവരുടെ പട്ടികയുണ്ടാക്കി രണ്ടായിരത്തോളം ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധ സംഘം, പഞ്ചായത്ത് ജീവനക്കാർ, ആശാ വർക്കർമാർ എന്നിവരുടെ കൂട്ടായ പ്രവർത്തനം കമ്യൂണിറ്റി കിച്ചണിൻ്റെ സഹായത്തിനുണ്ട്. കമ്മ്യുണിറ്റി കിച്ചണിലേക്ക് ആവശ്യമായ പച്ചക്കറികളും മറ്റു വിഭവങ്ങളും സംഭാവനയായി ലഭിക്കുന്നത് ആശ്വാസകരമാകുന്നു.
എൻമകജെ ഗ്രാമപഞ്ചായത്ത് കർണാടക അതിർത്തി പഞ്ചായത്ത് ആയതിനാൽ, കർണാടക അതിർത്തി അടച്ചത് മൂലം പഞ്ചായത്തിലെ പല വാർഡുകളിലും ജനങ്ങൾക്ക് അവശ്യ സാധനങ്ങളും മരുന്നുകളും ഉൾപ്പെടെയുള്ളത് വാങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ട്. അവർക്ക് വേണ്ട സഹായ സഹകരണങ്ങൾ ചെയ്തു വരുന്നു.
ചെക്ക് പോസ്റ്റ് തുറന്നുകൊടുക്കാത്തതുമൂലം സായ , ചവർക്കാട്, എന്നീ വാർഡുകളിലെ റേഷൻ കാർഡുടമകൾക്ക് അടുക്കസ്ഥല റേഷൻ ഷോപ്പിൽ നിന്നം അരി വാങ്ങി വീട്ടിലെത്താൻ പ്രയാസമാണെന്നറിഞ്ഞപ്പോൾ ചവർക്കാട് കമ്യൂണിറ്റി ഹാളിൽ വെച്ച് അരി വിതരണത്തിന് ബദൽ സംവിധാനമൊരുക്കി അരി വിതരണം ചെയ്തു. പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരും, സെക്രട്ടറിയും, വാർഡ് മെമ്പർമാർമാരും സ്ഥലത്ത് എത്തി വിതരണത്തിന് മേൽനോട്ടം വഹിച്ചു.
ഏതു അത്യാവശ്യ ചികിത്സാ ഘട്ടത്തിലും പഞ്ചായത്ത് എൻഡോസൾഫാൻ ആംബുലൻസ് സേവനത്തിന് സജ്ജമായിട്ടുണ്ട്.
എൻഡോസൾഫാൻ ബാധിതർ, അതിഥി തൊഴിലാളികൾ, എസ് സി /എസ്ടി വിഭാഗങ്ങളിലെ ആളുകൾ , അവശത അനുഭവിക്കുന്നവർ, തനിച്ചു താമസിക്കുന്ന വൃദ്ധന്മാർ അടക്കമുള്ളവരുടെ വിവരങ്ങൾ അപ്പപ്പോൾ അറിയുകയും നിരന്തരം അവരെ ബന്ധപ്പെട്ട് ആവശ്യമായവ ചെയ്തു കൊടുക്കുകയും ചെയ്തു വരുന്നു.
ആരോഗ്യ വിഭാഗം പ്രവർത്തകർ, പഞ്ചായത്ത് സെക്രട്ടറി, ഹെഡ് ക്ലാർക്ക്, സീനിയർ ക്ലാർക്ക്, ടെക്നിക്കൽ അസിസ്റ്റൻ്റ്, NREGA സ്റ്റാഫ്, ഡ്രൈവർ എന്നിവരടങ്ങിയ സംഘം അവധിയില്ലാതെ കോവിഡ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ഈ മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ഉത്തരവാദിത്തബോധത്തോട് കൂടി പഞ്ചായത്ത് ഒന്നടങ്കം പ്രവർത്തിച്ചു വരുന്നു.
ഈ ദുരന്തത്തെ അതിജീവിക്കാനുള്ള കരുത്ത് നമുക്കുണ്ട് എന്ന ധൈര്യം കൂടുതൽ ആത്മാർത്ഥതയോടെ സേവനം ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു.
Good write up.
ReplyDelete