Tuesday, May 19, 2020

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും


കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ ഏറെ ഗൌരവതരമായി ചർച്ചചെയ്യപ്പെട്ട വിഷയമാണ് കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും.രാജ്യാന്തര ഉച്ചകോടികളിൽ ചൂടുള്ള ചർച്ചകൾക്ക് വിധേയമാകാറുണ്ടെങ്കിലും ചർച്ചകൾ സമൂഹത്തിൻ്റെ അടിത്തട്ടിലേയ്ക്ക് ഇനിയും വ്യാപിച്ചിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യുമ്പോൾ ഈ വിഷയത്തെ നമുക്ക് മാറ്റി നിർത്താൻ കഴിയില്ല.പല പ്രകൃതി ദുരന്തങ്ങളും ഈ രണ്ടു പ്രതിഭാസങ്ങളുടെ ബാക്കിപത്രമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

കാലാവസ്ഥ അടിക്കടി മാറിക്കൊണ്ടിരിക്കുന്നുണ്ട് എന്നാൽ ദീർഘകാലത്തെ മാറ്റങ്ങളെത്തുടർന്ന് കാലാവസ്ഥയ്ക്കുണ്ടാകുന്ന സ്ഥിരമായ മാറ്റമാണ് കാലാവസ്ഥാ വ്യതിയാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

ഭൂമിയുടെ താപനില,മഴയുടെ ദൈർഘ്യം,മഴയില്ലാത്ത ദിനങ്ങളുടെ ആധിക്യം,വേനൽ മഴയുടെ കുറവ്,മഴയുടെ പ്രവചനാതീതമായ സാന്നിദ്ധ്യം,വരൾച്ച,ഉഷ്ണം എന്നിങ്ങനെ നമ്മുടെ കാലവസ്ഥയിൽ കാണുന്ന പ്രകടമായ പലമാറ്റങ്ങളുമുണ്ട്.വർദ്ധിച്ചു വരുന്ന ജനസാന്ദ്രതയും,വിഭവ ചൂഷണവും,പ്രകൃതി വിരുദ്ധമായ പ്രവർത്തനങ്ങളുമൊക്കെ ഇതിന് കാരകങ്ങളായി പറയുന്നുണ്ടെങ്കിലും ആഗോള താപനം എന്ന പ്രതിഭാസം അങ്ങേയറ്റം പ്രസക്തമാണ്.

ഭുമിയിലെ വർദ്ധിച്ചു വരുന്ന താപം നമുക്ക് അനുഭവവേദ്യമാകുന്ന പ്രതിഭാസം തന്നെയാണ്.ഓരോ വർഷവും കൂടിവരുന്ന ചൂട് വളരെയധികം ആശങ്കഉയർത്തുന്നു.ഇത് നമ്മുടെ ദൈനം ദിന ജീവിതത്തിന് തടസ്സമാണന്നതിലുപരി ഭൌമാന്തരീക്ഷത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾക്ക് കാരണമാകുന്നു.

ചൂടു കൂടുമ്പോൾ മഞ്ഞുമലകൾ ഉരുകുന്നു.സമുദ്ര നിരപ്പ് ഉയരുന്നു.കൂടുതൽ ജലം ബാഷ്പമാകുന്നു,അതിവർഷമുണ്ടാകുന്നു,അത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു.ഉഷ്ണത്തിൻ്റെ ഉയർച്ച താഴ്ചകൾ അന്തരീക്ഷത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ ചെറുതല്ല അത് കാറ്റിൻ്റെ ഗതിവേഗത്തെ നിയന്ത്രിക്കുന്നു,കൊടുങ്കാറ്റ് ചുഴലികൊടുംകാറ്റ് എന്നിവയ്ക്ക് കാരണമാകുന്നു.

ഇതിലെല്ലാമുപരി പ്രവചനാതീതമായ കാലാവസ്ഥ മനുഷ്യ ജീവിതത്തിൻ്റെ കണക്കു കൂട്ടലുകൾ തെറ്റിക്കുന്നു.തീരപ്രദേശങ്ങൾ കൊടുംങ്കാറ്റും കടലാക്രമണത്തിനും എപ്പോൾ വേണമെങ്കിലും വിധേയമായേക്കാം.മഴയുടെ സാദ്ധ്യത മുൻകൂട്ടികണ്ടില്ലെങ്കിൽ അത് പ്രളയത്തിന് വഴിതെളിക്കുന്നു.ഇതൊക്കെ നമുക്ക് മുമ്പിലുള്ള ദുരന്ത സാദ്ധ്യതകളിലേയ്ക്ക് വിരൽ ചൂണ്ടുന്നു.

No comments:

Post a Comment