(Photo courtesy Sri Syamprasad CPCRI)
ഒന്നാംഭാഗം വായിക്കുന്നതിന് ക്ലിക്ക് ചെയ്യൂ .
രണ്ടാം ഭാഗം വായിക്കുന്നതിന് ക്ലിക്ക് ചെയ്യൂ .
ഒന്നാംഭാഗം വായിക്കുന്നതിന് ക്ലിക്ക് ചെയ്യൂ .
രണ്ടാം ഭാഗം വായിക്കുന്നതിന് ക്ലിക്ക് ചെയ്യൂ .
പ്രധാന സുഗന്ധ വിളയായ കുരുമുളകിൻ്റെ വിസ്തൃതി ജില്ലയിൽ നാൾക്കു നാൾ കുറഞ്ഞു വരികയാണ്.ഇപ്പോൾ ജില്ലയിൽ 2846 ഹെക്ടർ മാത്രമേ കുരുമുളക് കൃഷിയുള്ളു.വാട്ട രോഗം മൂലമുള്ള വിളനാശവും മറ്റു പല കാരണങ്ങൾ കൊണ്ടും ക്ഷയിച്ചു കൊണ്ടിരിക്കുന്ന കുരുമുളകു കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനായി തെങ്ങ്,കവുങ്ങ് തോട്ടങ്ങളിൽ കുരുമുളകിൻ്റെ മിശ്ര വിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ തയ്യറാക്കണം.ഒപ്പം സംയോജിത സസ്യ സംരക്ഷണത്തിനുള്ള സഹായങ്ങളും ലഭ്യമാക്കണം.
വിപണിയിലെ വിലത്തകർച്ച മൂലം റബ്ബർ കർഷകർ ദുരിതത്തിലാണ്.തെങ്ങ് കഴിഞ്ഞാൽ ജില്ലയിൽ കൂടുതൽ വിസ്തൃതിയിൽ കൃഷി ചെയ്യപ്പെടുന്ന വിളയാണ് റബ്ബർ.33920 ഹെക്ടർ സ്ഥലത്ത് ജില്ലയിൽ റബ്ബർ കൃഷിയുണ്ട്.റബ്ബറധിഷ്ഠിത വ്യവസായ സംരംഭങ്ങളുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികൾ റബ്ബർ കർഷകർക്ക് സഹായകമാവും.
ഔഷധസസ്യ കൃഷി,പുഷ്പ കൃഷി,വിപണി മൂല്യമുള്ള നൂതന വിളകളുടെ കൃഷി തുടങ്ങിയ മേഖലകളിലും തേനീച്ച വളർത്തൽ,കൂൺ കൃഷി എന്നിവ പോലെ അനുബന്ധ മേഖലകളിൽ വരുമാനം നേടുന്നതിനുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും ജില്ലയിലുണ്ടാവേണ്ടതുണ്ട്.
ആവശ്യത്തിന് കർഷക തൊഴിലാളികളെ കിട്ടാനില്ലാത്തതും ഉയർന്ന കൂലി നിരക്കും കർഷകർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്.അഗ്രോ സർവീസ് സെൻ്ററുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കി കാർഷിക യന്ത്രോപകരണങ്ങളുടെ ഉപയോഗം വ്യാപകമാക്കുക,വിദഗ്ധ തൊഴിലാളികളുടെസേവനംലഭ്യമാക്കുക 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം'തുടങ്ങിയ പരിപാടികളിൽ പരിശീലനം നേടിയിട്ടുള്ള തൊഴിലാളികളുടെ സേവനം കർഷകർക്ക് ലഭ്യമാക്കുക തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മണ്ണു -ജല സംരക്ഷണ പ്രവർത്തനങ്ങൾക്കു വേണ്ടി പാടത്തുംപറമ്പിലും തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തുക തുടങ്ങിയ സമീപനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നത് ഒരു പരിധി വരെ കർഷകർക്ക് സഹായകമാവും.
ജൈവ ജില്ലയായി പ്രഖ്യാപിച്ചു കൊണ്ട് 2012 മുതൽ കാസർകോട് ജില്ലയിൽ കൃഷി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.പക്ഷേ
ജൈവ വളം,ജൈവിക സസ്യ സംരക്ഷണ ഉപാധികൾ എന്നിവ ആവശ്യത്തിനുള്ള അളവിലും ഗുണമേന്മയിലും കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഇപ്പോഴും ഫലപ്രദമല്ല. നാടൻ കമ്പോസ്റ്റ്,മണ്ണിര കമ്പോസ്റ്റ് എന്നിവ തയ്യറാക്കുന്നതിന് സബ്‌സിഡി ലഭ്യമാക്കിയതാണ് ജൈവ കൃഷി പദ്ധതിയിലെ ഒരു പ്രധാന ഘടകം.
കോടോം-ബേളൂർ പോലെ അപൂർവ്വം ചില പഞ്ചായത്തുകൾ ട്രൈക്കോഡെർമ തുടങ്ങിയ ജൈവിക ഉപാധികൾ നിർമ്മിച്ചു വിപണനം നടത്തുന്നതിന് വനിതാ സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിലുള്ള സംരംഭം സി.പി.സി.ആർ ഐ യുടെ സാങ്കേതിക സഹായത്തോടെ തുടങ്ങിയിരുന്നുവെങ്കിലും അവയുടെ പ്രവർത്തനം ഒട്ടും കാര്യക്ഷമമല്ല.അതു കൊണ്ടു തന്നെ ഈ മേഖലയിൽ കർഷകർ ഏറെ ചൂഷണം ചെയ്യപ്പെടുന്നുണ്ട്.ഈ സാഹചര്യത്തിൽ ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ജൈവ കൃഷിക്കു വേണ്ട ഗുണമേന്മയുള്ള ജൈവ വളം, മറ്റ് ഉൽപ്പാദനോപാധികൾ എന്നിവ തയ്യാറാക്കി വിപണനം നടത്തുന്നതിനുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടതുണ്ട്.
വിവിധ വിളകളുടെ വിത്തുകളും തൈകളും ഉൽപാദിപ്പിച്ച് വിപണനം നടത്തുന്നതിനുള്ള സംരംഭങ്ങൾ കർഷക കൂട്ടായ്മകളുടെയും കുടുംബശ്രീ പോലുള്ള വനിതാ കൂട്ടായ്മകളുടെയും നേതൃത്വത്തിലും കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കണം.
സങ്കരയിനങ്ങളുൾപ്പെടെയുള്ള തെങ്ങിൻ തൈകൾ ഉൽപാദിപ്പിച്ച് വിപണനം നടത്തുന്നതിന് കേര കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ വികേന്ദ്രീകൃത കേര നഴ്‌സറികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇടപെടലുകൾക്കും ഏറെ സാദ്ധ്യതകളുണ്ട്.
ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിലൂടെ മൂല്യവർദ്ധനവ് കൈവരിക്കുക എന്ന സമീപനത്തിലൂടെ മാത്രമേ കാർഷിക മേഖലയിൽ വരുമാനം വർദ്ധിപ്പിക്കാൻ കഴിയൂ.അഗ്രോ പ്രോസസ്സിംഗ് സംരംഭങ്ങൾ കാസർഗോഡ് ജില്ലയിൽ അധികമൊന്നും പ്രവർത്തിക്കുന്നില്ല.ജില്ലയിൽക്കൃഷി ചെയ്യപ്പെടുന്ന വിവിധ വിളകളുടെ കാര്യത്തിൽ മുമ്പ് വിശദമാക്കിയതു പോലെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണനം നടത്തുന്നതിനുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ ജില്ലാപഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തുകൾക്കും വികേന്ദ്രീകൃതാസൂത്രണത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ കഴിയും.
വ്യക്തിഗത ആനുകൂല്യങ്ങൾ കർഷകർക്ക് വിതരണം ചെയ്യുന്നതിനുള്ള പദ്ധതികൾക്കു പകരം ജില്ലാപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും കർഷകാഭിവൃദ്ധിക്കു വേണ്ടിയുള്ള നിർമ്മിതികളും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും ഏറ്റെടുത്തു നടപ്പിലാക്കുന്നതിന് മുൻഗണന നൽകണം ജലസേചനം,മണ്ണു ജല സംരക്ഷണവും മഴവെള്ള കൊയ്ത്തും,കാർഷിക ജൈവ വൈവിധ്യം വിപുലപ്പെടുത്തൽ, ഉൽപ്പാദനോപാധികളുടെ നിർമ്മാണം, ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിലൂടെ മൂല്യവർദ്ധനവ് കൈവരിക്കുന്നതിനുള്ള സംരംഭങ്ങൾ, കാർഷികോല്പന്നങ്ങളുടെ സംഭരണം,വിപണനം എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കൽ,കാർഷിക മേഖലയിൽ കർഷക കൂട്ടായ്മകൾ പ്രോത്സാഹിപ്പിക്കൽ,കാർഷിക യന്ത്രവൽക്കരണം എന്നിങ്ങനെയുള്ള മേഖലകളിലെ ഇടപെടലുകൾക്ക് പ്രാമുഖ്യം വേണം.
വികേന്ദ്രീകൃതാസൂത്രണത്തിൻ്റെ ഭാഗമായുള്ള കാർഷിക വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ കർഷകർക്കും സംരംഭകർക്കും കർഷക കൂട്ടായ്മകൾക്കും ബന്ധപ്പെട്ട സാങ്കേതിക വിദ്യകളെക്കുറിച്ച് ആവശ്യമായ അറിവും നൈപുണ്യവും വേണ്ട സമയത്ത് ലഭ്യമാക്കുന്നതിനുള്ള വിജ്ഞാന വ്യാപന പ്രവർത്തനങ്ങളും സംഘടിപ്പിക്കേണ്ടതുണ്ട്.അതല്ലെങ്കിൽപദ്ധതി നടത്തിപ്പ് കേവലം ആനുകൂല്യ വിതരണമായി ചുരുങ്ങുകയും ഉദ്ദേശിച്ച ഗുണഫലം ലഭിക്കാതാവുകയും ചെയ്യും.കൃഷി ഭവനിലെ ഉദ്യോഗസ്ഥരുടെയും 'ആത്മ' പ്രോജക്ടിലെ സാങ്കേതിക പ്രവർത്തകരുടെടെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനം ഇതിന് ആവശ്യമാണ്.
കോവിഡ് 19 നെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാമെല്ലാവരും ഇപ്പോൾ അനുവർത്തിച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യ അകലം പാലിക്കൽ,ബ്രേക്ക് ദി ചെയിൻ,മുഖാവരണം ധരിക്കൽ എന്നിവയൊക്കെ പാടത്തും പറമ്പിലും, വിള സംസ്കരണ വിപണന കേന്ദ്രങ്ങളിലുമൊക്കെ ജോലി ചെയ്യുന്ന കർഷകർ,കർഷക തൊഴിലാളികൾ,സംരംഭകർ,സ്വയം സഹായ സംഘ അംഗങ്ങൾ തുടങ്ങി എല്ലാവരും കർശനമായി തുടരണം.പണിയായുധങ്ങളും കാർഷിക യന്ത്ര ഉപകരണങ്ങളുമെല്ലാം ഇടയ്ക്ക് അണുവിമുക്തമാക്കുകയും വേണം.കർഷകരുടെയും തൊഴിലാളികളുടെയും കൂട്ടായ പ്രവർത്തനങ്ങൾ കൃഷിയിൽ മുഖ്യമാണെങ്കിലും സാമൂഹ്യ അകലംപാലിക്കലും ആവശ്യമില്ലാതെ കൂട്ടം കൂടുന്നത് ഒഴിവാക്കലും തുടരുക തന്നെ ചെയ്യണം.
കോവിഡാനന്തര കാലത്ത് കാർഷിക മേഖലയിൽ സുസ്ഥിര വികസനം കൈവരിക്കുന്നതിനും ഭക്ഷ്യ-പോഷക സുരക്ഷ ശക്തമാക്കുന്നതിനും വരുമാന വർദ്ധനവിനും ഉതകുന്ന ഇടപെടലുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണ വികസന സമീപനത്തിൻ്റെ ഭാഗമായി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്.ശാസ്ത്രീയ സമീപനം ഇതിനായി അവലംബിക്കുകയും ഹ്രസ്വ കാല -ദീർഘ കാല പദ്ധതികൾ അതാത് പ്രദേശങ്ങളിലെ കാർഷിക പരിസ്ഥിതി സാഹചര്യങ്ങൾക്കനുസരിച്ചും മുൻഗണനാ ക്രമം നിശ്ചയിച്ചും ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടപ്പിലാക്കണം.
No comments:
Post a Comment