Tuesday, May 19, 2020

കോവിഡാനന്തരം - കവിത

ബിന്ദു കെ
ക്ലാർക്ക്
പള്ളിക്കര ഗ്രാമപഞ്ചായത്ത്
💥💥💥

അനന്തരം,
ചക്കയും മാങ്ങയും
കാക്കയും അണ്ണാനും ഭക്ഷിക്കും
നമ്മൾ വീണ്ടും
പിസ്സയും ബർഗറും ഭക്ഷിക്കും
അടുക്കളയിലെ രുചി ഭേദങ്ങൾ
അരുചികളായ് പരിണമിക്കും
അതിഥികൾ ബംഗാളികളും
ആതിഥേയർ മലയാളികളുമാകും
അമ്പലത്തിലും പള്ളിയിലും
ആൾക്കൂട്ടവും
ആരവവും നിറയും
ആചാര സംരക്ഷകർ
വീണ്ടുമെത്തും
നമ്മൾ മനുഷ്യർ
വീണ്ടും,
ഹിന്ദുവും മുസൽമാനും
ക്രിസ്ത്യാനിയുമാകും
ആൾദൈവങ്ങൾ
കച്ചവടപ്പുരകൾ
വീണ്ടും തുറക്കും
ഭക്തർ,
ലോക്ക് ഡൌണിലെ
പലിശയും ചേർത്ത്
ദൈവങ്ങളെ സന്തോഷിപ്പിക്കും
ചൈനയെയും  അമേരിക്കയെയും
താരതമ്യം ചെയ്തും,
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ
ഭാവിയെ കുറിച്ചാശങ്ക പൂണ്ടും
വലിയവരായ നമ്മൾ
ജാരക്കഥകളുടെ
സീരിയൽ കാഴ്ചയിൽ
മുഖം പൂഴ്ത്തി
വീണ്ടും ചെറിയവരാകും
സമയമെങ്ങനെ തീർക്കുമെന്ന്
വേവലാതിപ്പെട്ടവൻ
സമയത്തെങ്ങനെ തീർക്കുമെന്ന്
വേവലാതിപ്പെടും
അനന്തരം,
പണ്ടു പണ്ടൊരു
കോവിഡ് കാലത്ത്
ഞാനും നീയും
ജീവിച്ചിരുന്നെന്നും
കൈ കഴുകി
മാസ്ക് കെട്ടി
അതിജീവനത്തിൻ്റെ
പാട്ട് പാടിയെന്നും
കവിതയെഴുതിയെന്നും
ആരൊക്കെയോ
ആരോടൊക്കെയോ
ആവേശപ്പെടും

💥💥💥💥💥💥💥

10 comments:

  1. എത്ര പ്രളയങ്ങൾ വന്നാലും, മഹാമാരികൾ വന്നാലും മനുഷ്യൻ മാറാൻ പോകുന്നില്ല.... നല്ല കവിത...ഇഷ്ടമായി....

    ReplyDelete
  2. അനന്തരം കഥ പറയാൻ കൊറോണ തന്നെ വിചാരിക്കണം.

    ReplyDelete
  3. നന്നായിട്ടുണ്ട് ബിന്ദു.

    ReplyDelete