തമ്പാൻ സീനിയർ ക്ലാർക്ക് മഞ്ചേശ്വരം GP |
മനുഷ്യകുലമൊന്നായി ഞെട്ടി
വുഹാൻ, ഇറ്റലി ഫ്രാൻസ്...
ഇനിയെന്ത് ?
ഞെട്ടി വിറച്ചു നാം ആയിരം..പതിനായീരം
അക്കങ്ങൾ അങ്ങിനെ പെരുകീടുമ്പോൾ
അമ്പരന്നീടുന്നുമാനുഷർ.
ലോകയുദ്ധങ്ങൾ ഒന്നെന്നും രണ്ടെന്നും എണ്ണി തീർത്തവർ നമ്മൾ.
അണുബോംബിനാൽ തീർത്തത് ദശലക്ഷങ്ങളെ
അരനൂറ്റാണ്ടിനപ്പുറം.
യുദ്ധമിനി വൈറസുകളാലായിരിക്കുമെന്ന് മൊഴിഞ്ഞു അന്യോന്യം ലോകരാഷ്ട്രങ്ങൾ
ഞെട്ടിയില്ല അമ്പരന്നില്ലയന്ന് മാനുഷർ.
കാലചക്രം തിരിഞ്ഞു കദനങ്ങളാൽ കണ്ണീരൊഴുകി.
ആയൂധങ്ങളാൽ ഭയപ്പെടുത്തിയവർ ഇന്ന് വാതിലുകൾ കൊട്ടിയടച്ചു പരസ്പരം പഴിചാരുന്നു.
കോവിഡ് പുതിയപേരുവീണു. ഭീതിവിതച്ച് 'ചത്തു' വീണു പുഴുക്കളെപോലെ മനുഷ്യർ,
ദുഃഖമറിയിക്കാൻ ആരവങ്ങളില്ല,
ദു:ഖാർത്ഥരായി കണ്ഠമിടറി അനുശോചന പ്രവാഹമില്ല.
ആരും'തീ'പ്പെട്ടില്ല. അന്ത്യയാത്രയില്ല.
സംസ്കാരമില്ല..
കോവിഡിനാൽ മരിച്ച 'ദൈവദൂതന്മാരുടെ' ദേഹമടക്കാൻ
ആറടിമണ്ണു തേടി അലയേണ്ടി വന്നു.
കോളറ വസൂരിക്കാലം,
ചിരട്ടയിൽ ചാണകവെള്ളം നിറച്ചു വീട്ടുമുറ്റത്ത് വെച്ച കാലം മറന്നു .
തഴപ്പായയിൽ ദേഹം പൊതിഞ്ഞ്
വെളിമ്പ്രദേശങ്ങൾ തേടി പോയ
കോളറ വസൂരി മഹാമാരിക്കാലം മറന്നു നാം.
കാലചക്രം തിരിഞ്ഞു പിന്നെയും ശാസത്രം ജയിച്ചു.
വിശുദ്ധഗ്രന്ഥങ്ങൾ അടഞ്ഞുകിടക്കുന്നു.
വചനങ്ങളാൽ ആശ്വാസമേകുന്നവർ
തടവറകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്നു.
മനുഷ്യദൈവങ്ങൾ അപ്രത്യക്ഷരായി.
മനുഷ്യഗാഥകൾ പാടാൻ പാണന്മാർ വീണ്ടുംവരുമോ
വുഹാനിലെ തെരുവീഥികളിൽ പാടിയുണർത്താൻ.
മനുഷ്യാ നീ മണ്ണാകുന്നു. ഓർക്കുക നീ വെറും പുഴു!
യന്ത്രങ്ങൾ തീർത്തഗർത്തങ്ങളിൽ എണ്ണമറിയാതെ കുഴിച്ചുമൂടുന്നു സോദരരെ! അണുബോംബിനാൽ തീർത്ത ഭീകരഗർത്തങ്ങൾ ഇതിലുമെത്രഭേദം!
കാലങ്ങൾ എത്ര മാറിയിട്ടും
ആർത്തി മൂത്ത് കുലം മുടിക്കാൻ അലയുന്നു
ചുറ്റിലും മുതലാളിത്തം !
യന്ത്രങ്ങളാൽ തീർത്ത ഗർത്തങ്ങളിൽ
യന്ത്രകൈയാൽ വാരി പുണരുന്നു ശവങ്ങളെ
അന്ത്യചുംബനമില്ല,
അവസാന തുള്ളി വെള്ളമില്ല
മൺതരികൾ നുള്ളിയിടാനില്ല ബന്ധുജനം
അവർ'ഐസലോഷനിൽ' ചിലർ 'ക്വാറൻ്റയിനിൽ'
പരിചിതമല്ലാത്ത വാക്കുകൾ
മുത്തശ്ശിമാരുടെ നാവിൻ തുമ്പിലും തത്തികളിക്കുന്നു.
ഇഹലോകം ലോക് ഡൗണായി പട്ടിണി പൂത്തുലഞ്ഞു,
പട്ടിണിയാൽ അലറിക്കരഞ്ഞ കുഞ്ഞുങ്ങളെ
ഈ മഹാമാരിയെ ചെറുക്കാൻ കൊച്ചു കേരളം ഇമ്മിണിവലുതായി
ലോകത്തിൻ നിറുകയിൽ തിളങ്ങുന്നു താരകംപോലെ
ഒരുമയോടെ ഒന്നായി പൊരുതിടാം
കരുതലിൻ കരങ്ങളാൽ കാത്തിടാമീ വയോജനങ്ങളെ അമ്മമാരെ കുഞ്ഞുങ്ങളെ കാത്തിടാം കരതലങ്ങൾക്കിടയിൽ കണ്ണിമ ചിമ്മാതെ കാവൽ നിന്നിടാം ഒരു പുതു ലോകത്താനായി പൊരുതിടാം.
No comments:
Post a Comment