കേരള സര്‍ക്കാര്‍*
*മുഖ്യമന്ത്രിയുടെ ഓഫീസ്*
*വാര്‍ത്താകുറിപ്പ്*
*തീയതി: 17-04-2020*
------------------------------
*മഴക്കാലപൂര്‍വ്വ ശുചീകരണം*
*ഊര്‍ജിതമായി നടത്തണം -* *മുഖ്യമന്ത്രി*
കോവിഡ്-19 മാനദണ്ഡങ്ങള്‍ക്കകത്തു നിന്ന് മഴക്കാലപൂര്‍വ്വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാറ്റിവെക്കാന്‍ കഴിയാത്ത പ്രവര്‍ത്തനമാണ് മഴക്കാലപൂര്‍വ്വ ശുചീകരണം. മഴക്കാലത്ത് സാധാരണ പലതരം പനിയും പകര്‍ച്ചവ്യാധികളും മറ്റ് അസുഖങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. വീടും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇടപെടണമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. വീടുകള്‍ സ്വന്തമായി വൃത്തിയാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രോത്സാഹനം നല്‍കണം. ഹോട്സ്പോട്ട് ജില്ലകളിലും വീടും പരിസരവും വൃത്തിയാക്കാനാകണം.
പൊതുസ്ഥലങ്ങളും കെട്ടിടങ്ങളും ഓഫീസുകളും ഒരു ദിവസം ശുചീകരണം നടത്തണം. നിശ്ചിത അകലം പാലിച്ച് അഞ്ചില്‍ കൂടുതലല്ലാതെ ആളുകളെ ഉപയോഗിച്ച് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ ആലോചിക്കണം. വെള്ളക്കെട്ട് ഉണ്ടാകാതെ ശ്രദ്ധിക്കണം. ഖരമാലിന്യങ്ങള്‍ ഓടകളിലും അഴുക്കുചാലുകളിലും നിക്ഷേപിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ഇത്തരം സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്ത് പ്രാദേശികമായി സംസ്കരിക്കാന്‍ സംവിധാനം ഉണ്ടാക്കണം. ആവശ്യമായ ബോധവല്‍ക്കരണവും ഇക്കാര്യത്തില്‍ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുളങ്ങളും, തോടുകളും വൃത്തിയാക്കണം. ഹരിതകര്‍മസേന, സാമൂഹ്യസന്നദ്ധ സേന എന്നിവയുടെ ഏകോപന പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടാകണം. അതിഥിതൊഴിലാളികളെ കൂടി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണം. ഏതെങ്കിലും തരത്തിലുള്ള പനി വന്നാല്‍ സ്വയംചികിത്സ പാടില്ല. നിര്‍ബന്ധമായും ഡോക്ടറെ കാണണം.
തദ്ദേശ സ്ഥാപന അതിര്‍ത്തിയിലെ എല്ലാ റോഡുകളും നല്ല റോഡുകളാക്കി മാറ്റാന്‍ തീവ്രയത്ന പരിപാടി എത്രയും പെട്ടെന്ന് ആരംഭിക്കും. കുടിവെളളം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം.
ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എന്‍1 എന്നിവ വരാതിരിക്കാന്‍ പരിസര ശുചീകരണം പ്രധാനമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോളറ, മഞ്ഞപ്പിത്തം എന്നിവക്കെതിരെയും ജാഗ്രത വേണം. നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളിലെ കൊതുക് നിര്‍മാര്‍ജനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
കാട്ടിലെ മൃഗങ്ങൾക്ക് വെള്ളം കൊടുക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു.
മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ടി.പി. രാമകൃഷ്ണന്‍, ജെ. മേഴ്സിക്കുട്ടിയമ്മ, പ്രൊഫ. സി. രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, റവന്യൂ വകുപ്പ് പിന്‍സിപ്പല്‍ സെക്രട്ടറി വി. വേണു, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
No comments:
Post a Comment