ലോക്ക് ഡൌൺ ആയതോടെ സാന്ദ്രതയേറിയ ഉപ്പള ടൌണിൽ ഉയർന്നു വന്ന ഒരു പ്രശ്നം തമിഴ്നാട് ,ആന്ധ്ര പ്രദേശ് , കർണ്ണാടക എന്നവിടങ്ങളിലെ യാചക വൃത്തിയിലേർപ്പെട്ടവരെ ബന്ധപ്പെട്ടായിരുന്നു.
ബസ്റ്റാൻറും റെയിൽവെ സ്റ്റേഷനും ഒഴിഞ്ഞപ്പോൾ അവർ ഒറ്റപ്പെട്ടു.
നിരാലമ്പരും നിരാശ്രയരുമായ ഇവർക്ക് പോകാൻ വഴിയില്ല.പുറത്തിറങ്ങാൻ വയ്യ.ആഹാരത്തിന് വകയില്ല.അവർ പരസ്പരം പരിഭവം പറഞ്ഞു.കലഹിച്ചു.പുറത്തെന്താണെന്ന് സംഭവിക്കുന്നതെന്ന് അവരറിഞ്ഞില്ല.കൊറോണയാണെന്നോ മഹാമാരിയെന്നോ അവർക്കറിയില്ല.അവർക്ക് തലചായ്ക്കാനൊരിടം വേണം.അരവയർ നറയ്ക്കാൻ അൽപ്പം ആഹാരം വേണം.
നിതാന്ത ജാഗ്രത പുലർത്തിയിരുന്ന പഞ്ചായത്തിൻ്റെ ശ്രദ്ധയിൽ വിവരമെത്തി.പഞ്ചായത്ത് പ്രസിഡണ്ടിൻറെ നേതൃത്ത്വത്തിൽ കൃത്യം ഇരുപത്തിയെട്ടുപേരെ രണ്ടു വാഹനങ്ങളിലായി ഉപ്പള സർക്കാർ പ്രൈമറി സ്കൂളിൽ എത്തിച്ചു.അവരവിടെ പുതിയ ഒരു ലോകത്ത് താമസിച്ചു വരികയാണ്.
മെഡിക്കലാഫീസർ ഡോ. രാജ്മോഹൻ മെഡിക്കൽ പരിശോധന നടത്തി.
ഗുരുതരാവസ്ഥയിലായ ഒരാളെ പ്രത്യേക ആമ്പുലൻസിൽ ജില്ലാആശുപത്രിയിൽ കൊണ്ടുപോയി അടിയന്തിര ചികിത്സ നൽകി.സുഖം പ്രാപിച്ച ശേഷം അയാൾ വീണ്ടും ക്യാമ്പിലേയ്ക്കു തന്നെ തിരിച്ചെത്തിയിട്ടുണ്ട്.
രണ്ടു നേരം ഭക്ഷണവും സുരക്ഷാസാധനങ്ങളും പഞ്ചായത്ത് നൽകിവരുന്നു.
കരുതലിൻ്റെ പുതിയ അദ്ധ്യായം രചിച്ചുകൊണ്ടിരിക്കുകയാണ് മംഗൽപാടി ഗ്രാമ പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും.
No comments:
Post a Comment